ADVERTISEMENT

കണ്ണൂർ ∙ രണ്ടു ജീവൻരക്ഷാ കേന്ദ്രങ്ങൾക്കിടയിലാണ് ഇന്നലെ നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഒരു കുഞ്ഞുജീവനെ കാക്കാൻ ആശുപത്രിയിലേക്കുള്ള യാത്ര അവസാനിച്ചത് 3 ജീവനുകൾ പൊലിഞ്ഞ ദുരന്തത്തിലേക്ക് ആയിരുന്നു. ജില്ലാ ആശുപത്രിക്കും അഗ്നിരക്ഷാ കേന്ദ്രത്തിനുമിടയിലാണ് അപകടം ഉണ്ടായത്. സഹായത്തിനായി ഉടൻ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ആളിക്കത്തിയ തീയിൽ നിന്നു കാറിലുണ്ടായിരുന്ന രണ്ടു പേരെ രക്ഷിക്കാനായില്ല. രണ്ടാമത്തെ കുഞ്ഞിനായി പ്രസവവേദന അനുഭവിച്ചുകൊണ്ടിരുന്ന റീഷയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനുള്ള യാത്രയിലാണു ദുരന്തം ഉണ്ടായത്. 

അഗ്നിരക്ഷാ സേനയാണു പ്രജിത്തിനെയും റീഷയെയും ആശുപത്രിയിലേക്കു മാറ്റിയത്. കഴുത്തിലുണ്ടായിരുന്ന മാല വരെ കത്തിപ്പോയി എന്നാണ് ആശുപത്രി രേഖകളിൽ കാണുന്നത്. ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്ന പ്രജിത്താണു കാറിന്റെ പിൻവാതിൽ തുറക്കാൻ പിൻസീറ്റിൽ ഉള്ളവരെ സഹായിച്ചത്. അതേസമയം, മുൻവാതിലുകൾ തുറക്കാൻ കഴിഞ്ഞതുമില്ല.

പ്രഭാത് ജംക്‌ഷൻ പിന്നിട്ട് അഗ്നിരക്ഷാ സേനാ ഓഫിസും കടന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ ആണ് കാറിന്റെ മുൻഭാഗത്തു നിന്നു തീ ഉയർന്നത്. കാറിന്റെ മുൻ ഭാഗത്തെ സീറ്റിനടിയിൽ നിന്നു തീ ഉയരുന്നതും സീറ്റിൽ ഇരിക്കുന്ന പ്രജിത്തും റീഷയും ‘രക്ഷിക്കണേ...’ എന്നു നിലവിളിക്കുന്നതും കണ്ട വഴിയാത്രക്കാർ മുൻ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ലോക്ക് മാറ്റാനും സീറ്റ് ബെൽറ്റ് അഴിക്കാനും പുറത്തുള്ളവർ വിളിച്ചു പറഞ്ഞെങ്കിലും കഴിയുന്നില്ലെന്നായിരുന്നു നിസ്സഹായതയോടെ കാർ യാത്രികരുടെ മറുപടി. തീ അതിവേഗം പടർന്നതു രക്ഷാപ്രവർത്തനം ബുദ്ധിമുട്ടുള്ളതാക്കി. പിൻസീറ്റിൽ ഇരുന്നു കരയുന്ന മകൾ ശ്രീപാർവതി, റീഷയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. കാറിന്റെ എൻജിൻ ഭാഗങ്ങൾക്കോ ടയറിനോ പെട്രോൾ ടാങ്കിനോ തീ പിടിച്ചിട്ടില്ല. എന്നാൽ അകം മുഴുവൻ കത്തിനശിച്ചു.

നെഞ്ചുതകർന്ന്... കണ്ണൂരിൽ പ്രജിത്–റീഷ ദമ്പതികൾ സഞ്ചരിച്ച കാർ ആളിക്കത്തുമ്പോൾ കാറിൽ നിന്നു രക്ഷപ്പെട്ട വിശ്വനാഥനും ശോഭനയും റോഡരികിൽ പൊട്ടിക്കരഞ്ഞു സഹായം അഭ്യർഥിക്കുന്നു. (വിഡിയോ ദൃശ്യം)
നെഞ്ചുതകർന്ന്... കണ്ണൂരിൽ പ്രജിത്–റീഷ ദമ്പതികൾ സഞ്ചരിച്ച കാർ ആളിക്കത്തുമ്പോൾ കാറിൽ നിന്നു രക്ഷപ്പെട്ട വിശ്വനാഥനും ശോഭനയും റോഡരികിൽ പൊട്ടിക്കരഞ്ഞു സഹായം അഭ്യർഥിക്കുന്നു. (വിഡിയോ ദൃശ്യം)

നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി 2 മിനിറ്റിനകം അഗ്നിരക്ഷാസേനയും എത്തി. സേനാംഗങ്ങൾ ആണ് കാറിന്റെ ഡോർ പൊളിച്ചു പ്രജിത്തിനെയും റീഷയെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഒപ്പം കുടുംബാഗങ്ങളെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ ഇരുവരുടെയും പോസ്റ്റ്മാർട്ടം കഴിഞ്ഞ് മൃതദേഹങ്ങൾ ആദ്യം റീഷയുടെ വീട്ടിലെത്തിച്ചു. അപകടത്തിൽ നിന്നു രക്ഷപ്പെട്ട റീഷയുടെ മാതാപിതാക്കളായ വിശ്വനാഥനും ശോഭനയും റീഷയുടെയും പ്രജിത്തിന്റെയും മകൾ ശ്രീപാർവതിയും അന്തിമോപചാരം അർപ്പിക്കാൻ എത്തിയ രംഗം ഏറെ വികാരനിർഭരമായിരുന്നു. 

പ്രജിത്ത്–റീഷ ദമ്പതികളുടെ മകൾ ശ്രീപാർവതി ആശുപത്രിയിൽ 
പൊട്ടിക്കരയുന്നു.
പ്രജിത്ത്–റീഷ ദമ്പതികളുടെ മകൾ ശ്രീപാർവതി ആശുപത്രിയിൽ പൊട്ടിക്കരയുന്നു.

കാറിന് തീപിടിച്ചത് എങ്ങനെ?

മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പ്രാഥമിക നിഗമനങ്ങൾ

∙ സ്റ്റിയറിങ് ഭാഗത്തു ഷോർട് സർക്യൂട്ട് ഉണ്ടായി. ഇത്, കാറിനകത്തേക്കു പടർന്നു. 

∙ കാറിന്റെ പിറകു ഭാഗത്തു ക്യാമറ പുതിയതായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കാറിന്റെ ഇലക്ട്രിക് കണക്‌ഷനുകളിൽ വരുത്തിയ മാറ്റമായിരിക്കാം ഷോർട് സർക്യൂട്ടിനിടയാക്കിയത്.‍

∙ സ്റ്റിയറിങ്ങിനു പെട്ടെന്നു തീ പടർന്നിട്ടുണ്ടാകാം. 

∙ കാറിനകത്തെ സീറ്റുകളും മറ്റും പെട്ടെന്നു തീപിടിക്കുന്നവയാണ്. 

∙ പെട്ടെന്നു തീ പടരാൻ ഇടയാക്കും വിധം സാനിറ്റൈസറോ സുഗന്ധ ദ്രവ്യങ്ങളോ കാറിനകത്തുണ്ടായിരുന്നോയെന്നു, കാറിനകത്തു നിന്നു ശേഖരിച്ച സാംപിളുകളുടെ വിശദമായ പരിശോധനയിലേ വ്യക്തമാകൂ. 

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അധികച്ചൂട് മൂലമോ, ഇലക്ട്രിക് വയറിങ്ങിലെ പ്രശ്നങ്ങൾ നിമിത്തമോ ഫ്യൂസ് പൊട്ടും. എൻജിനിലോ അടിയിലോ ചിലപ്പോൾ തീയുണ്ടാകാം, മീറ്റർ കൺസോളിൽ എൻജിനിലെ താപനില ക്രമാതീതമായി കൂടുന്നതായി കാണിക്കുന്നുണ്ടെങ്കിൽ വാഹനം നിർത്തണം. ഇന്ധനം, ഓയിൽ, ഫ്ലൂയിഡ് തുടങ്ങിയവ പെട്ടെന്നു താഴേക്കു വരുന്നുണ്ടെങ്കിൽ വാഹനത്തിനടിയിൽ തീപിടിച്ചിട്ടുണ്ടാകാം.

വാഹനങ്ങളുടെ വയറിങ്ങിൽ മാറ്റം വരുത്തുന്നത് തീപിടിക്കാനുള്ള സാധ്യതകൾ കൂട്ടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്പീക്കർ, ഹൈവോൾട്ടേജ് ലൈറ്റുകൾ എന്നിവ വയ്ക്കാനായി വയറിങ് സംവിധാനത്തിൽ മാറ്റം വരുത്തുന്നത് ഷോർട്ട് സർക്യൂട്ട് മൂലം അപകടമുണ്ടാകാനുള്ള സാധ്യത കൂട്ടും. 

എങ്ങനെ തടയാം?

∙ വാഹനങ്ങളിൽ ഇലക്ട്രിക് കണക്‌ഷനുകളിലുൾപ്പെടെ മാറ്റം വരുത്തുന്നതു പരമാവധി ഒഴിവാക്കുക. 

∙ മാറ്റം വരുത്തുമ്പോൾ, അതു കാർ നിർമാതാക്കളുടെ ഔദ്യോഗിക ഡീലർമാരുടെ വർക്‌ഷോപ്പുകളിൽ ചെയ്യുക. യഥാർഥ പാർട്സുകൾ ഉപയോഗിക്കുക. 

∙ പുകയോ മറ്റോ ശ്രദ്ധയിൽ പെടുമ്പോൾ തന്നെ കാർ നിർത്തി, പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. 

∙ പല വാഹനങ്ങളിലും യാത്രക്കാർക്ക് അപകട മുന്നറിയിപ്പിനുള്ള അലാം സിസ്റ്റങ്ങളുണ്ട്. ഇലക്ട്രിക് കണക്‌ഷനുകളിലും മറ്റും മാറ്റം വരുത്തുമ്പോൾ ഇവ പ്രവർത്തനരഹിതമാകും. ഈ സാഹചര്യമൊഴിവാക്കുക.

English Summary : Car burn accident while running 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com