തിരുവനന്തപുരം ∙ നഗരത്തിൽ രാത്രി ഫുട്ബോൾ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങുകയായിരുന്ന യുവതിക്കു നേരെ ആക്രമണം, പ്രതി പിടിയിൽ. ചൊവ്വ രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപമാണ് ആക്രമണമുണ്ടായത്. പ്രതി വിളവൂർക്കൽ കുരിശുമുട്ടം കെ.വി.നഗറിൽ എം.മനുവിനെ (29) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തെ ടർഫിൽ ഫുട്ബോൾ കളി കണ്ട് മടങ്ങുകയായിരുന്നു യുവതി. സുഹൃത്ത് ഓടിച്ച സൈക്കിളിനു പിന്നിലിരുന്ന് യാത്ര ചെയ്ത യുവതിയെ പിന്നാലെ ബൈക്കിലെത്തിയ മനു ആക്രമിക്കുകയായിരുന്നു. കനകക്കുന്ന് പ്രധാന ഗേറ്റിന് എതിർവശമെത്തിയപ്പോൾ പ്രതി യുവതിയെ കയറിപ്പിടിക്കുകയും മർദിക്കുകയും ചെയ്തു. തുടർന്ന് ബൈക്ക് നിർത്താതെ ഓടിച്ചു പോയി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കേസെടുത്ത പൊലീസ്, വാഹനത്തിന്റെ നമ്പർ കണ്ടെത്തിയിരുന്നു. തുടർന്നു സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പെയിന്റിങ് തൊഴിലാളിയായ മനു ആണ് പ്രതിയെന്നു തിരിച്ചറിഞ്ഞത്.
English Summary: Attack against lady in Thiruvananthapuram