ഓടുന്ന കാറിനു തീപിടിച്ചു, ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു; അപകടം കണ്ണൂരിലെ സമാന ദുരന്തത്തിന്റെ പിറ്റേന്ന്

Mail This Article
വെഞ്ഞാറമൂട് ∙ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു, ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30ന് വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയ കട്ടയ്ക്കാൽ മൈലക്കുഴി ജംക്‌ഷനു സമീപത്താണ് സംഭവം. കടയ്ക്കാവൂർ നിലക്കാമുക്ക് മോഹൻ വില്ലയിൽ ലിജോയുടെ കാറാണ് കത്തി നശിച്ചത്. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തു മരിച്ച സംഭവത്തിനു പിറ്റേന്നുണ്ടായ അപകടം നാടിനെ നടുക്കി.

യാത്രയ്ക്കിടെ കാറിന്റെ എൻജിൻ ഭാഗത്തു നിന്നു പുക ഉയരുന്നതു വഴിയിൽ നിന്നവരാണു കാണുന്നത്. ഇവർ ബഹളം കൂട്ടി കാർ നിർത്തിച്ചു. ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ കാറിന്റെ മുൻഭാഗത്തു തീ പൂർണമായും വ്യാപിച്ചു. വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിൽ നിന്നു അസി. സ്റ്റേഷൻ ഓഫിസർ ജയദേവന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയാണ് തീ കെടുത്തിയത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
English Summary: The car that was running caught fire in venjaramoodu