ADVERTISEMENT

കൊച്ചി ∙ അക്കൗണ്ടിൽ നിക്ഷേപിച്ച പെൻഷൻ തുക പൂർണമായി തിരിച്ചെടുത്ത് ആയിരക്കണക്കിനു പെൻഷൻകാർക്ക് ഇപിഎഫ്ഒയുടെ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) ഇരുട്ടടി. ഈ മാസത്തെ പെൻഷൻ പലരുടെയും അക്കൗണ്ടിൽ ഇന്നലെയാണ് എത്തിയത്. മണിക്കൂറുകൾക്കകം ഇത് അപ്രത്യക്ഷമായി. ഉയർന്ന പെൻഷന് യോഗ്യതയില്ലാത്തവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനായി പുനർനിശ്ചയിക്കുന്നതിന്റെ ഭാഗമാണു നടപടിയെന്ന് ഇപിഎഫ്ഒ പറയുന്നു. 

സുപ്രീം കോടതി വിധിപ്രകാരം ഉയർന്ന പെൻഷനു യോഗ്യതയുള്ളവർക്കു മുഴുവൻ തുകയും തിരികെനൽകും. ഇല്ലാത്തവർക്കു സ്റ്റാറ്റ്യൂട്ടറി പെൻഷൻ മാത്രം നൽകും. ഫലത്തിൽ അധികം നൽകിയ തുക തിരിച്ചുപിടിക്കലാണിത്. ഈ നടപടിക്രമം അടുത്ത ദിവസങ്ങളിൽത്തന്നെ പൂർത്തിയാക്കുമെന്നു കൊച്ചി മേഖലാ കാര്യാലയം അറിയിച്ചു. കൊച്ചിയിൽ മാത്രം മൂവായിരത്തിലേറെ പേരുടെ പെൻഷൻ പുനർനിർണയിക്കും. 

2014 സെപ്റ്റംബർ ഒന്നിനു മുൻപു വിരമിച്ചവരിൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാത്തവർക്കു നൽകിയ അധികതുകയാണ് തിരിച്ചുപിടിക്കുന്നത്. ഇവർക്ക് ഉയർന്ന പെൻഷന് അർഹതയില്ലെന്നാണു കോടതി വിധി. 

കേസിനു പോയി അനുകൂലവിധി നേടിയതു പ്രകാരം ഉയർന്ന പെൻഷൻ വാങ്ങുന്നവരുണ്ട്. ഓപ്ഷൻ നൽകാത്തവരിൽ കേസിനു പോകാത്തവരും ഇതേ രീതിയിൽ ഉയർന്ന പെൻഷനു യോഗ്യതയുള്ളവരാണെന്ന സർക്കുലർ ഇപിഎഫ്ഒ ഇറക്കിയിരുന്നു. അത്തരക്കാർക്കു നൽകിയ അധിക തുകയാണ് ആദ്യഘട്ടത്തിൽ തിരിച്ചുപിടിക്കുന്നത്. കോടതിവിധിയനുസരിച്ച് ഉയർന്ന പെൻഷൻ ലഭിക്കുന്നവരുടെ കാര്യത്തിൽ ഓരോ കേസും പഠിച്ചുമാത്രം തീരുമാനിക്കും. അതു രണ്ടാംഘട്ടത്തിൽ നടക്കും. 

മുന്നറിയിപ്പില്ലാതെ പെൻഷൻ തിരിച്ചുപിടിക്കുന്നത് ഇതിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്കാണു കനത്ത പ്രഹരമായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു.

English Summary : Pension amount reached in accout retaken by EPFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com