ചെന്നൈ ∙ കാളയോട്ട മത്സരം നടത്തുന്നതിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അക്രമാസക്തരായ ജനക്കൂട്ടം ഹൊസൂരിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ലുകൾ തകർന്നു. ബസിനുള്ളിൽ നിലത്ത് കിടന്നാണ് യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

കാളയെ അഴിച്ചുവിട്ട് ഓടിക്കുന്ന പരമ്പരാഗത മത്സരമായ ‘യെരുദും വിടും വിഴ’ നടത്തുന്നതിനു കൃഷ്ണഗിരി ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിന്റെ പേരിലായിരുന്നു ഇന്നലെ പുലർച്ചെ മുതൽ പ്രതിഷേധം. ഹൊസൂർ – ബെംഗളൂരു ദേശീയ പാതയിൽ ആയിരക്കണക്കിനാളുകൾ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. രാവിലെ അഞ്ചോടെ എത്തി 2 മണിക്കൂറോളം വഴിയിൽ കുടുങ്ങിയ ബസിനു നേരെ ഏഴോടെയാണു കല്ലേറുണ്ടായത്. ഇതേ ബസിൽ പിന്നീട് യാത്രക്കാരെ ബെംഗളൂരുവിൽ എത്തിച്ചു. തിരിച്ചു തിരുവനന്തപുരത്തേക്കുള്ള സർവീസ് റദ്ദാക്കി.


English Summary: KSRTC SWIFT Bus Attacked