മൂന്നാർ ∙ കോളജിൽനിന്നു ഹോസ്റ്റലിലേക്കു നടന്നുപോയ വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് മുഖത്തു വെട്ടിപ്പരുക്കേൽപിച്ചു. കടന്നുകളഞ്ഞ യുവാവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
പഴയ മൂന്നാർ ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് സ്ഥാപനത്തിലെ ഒന്നാം വർഷ ടിടിസി വിദ്യാർഥിനി പാലക്കാട് കോഴിപ്പാറ സ്വദേശിനി ഇട്ടിയപ്പുറത്താർ എ.പ്രിൻസി(21)ക്കാണു വാക്കത്തി കൊണ്ടു വെട്ടേറ്റത്. പെൺകുട്ടി ടാറ്റാ ടീ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ അയൽവാസിയും സുഹൃത്തുമായിരുന്ന ആൽവിൻ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. നേരത്തേ സുഹൃത്തുക്കളായിരുന്നുവെന്നും എന്നാൽ, യുവാവിന്റെ സ്വഭാവദൂഷ്യം മൂലം സൗഹൃദത്തിൽനിന്നു പിന്മാറുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനു മൊഴി നൽകി.
ഇന്നലെ വൈകിട്ട് 5നു നല്ലതണ്ണി റോഡിലെ ഒറ്റപ്പെട്ട സ്ഥലത്തെ വളവിലാണു സംഭവം. ഇതുവഴി വാഹനത്തിലെത്തിയവരാണു വെട്ടേറ്റു രക്തത്തിൽ കുളിച്ചു പാതയോരത്തു കിടന്ന പെൺകുട്ടിയെ കണ്ടത്. കഴുത്തിനു മുകളിലായി ഇടതുചെവിയിലും കവിളിലുമാണു വെട്ടേറ്റത്.
English Summary: Student attacked by youth