ആർഎസ്എസിനായി കൂറുമാറ്റം: സിപിഎം സംസ്ഥാന നേതൃത്വം ഉടൻ ഇടപെടില്ല

e-chandrasekharan
ഇ.ചന്ദ്രശേഖരന്‍ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ സിപിഐയുടെ മുൻമന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ‌ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ള സാക്ഷികൾ പ്രതികളായ ആർ എസ്എസുകാർക്കു വേണ്ടി കൂറുമാറിയെന്ന ആക്ഷേപത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ഉടൻ ഇടപെടില്ല. സിപിഐ സംസ്ഥാന നേതൃത്വം ആ നിലയിൽ സമ്മർദം ഉയർത്തിയെന്ന വിലയിരുത്തലും സിപിഎമ്മിനില്ല.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പി‍ൽ കാഞ്ഞങ്ങാട്ട് ചന്ദ്രശേഖരൻ വിജയിച്ച ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ ആക്രമണത്തിൽ പ്രതികളായ 12 ആർഎസ്എസ്–ബിജെപി പ്രവർത്തകരെയാണ് കോടതി വിട്ടയച്ചത്.

സാക്ഷികൾ കൂറുമാറിയതാണ് പ്രതികളെ വിട്ടയയ്ക്കാൻ കാരണമായതെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന നേതൃത്വം പ്രശ്നത്തിൽ ഇടപെടണമെന്നു സിപിഐ നേതാവ് കെ.പ്രകാശ് ബാബു ആവശ്യപ്പെടുകയും ചെയ്തു.   

പൊലീസ് തന്നെ ചില പ്രതികളുടെ പേരുകൾ പറഞ്ഞ് സിപിഎമ്മുകാരുടെ മൊഴിയായി രേഖപ്പെടുത്തിയതാകാമെന്നും പ്രതികളുടെ കാര്യത്തിൽ അവർക്ക് ഉറപ്പില്ലാത്തതു കൊണ്ടു പിന്നീട് കോടതിയിൽ മാറ്റിപ്പറഞ്ഞതാകാമെന്നുള്ള ന്യായമാണ് ചില സിപിഎം നേതാക്കളുടേത്.   മറിച്ചെന്തെങ്കിലുമുണ്ടെങ്കിൽ അതു കാസർകോട് തന്നെ പരിശോധിക്കട്ടെയെന്നാണ് നിലപാട്. 

മുന്നണി നേതാവിനെ കൈവിട്ട് ആർഎസ്എസിനു വേണ്ടി സിപിഎമ്മുകാർ കൂറുമാറി എന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കെ ഇക്കാര്യത്തിൽ എൽഡിഎഫിലുള്ള ഭിന്നത മുതലാക്കാൻ അവർ നോക്കും.

സിപിഐ നിയമസഭാകക്ഷി നേതാവും അസിസ്റ്റന്റ് സെക്രട്ടറിയും എൽഡിഎഫിൽ സിപിഐയെ പ്രതിനിധീകരിക്കുന്നയാളുമാണ് ചന്ദ്രശേഖരൻ. കേസിൽ സിപിഎം കാട്ടിയതു മര്യാദയല്ലെന്ന വികാരം സിപിഐയിൽ ശക്തമാണ്.

സാക്ഷികളായ സിപിഎമ്മുകാരുടെ മൊഴിമാറ്റം സിപിഐ ജില്ലാ, സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തു പ്രതിഷേധിച്ചില്ലെന്ന വികാരം ചന്ദ്രശേഖരനുണ്ട്.  കേസിന്റെ കാര്യത്തിൽ  ചന്ദ്രശേഖരൻ തന്നെ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്ന് ആരോപിക്കുന്നവരുമുണ്ട്. കാസർകോട്ടെ സിപിഎം, സിപിഐ നേതൃത്വത്തിലെ ഒരു വിഭാഗം അദ്ദേഹവുമായി നല്ല ബന്ധത്തിലല്ല.

പാർട്ടിയും മുന്നണിയും പരിശോധിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതെങ്കിലും സംസ്ഥാനതലത്തിൽ എൽഡിഎഫ് ചർച്ച ചെയ്യേണ്ട കാര്യമായി സിപിഎം കാണുന്നില്ല. സിപിഐയിൽ തന്നെയുള്ള ഭിന്നതയും സിപിഎം ചൂണ്ടിക്കാട്ടുന്നു.

കാനത്തിന്റെ വിശ്വസ്തനായ ചന്ദ്രശേഖരനു വേണ്ടി ആദ്യം രംഗത്തെത്തിയതും സിപിഎമ്മിനെ ചോദ്യം ചെയ്തതും കാനം വിരുദ്ധ വിഭാഗത്തിനു നേതൃത്വം നൽകുന്ന കെ.പ്രകാശ് ബാബുവാണ്. ദേശീയ നിർവാഹകസമിതി അംഗമായ പ്രകാശ് ബാബു കേരളത്തിൽ ഇടപെടുന്നതിന്റെ അസ്വസ്ഥതയാണ് കാനത്തിന്റെ പ്രതികരണത്തിൽ കണ്ടത്. മൂന്നിന് സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗം  വിഷയം ചർച്ച ചെയ്തേക്കും.

English Summary : CPM state committee not to interfere soon in E Chandrasekharan attack case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS