ആലപ്പുഴ സിപിഎമ്മിൽ ഫോൺ ചോർത്തൽ വിവാദം

Mail This Article
ആലപ്പുഴ ∙ ലഹരിക്കടത്ത് ആരോപണത്തിന്റെ തുടർച്ചയായി സിപിഎമ്മിൽ ഫോൺ ചോർത്തൽ വിവാദവും. ചോർത്തൽ സംബന്ധിച്ചു സൂചന ലഭിച്ച ചിലർ ഉന്നത പൊലീസ് അധികൃതർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ്.
ലഹരിക്കടത്ത് ആരോപണത്തിന്റെ പേരിൽ പാർട്ടി നടപടി നേരിടുന്ന എ.ഷാനവാസിനെ അനുകൂലിക്കുന്നവരും മറുപക്ഷവും ചില നേതാക്കളുടെ നീക്കങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണു ഫോൺ ചോർത്തുന്നതെന്നാണ് ആക്ഷേപം. നിലവിൽ പാർട്ടിക്കുള്ളിലെ പ്രശ്നവുമായി ബന്ധമില്ലാത്തവരുടെ ഫോൺ വിളികളും ചോർത്തുന്നതായി ആരോപണമുണ്ട്. ഏതു വിഭാഗമെന്നു നോക്കി മാത്രമാണ് ഇതു ചെയ്യുന്നതെന്നു നേതാക്കൾക്കിടയിൽ അമർഷമുണ്ട്.
ഗോവിന്ദൻ നാളെ എത്തില്ല
നാളെയും മറ്റന്നാളും ചേരുന്ന ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കില്ല. യോഗത്തിൽ പങ്കെടുക്കുമെന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും 10നും 20നും ഇടയിലുള്ള ദിവസങ്ങളിലാകും അദ്ദേഹം ജില്ലയിൽ എത്തുക. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ.ബാലൻ, ടി.എം.തോമസ് ഐസക്, സജി ചെറിയാൻ തുടങ്ങിയവർ നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
English Summary : phone leak controversy in alappuzha cpm faction