picture story

ചെറിയൊരു തീപ്പൊരി മതി വൻ ദുരന്തത്തിന്, പൊട്ടിത്തെറിക്കും വരെ കണ്ണടയ്ക്കുമോ?: ചാലയിൽ ദുരിത ക്യാംപ്

HIGHLIGHTS
  • ഇരുനില കെട്ടിടത്തിലും ഷീറ്റിട്ട ടെറസിലുമായി താമസിക്കുന്നത് നാനൂറോളം അതിഥി തൊഴിലാളികൾ
chala-labour-camp-1
ദുരന്തത്തിന് ക്ഷണക്കുറി... തിരുവനന്തപുരം നഗരമധ്യത്തിലെ ചാലത്തെരുവിൽ ഇരുനില കെട്ടിടത്തിനു മുകളിലെ ഷീറ്റിട്ട ടെറസിൽ അനധികൃതമായി പാർപ്പിച്ചിരിക്കുന്ന നാനൂറോളം അതിഥി തൊഴിലാളികൾ. ഇവരുടെ പാചകവും കുളിയും വിശ്രമവുമെല്ലാം വൃത്തിഹീനമായ ഈ സ്ഥലത്താണ്. കെട്ടിടത്തിലെ വായുസഞ്ചാരമില്ലാത്ത മുറികളിലും ഒട്ടേറെ പേരുണ്ട്. അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ഡസൻകണക്കിന് പാചകവാതക സിലിണ്ടറുകളും പരിതാപകരമായ സ്വിച്ച്, വൈദ്യുതി സംവിധാനങ്ങളും വലിയ അപകട സൂചനയാണ് നൽകുന്നത്. അശ്രദ്ധമായ ഒരു തീപ്പൊരി മതി, തൊട്ടടുത്തുള്ള കടകളും സ്ഥാപനങ്ങളും ഉൾപ്പെടെ ചാമ്പലാകും. കാര്യങ്ങൾ എല്ലാം അറിയാമെങ്കിലും പൊലീസും അഗ്നിശമന സേനയും ആരോഗ്യവിഭാഗവും നഗരസഭയും അലംഭാവം തുടരുകയാണ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

തിരുവനന്തപുരം∙ ഇവിടെ നിന്നുള്ള ചെറിയൊരു തീപ്പൊരി മതി, ചാലത്തെരുവ് നിന്നു കത്തി വെന്തു വെണ്ണീറാകാൻ. പൊലീസിനും അഗ്നി ശമനസേനയ്ക്കും നഗരസഭയ്ക്കും ഇതറിയാം. എന്നിട്ടും കുറ്റകരമായ മൗനം തുടരുന്നു. ചാല പ്രധാന തെരുവിലെ ‘െറയിൻബോ കോംപ്ലക്സ്’ എന്ന ഇരുനില കെട്ടിടത്തിനകത്തും ഷീറ്റിട്ട് എടുത്ത ടെറസിലുമായി അനധികൃതമായി പാർക്കുന്നത് നാനൂറോളം വരുന്ന അതിഥി തൊഴിലാളികൾ. 

chala-labour-camp-3
അതിഥി തൊഴിലാളികൾ കെട്ടിടത്തിലെ വായുസഞ്ചാരമില്ലാത്ത മുറികളിലെ പാചകം. നിരവധി പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഇൗ മുറി വലിയ അപടക സാധ്യത വർദ്ധിപ്പിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഒരു ദിവസം അന്തിയുറങ്ങുന്നതിന് തലയൊന്നിന് 100 രൂപ വാടക. മാസങ്ങളായി ഇങ്ങനെ കഴിയുന്നവരാണ് അധികം പേരും. ടെറസ് ഷീറ്റിട്ട് വലിയ ഹാളാക്കി മാറ്റിയിരിക്കുന്നിടത്താണ് അധികം പേരെയും കുത്തി നിറച്ചിരിക്കുന്നത്. നഗരസഭയിൽ നിന്നുള്ള അനുമതിയോ കെട്ടിട നമ്പറോ കൂടാതെയാണ് പ്രവർത്തനം. താഴെയുള്ള മുറികളിലും ഒട്ടേറെ താമസക്കാരുണ്ട്. 

chala-labour-camp-2
അതിഥി തൊഴിലാളികൾ കെട്ടിടത്തിലെ വായുസഞ്ചാരമില്ലാത്ത മുറികളിലെ പാചകം. നിരവധി പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഇൗ മുറി വലിയ അപടക സാധ്യത വർദ്ധിപ്പിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

താമസക്കാർ സംഘമായി തിരിഞ്ഞ് ഭക്ഷണം സ്വയം പാകപ്പെടുത്തി കഴിക്കുന്നു. ടെറസിലും അകത്തുള്ള മുറികളിലുമായി കണ്ടത് ഡസൻ കണക്കിന് പാചക വാതക കുറ്റികൾ. പലതും അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നത്. ഇവിടെ നിന്നുള്ള ഒരു തീപ്പൊരി മതിയാകും തലസ്ഥാന നഗരത്തെ ദാരുണമായ തീ പിടുത്തത്തിലേക്കു നയിക്കാൻ. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ തീ പിടുത്തം നിയന്ത്രിക്കുന്നതിന് അധികൃതർ ഏറെ പാടു പെട്ടിരുന്നു.  

chala-labour-camp-5
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, ചെരിപ്പു കടകൾ, സ്റ്റേഷനറി കടകൾ, മറ്റു ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തൊട്ടുചേർന്ന് നൂറു കണക്കിന് മറ്റു കടകളും സ്ഥാപനങ്ങളും. തീ പിടിച്ചാൽ തെരുവു മുഴുവൻ കത്തുന്നത് കാണേണ്ടിവരും. ഇടുങ്ങിയ റോഡിലൂടെ രക്ഷാപ്രവർത്തനത്തിനായി പെട്ടന്ന് ഇവിടെയെത്തുക ദുഷ്കരമാണ്. കെട്ടിടത്തിനകത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതും വെല്ലുവിളിയാണ്. ഇടുങ്ങിയ ഭാഗത്തു കൂടെയാണ് അകത്തു കയറാനും പുറത്തേക്ക് ഇറങ്ങാനും സംവിധാനമുള്ളത്.

ദയനീയം ഈ ജീവിതം

ചാള അട്ടിയിട്ട പോലെയാണ് മനുഷ്യരെ പാർപ്പിച്ചിരിക്കുന്നത്. തീർത്തും വൃത്തിഹീനമായ അന്തരീക്ഷം. ഹാളിന് ജനലുകളോ വെന്റിലേഷൻ സൗകര്യമോ ഇല്ല.  നൂറുകണക്കിന് ആളുകൾക്കായി വിരലിലെണ്ണാവുന്ന ശുചിമുറികൾ മാത്രം. ഭക്ഷണം പാകം ചെയ്യുന്നതും അഴുക്കു പാത്രങ്ങൾ കഴുകുന്നതും ഇവിടെ തന്നെ. ശുചിമുറിക്കും ആഹാരം പാകം ചെയ്യുന്ന സ്ഥലത്തിനുമിടയിൽ ഭിത്തിയോ മറകളോ ഇല്ല. 

chala-labour-camp-4
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

വസ്ത്രങ്ങൾ അലക്കുന്നതും ഉണക്കാനിടുന്നതും ഇവിടെ തന്നെ. അപകടകരമായ നിലയിലാണ് പാചകവാതകം കൈകാര്യം ചെയ്യുന്നത്. വില കുറഞ്ഞ നിലവാരമില്ലാത്ത അടുപ്പുകളാണ് ഉപയോഗിക്കുന്നത്. സ്വിച്ചുകളുടേയും വയറിങ് സംവിധാനത്തിന്റെയും നിലയും പരിതാപകരം. വൃത്തിയില്ലായ്മ രോഗങ്ങളിലേക്കും പകർച്ചവ്യാധികളിലേക്കും നയിക്കാനിടയുണ്ട്. ലഹരി പദാർഥങ്ങളുടെ ഉപയോഗവും പുകവലിയും മദ്യപാനവും പതിവാണെന്നും വ്യാപാരികൾ പറയുന്നു.

നിയമത്തിനും മേലെ ഉടമ

പൊലീസിനും അഗ്നി ശമനസേനയ്ക്കും കോർപറേഷൻ ആരോഗ്യ വിഭാഗത്തിനും സമീപത്തെ വ്യാപാരികൾ പലവട്ടം പരാതി നൽകി. തൊട്ടുപിന്നാലെ പൊലീസും അഗ്നിശമനസേനയും ആരോഗ്യവിഭാഗവുമെത്തി ‘പരിശോധന’ നടത്തി പോയതല്ലാതെ ഒരു നീക്കവും ഉണ്ടായില്ല. കെട്ടിട ഉടമയുടെ ‘പിടി’യാണ് നടപടിയില്ലാത്തതിനു പിന്നിലെന്നു പറയപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരും കാൽ കുത്തിയിട്ടില്ല. 

chala-labour-camp-4
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

∙ ‘അനധികൃതമായാണ് ആളുകളെ താമസിപ്പിച്ചിരിക്കുന്നതെന്ന് ആർക്കാണറിയാത്തത്? കാര്യങ്ങൾ പന്തിയല്ല. എന്തെങ്കിലും സംഭവിച്ചിട്ട് പരിതപിക്കുന്നതിൽ അർഥമില്ല. ഇക്കാര്യം കോർപറേഷൻ സെക്രട്ടറിയുടെ മുന്നിൽ പലവട്ടം ഉന്നയിച്ചെങ്കിലും ഇതുവരെ അനങ്ങാൻ കൂട്ടാക്കിയിട്ടില്ല.’ – സിമി ജ്യോതിഷ്, കൗൺസിലർ

English Summary: Chala rainbow complex labour camp

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS