തിരുവനന്തപുരം ∙ ജഡ്ജിമാരുടെ പേരിൽ അഭിഭാഷകൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ, ഹൈക്കോടതിയിലെ 3 ജഡ്ജിമാരുടെയും വിജിലൻസ് റജിസ്ട്രാറുടെയും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനു ചീഫ് ജസ്റ്റിസിന്റെ അനുമതി തേടും.
ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ എന്നിവർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂർ 77 ലക്ഷം രൂപ വാങ്ങിയെന്നാണു കേസ്. ആരോപണത്തെക്കുറിച്ച് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയത് വിജിലൻസ് റജിസ്ട്രാർ ആണ്.
ഈ 4 പേരുടെയും മൊഴി രേഖപ്പെടുത്താനാണ് ഡിജിപിയുടെ നേതൃത്വത്തിൽ കേസ് അവലോകനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. ജഡ്ജിമാരുടെ മൊഴിയെടുക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി കത്തു നൽകാൻ പ്രത്യേക അന്വേഷണ സംഘത്തലവനായ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്.സുദർശനു ഡിജിപി നിർദേശം നൽകി. ഉടൻ കത്തു നൽകിയേക്കും.
അനുമതി ലഭിച്ചാൽ ജഡ്ജിമാർ അനുവദിക്കുന്ന സമയത്ത് അവരെ നേരിട്ടു കണ്ട് മൊഴി രേഖപ്പെടുത്തും. ജഡ്ജിമാരുടെ പേരുകൾ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ട കേസായതിനാൽ തുടർനടപടിക്കു ഹൈക്കോടതി അനുമതി നൽകുമെന്നാണ് കരുതുന്നത്.
ജഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ സൈബി ജോസ് പണം വാങ്ങിയതായി പ്രഥമദൃഷ്ട്യാ കരുതാവുന്ന വസ്തുതകളുണ്ടെന്നായിരുന്നു ഹൈക്കോടതി വിജിലൻസ് റജിസ്ട്രാറുടെ റിപ്പോർട്ട്. സൈബിക്കെതിരായ അഭിഭാഷകരുടെ മൊഴി അടക്കമായിരുന്നു റിപ്പോർട്ട്.
5 അഭിഭാഷകർ സൈബിക്കെതിരെ മൊഴി നൽകിയതായി കൊച്ചി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിലുമുണ്ട്. സൈബിയുടെ കക്ഷിയായ, പീഡനക്കേസിൽ ഉൾപ്പെട്ട നിർമാതാവിന്റെയും ഭാര്യയുടെയും മൊഴിയും കമ്മിഷണർ എടുത്തിരുന്നു. പണം നൽകിയെന്നും വാങ്ങിയെന്നും പറയുന്നവരുടെ മൊബൈൽ ഫോൺ വിളിയുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. പരാതിക്കാരുടെയും ആരോപണവിധേയന്റെയും മൊബൈൽ ടവർ ലൊക്കേഷനും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
അഴിമതിനിരോധന നിയമത്തിലെ വകുപ്പു കൂടി കേസിൽ ഉൾപ്പെടുത്തിയതിനാൽ സൈബിയുടെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് ഇടപാടുകളും പരിശോധിക്കും. കേസിൽ ആരെയൊക്കെ സാക്ഷികളാക്കണം എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും. ഇതുവരെയുള്ള നടപടികളുടെ റിപ്പോർട്ട് ഹൈക്കോടതിയെ അറിയിച്ചതായാണു വിവരം.
ഇഡിയും അന്വേഷിക്കും
ജഡ്ജിമാർക്കു നൽകാനെന്നു സൈബി ജോസ് പറഞ്ഞതനുസരിച്ചു 10 ലക്ഷം രൂപ നേരിട്ടു കൈമാറിയെന്ന മൊഴിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തും. കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചു 10 ലക്ഷം രൂപ പണമായി കൈമാറിയെന്നു പൊലീസിനു മൊഴി ലഭിച്ചിരുന്നു. 2 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണം നേരിട്ടു കൈമാറിയെന്ന ആരോപണമായതിനാൽ ഇഡിയുടെ അന്വേഷണ പരിധിയിലും കേസ് വരും. അവർക്കാവശ്യമായ വിവരം പൊലീസ് കൈമാറുമെന്ന് ഉന്നതർ വ്യക്തമാക്കി.
English Summary: Statements of Judges to be taken in bribe case against advocate Saiby Jose