ADVERTISEMENT

തിരുവനന്തപുരം ∙ വൻകിട വാണിജ്യ, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി തീരുവ 5 ശതമാനമാക്കുന്നതോടെ നിരക്ക് വർധിക്കും. വൈദ്യുതി ചാർജിനൊപ്പം ഉപയോക്താക്കളിൽനിന്നു പിരിച്ചെടുക്കുന്ന തീരുവ ബോർഡിനു നൽകാതെ സർക്കാർ ഖജനാവിലേക്കു മാറ്റുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുമ്പോൾ മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് ലഭിക്കുന്ന സബ്സിഡി മുടങ്ങും. ഇപ്പോൾ തീരുവ ബോർഡ് പിരിച്ചെടുത്ത് സബ്സിഡിക്കും പെൻഷൻ ഫണ്ടിലേക്കുമായി മാറ്റുകയാണ്.

അടുത്ത ഒക്‌ടോബർ 31ന് ശേഷം തീരുവ സർക്കാരിലേക്ക് ആക്കിയശേഷം സബ്സിഡി ബോർഡിന് സർക്കാർ നൽകുമോ എന്ന് ബജറ്റ് വ്യക്തമാക്കുന്നില്ല. ഇത് നൽകിയില്ലെങ്കിൽ 120 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് യൂണിറ്റിന് 25 പൈസ വീതം കൂടും. 

പെൻഷൻ ഫണ്ടിലേക്കുള്ള തുകയുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. തീരുവ ബോർഡിൽ നിന്നു മാറ്റുമ്പോൾ കെഎസ്ആർടിസിക്ക് സമാനമായ പെൻഷൻ പ്രതിസന്ധി ഇവിടെയും ഉടലെടുക്കാം.

വാണിജ്യ, വ്യവസായ യൂണിറ്റുകൾക്ക് ബാധകമായ തീരുവ 5 ശതമാനമാക്കി കൂട്ടുന്നതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. 850 കോടി രൂപയാണ് തീരുവ ഇനത്തിൽ ഇപ്പോൾ കിട്ടുന്നത്. 

2013 മുതൽ പെൻഷൻ ഫണ്ടിലേക്ക് സർക്കാർ പണം നൽകുന്നുണ്ട്. അന്ന് 12,416 കോടി രൂപയായിരുന്ന പെൻഷൻ ബാധ്യത ഇപ്പോൾ 26,000 കോടിയായി. 

വൻകിട വാണിജ്യ, വ്യവസായ ഉപയോക്താക്കൾ യൂണിറ്റിന് 10 പൈസയാണ് ഇപ്പോൾ തീരുവ നൽകുന്നത്. വ്യവസായ ഉപയോക്താക്കളുടെ ശരാശരി നിരക്ക് 6 രൂപയാണ്. തീരുവ 5% ആക്കുമ്പോൾ 10 പൈസയിൽ നിന്ന് 30 പൈസ ആകും. വാണിജ്യ ഉപയോക്താക്കളുടെ നിരക്ക് ശരാശരി 8–9 രൂപയാണ്. തീരുവ 5% ആകുന്നതോടെ 10 പൈസയിൽ നിന്ന് 45 പൈസയാകും.

Content Highlite : Kerala budget 2023 analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com