ADVERTISEMENT

തിരുവനന്തപുരം∙ മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘർഷത്തെക്കുറിച്ചു വിദഗ്ധരെ ഉൾപ്പെടുത്തി ശാസ്ത്രീയ പഠനം നടത്തുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. പഠന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നത്തെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

കേന്ദ്ര നിയമങ്ങളുടെ പരിധിയിൽ നിന്നു കൊണ്ടു കഴിയാവുന്നതെല്ലാം വനംവകുപ്പ് ചെയ്യുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. കടുവകളെ പിടികൂടി റേഡിയോ കോളറിങ്ങിനു വിധേയമാക്കി പറമ്പിക്കുളം, പെരിയാർ കടുവ സങ്കേതങ്ങളിൽ കൊണ്ടു വിടാൻ നടപടി സ്വീകരിക്കും. കടുവകളുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച് അവയുടെ സ്ഥലം അറിയാനുള്ള സാങ്കേതിക വിദ്യയാണു റേഡിയോ കോളറിങ്. കഴിഞ്ഞ 5 വർഷത്തിനിടെ 637 പേരാണു വന്യജീവി ആക്രമണത്തിൽ മരിച്ചത്. വയനാട്ടിൽ കടുവകളുടെ എണ്ണം എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ആനകളുടെ എണ്ണവും എടുക്കും. വന്യമൃഗശല്യം മൂലം ഉണ്ടായ നാശനഷ്ടത്തിനു നഷ്ടപരിഹാരം നൽകാനുള്ള ചർച്ച ആരംഭിക്കും. ഇതുവരെ രണ്ടായിരത്തിലേറെ കാട്ടുപന്നികളെ കൊന്നു. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ മകന് വനം വകുപ്പിൽ ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.

വന്യമൃഗങ്ങൾ മനുഷ്യരെ കൊല്ലുന്നതു വരെ വനംവകുപ്പ് അനങ്ങുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു. വനംമന്ത്രി ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതേവരെ ഒന്നും ചെയ്യാതെ ഇനി വരാനിരിക്കുന്ന പഠനത്തിനായി സർക്കാർ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. വയനാട്, ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30 ലക്ഷത്തോളം പേർ വന്യജീവി ആക്രമണ ഭീതിയിലാണ്. കൃഷി നാശമുണ്ടാകുന്ന കർഷകർക്കു നഷ്ടപരിഹാരം നൽകുന്നില്ലെന്നും സതീശൻ ആരോപിച്ചു. കെ.പി.എ.മജീദ്, മോൻസ് ജോസഫ്, അനുപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.

English Summary :Will conduct scientific study to tackle wild animal attack says minister Ak Saseendran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com