ADVERTISEMENT

തിരുവനന്തപുരം ∙ എണ്ണയ്ക്കും മണ്ണിനും മദ്യത്തിനും വാഹനത്തിനുമടക്കം നികുതി കൂട്ടി, സകല മേഖലയിലും രൂക്ഷമായ വിലക്കയറ്റം അടിച്ചേൽപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്. കേന്ദ്ര സർക്കാർ കടമെടുപ്പു തുക വെട്ടിക്കുറച്ചതു കാരണമുള്ള വരുമാന നഷ്ടം നികത്താനാണ് നികുതി വർധിപ്പിച്ചതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ ന്യായീകരിക്കുന്നെങ്കിലും മുക്കാൽ പങ്ക് നികുതി വർധനയും സാധാരണക്കാർക്കു കടുത്ത ആഘാതമായി. ഇപ്പോഴുള്ളതു തുടരുമെന്നല്ലാതെ ബജറ്റിൽ ക്ഷേമാനുകൂല്യങ്ങൾ കൂട്ടുകയോ പുതിയവ പ്രഖ്യാപിക്കുകയോ ചെയ്തില്ല. 

കഴിഞ്ഞ മേയിൽ കേന്ദ്ര സർക്കാർ ഇന്ധനത്തിനു വില കുറച്ചപ്പോൾ വില താഴ്ത്താൻ‌ തയാറാകാത്ത സംസ്ഥാന സർക്കാർ ഇപ്പോൾ‌ ലീറ്ററിന് 2 രൂപ സെസ് ചുമത്തിയതിന്റെ ഞെട്ടലിലാണ് കേരളം. നിരക്കുകൾ ഏപ്രിൽ ഒന്നിന് നിലവിൽ വരും. 

വർധിപ്പിച്ച നികുതികളും ഫീസുകളും:

∙ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ സാമൂഹിക സുരക്ഷാ സെസ്. 

∙ സാധാരണ കൂട്ടാറുള്ളത് 10 ശതമാനമാണെങ്കിൽ, ഇക്കുറി ഭൂമിയുടെ ന്യായവിലയിൽ 20% വർധന. വിപണി മൂല്യം വർധിച്ച പ്രദേശങ്ങളിൽ ന്യായവില 30% വരെ വർധിപ്പിക്കാൻ‌ പഠനം. 

∙ തദ്ദേശ വകുപ്പ് ഇൗടാക്കുന്ന കെട്ടിട നികുതി, അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാർഹിക–ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കും. 

∙ ഒരാളുടെ ഉടമസ്ഥതയിൽ ഒന്നിലേറെ വീടുകളുണ്ടെങ്കിൽ പ്രത്യേക നികുതി; പണിത്, ദീർഘകാലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും പ്രത്യേക നികുതി. 

∙ വാണിജ്യ, വ്യവസായ യൂണിറ്റുകളുടെ വൈദ്യുതി ചാർജ് യൂണിറ്റിന് 10 പൈസ എന്നത് 5 ശതമാനമാക്കി കൂട്ടി. ഇരട്ടിയോളം വർധനയ്ക്കു സാധ്യത. 

∙ 2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർ‌ധന. 

∙ കാറുകൾ അടക്കം സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി വർധിപ്പിച്ചു: വില 5 ലക്ഷം വരെ: 1% വർ‌ധന. 5 ലക്ഷം മുതൽ 15 ലക്ഷം വരെ: 2%. 15 ലക്ഷം മുതൽ 20 ലക്ഷം വരെ: 1%. 20 ലക്ഷം മുതൽ 30 ലക്ഷം വരെ: 1%. 30 ലക്ഷത്തിനു മേൽ: 1%. 

∙ പുതിയ ഇരുചക്ര വാഹനങ്ങൾക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയിൽനിന്ന് 100 രൂപയാക്കി. ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 100 രൂപയിൽ നിന്ന് 200 രൂപയും മീഡിയം മോട്ടർ വാഹനങ്ങൾക്ക് 150 രൂപയിൽനിന്നു 300 രൂപയുമാക്കി. ഹെവി മോട്ടർ വാഹനങ്ങൾക്ക് 250 രൂപയിൽനിന്ന് 500 രൂപയുമാക്കി. 

∙ ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ 5 വർഷത്തേക്ക് നൽകിയിരുന്ന 50% നികുതി ഇളവ് ഒഴിവാക്കി. 

cartoon-10

∙ 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും സാമൂഹിക സുരക്ഷാ സെസ് ആയി ഇൗടാക്കും. 

∙ ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വർധിപ്പിക്കും. 

∙ മാനനഷ്ടം, സിവിൽ, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആക്കും. 

∙ മറ്റു കോടതി വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീസിൽ 1% വർധന. 

∙ നിർമിച്ച് 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റുകൾക്കും അപാർട്മെന്റുകൾക്കും മുദ്രവിലയിൽ ഉണ്ടായിരുന്ന 5% എന്ന കുറഞ്ഞ നിരക്ക് 7 ശതമാനമാക്കി. 

∙ ഗഹാനുകളും ഗഹാൻ ഒഴിവുകുറികളും ഫയൽ ചെയ്യുന്നതിന് 100 രൂപ സർവീസ് ചാർജ്. 

∙ വാണിജ്യ, വ്യാവസായിക ഉപയോഗത്തെ അടിസ്ഥാനമാക്കി പട്ടയഭൂമിയുടെ വാർഷിക അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. 

∙ കരിങ്കല്ല്, മണ്ണ്, ചെങ്കല്ല് തുടങ്ങിയവയുടെ റോയൽറ്റിയും മറ്റു നിരക്കുകളും കൂട്ടും.

കാണാതെ പോയവ

∙ ക്ഷേമ പെൻഷനിൽ 100 രൂപയെങ്കിലും വർധന വരുത്തുമെന്നായിരുന്നു പ്രതീക്ഷ. പെൻഷൻ വിതരണം ഉറപ്പാക്കാൻ ഇന്ധനത്തിനു മേൽ സെസ് ചുമത്തിയെങ്കിലും പെൻഷൻ കൂട്ടാൻ തയാറായില്ല. 

∙ സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക വർധിപ്പിക്കണമെന്ന വ്യാപകമായ ആവശ്യവും ബജറ്റിൽ കണ്ടില്ലെന്നു നടിച്ചു. നിലവിൽ അധ്യാപകർ സ്വന്തം പോക്കറ്റിൽനിന്നു പണം ചെലവിട്ടാണ് മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണം മുടങ്ങാതെ വിതരണം ചെയ്യുന്നത്. 

∙ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയിൽ ഒരു ഗഡുവെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. നിലവിൽ‌ 4 ഗഡുക്കളാണ് കുടിശികയായുള്ളത്. പെൻഷൻ പരിഷ്കരണം, യുജിസി ശമ്പള പരിഷ്കരണം എന്നിവയുടെ കുടിശിക വിതരണത്തെക്കുറിച്ചും മൗനം. 

∙ നെല്ലിന്റെ സംഭരണ വില വർധിപ്പിച്ചില്ല. 

∙ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം വർധിപ്പിച്ചില്ല. 

∙ തലസ്ഥാനത്ത് രാപകൽ സമരം ചെയ്യുന്ന സ്പെഷലിസ്റ്റ് അധ്യാപകരുടെ ശമ്പളം പുനഃസ്ഥാപിക്കുക എന്ന ആവേശം പരിഗണിച്ചില്ല. 

ബജറ്റിനു മുൻപേ കൂട്ടിയത്

∙ വാട്ടർ ചാർജ്: ലീറ്ററിന് ഒരു പൈസ കൂട്ടാൻ രാഷ്ട്രീയ തീരുമാനം. മന്ത്രിസഭ അംഗീകരിച്ചാൽ ഏപ്രിൽ 1 മുതൽ നിരക്കു വർധന. ഉപഭോക്താക്കളുടെ വെള്ളത്തിന്റെ ബിൽ 200 മുതൽ 400 രൂപ വരെ കൂടും. 

∙ മിൽമ പാൽ: കഴിഞ്ഞ ഡിസംബറിൽ ലീറ്ററിന് 6 രൂപ കൂട്ടി. 

∙ അരിവില: കുതിച്ചുയർന്നു; ജയ അരിയുടെ വില 47 രൂപയിൽ നിന്ന് 57–58 രൂപ വരെയെത്തി. 

∙ മദ്യം: കൈകാര്യച്ചെലവ് വർധിപ്പിച്ചതിനാൽ കുപ്പിക്ക് 10 മുതൽ 30 രൂപ വരെ കൂടി. 

∙ കെട്ടിടനികുതി: ഏപ്രിൽ 1 മുതൽ 5% വർധന. 

ക്ഷേമം, വികസനം

∙ ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ, താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ നഴ്സിങ് കോളജുകൾ 

∙ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയരാക്കുന്ന ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി 

∙ വയോജനങ്ങളുടെ പകൽ സംരക്ഷണത്തിന് ഡേ കെയർ സെന്ററുകൾക്ക് 10 കോടി 

∙ വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കാനും ദ്രുത കർമ സേനകൾ താൽക്കാലികമായി രൂപീകരിക്കാനും 30.85 കോടി രൂപ 

∙ അങ്കണവാടി പ്രവർത്തകർക്ക് ‘അങ്കണം’ എന്ന പേരിൽ അപകട, ലൈഫ് ഇൻഷുറൻസ് പദ്ധതി 

∙ നാളികേരത്തിന്റെ താങ്ങുവില ഉയർത്തി. 32 രൂപയിൽനിന്ന് 34 രൂപ 

∙ മത്സ്യബന്ധന ബോട്ടുകളെ ആധുനികവൽക്കരിക്കാൻ 10 കോടി രൂപയുടെ പദ്ധതി 

∙ വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി വ്യവസായ ഇടനാഴി. ഭൂമിയേറ്റെടുക്കലിന് 1000 കോടി രൂപ 

∙ വെസ്റ്റ് കോസ്റ്റ് കനാലിന് അനുബന്ധമായി വ്യവസായ ഇടനാഴി: 300 കോടി 

∙ കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾക്ക് 20 കോടി 

∙ വർക്ക് നിയർ ഹോം പദ്ധതി വഴി 3 വർഷത്തിനകം ഒരു ലക്ഷം വർക്ക് സീറ്റുകൾ: 50 കോടി 

∙ ടൂറിസം മേഖലയിൽ വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതി 

∙ സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പുകൾ. നടത്തിപ്പിന് പ്രത്യേകോദ്ദേശ്യ കമ്പനി. 

∙ 6 കോർപറേഷനുകളുടെ നിലവാരം മെച്ചപ്പെടുത്താൻ 100 കോടി കിഫ്ബി വഴി 

∙ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി 

∙ സാനിറ്ററി നാപ്കിനു പകരം മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കും 

∙ 2023 മേയ് മാസത്തോടെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനം തുടങ്ങും 

∙ ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ 2023 സെപ്റ്റംബറിൽ. 10 കോടി . 

∙ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതി 

∙ രാജ്യാന്തര നിലവാരത്തിലുള്ള വ്യാപാരമേളയ്ക്ക് തിരുവനന്തപുരത്തു സ്ഥിരം കേന്ദ്രം: 15 കോടി.

English Summary: Kerala budget 2023 imposes tax burden on people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com