തിരുവനന്തപുരം ∙ ആരോഗ്യം, ടൂറിസം, നഗരവികസനം, ശുചിത്വം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരവികസനത്തിനും 6 കോർപറേഷനുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നവകേരള നഗരനയവും ബജറ്റിൽ പ്രഖ്യാപിച്ചു. 300 കോടി രൂപ നീക്കിവച്ചു.
∙ വിവിധ സെസുകളിലൂടെ സാമൂഹിക സുരക്ഷാ സീഡ് ഫണ്ട് പ്രഖ്യാപിച്ചു. സാമൂഹികക്ഷേമ പെൻഷനു പണം കണ്ടെത്തുക ലക്ഷ്യം.
∙ എല്ലാ ജില്ലയിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങും.
∙ ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ, സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയുടെ ഭാഗമായി നഴ്സിങ് കോളജുകൾ തുടങ്ങും. ആദ്യഘട്ടം 25 ആശുപത്രികളിൽ.
∙ തിരുവനന്തപുരം ആർസിസിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്താൻ 13.80 കോടി രൂപ സംസ്ഥാന വിഹിതം.
∙ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് 28 കോടി, കൊച്ചി കാൻസർ റിസർച് സെന്ററിന് 14.50 കോടി.
∙ സർക്കാർ, അർധസർക്കാർ ജീവനക്കാർക്കുള്ള അപകട, അപകട മരണ ഇൻഷുറൻസ് പദ്ധതി ജീവൻരക്ഷ എന്ന പേരിൽ പുതുക്കി: അപകടമരണത്തിന് പരിരക്ഷ 10 ലക്ഷം രൂപയിൽനിന്നു 15 ലക്ഷം രൂപയാക്കി.
സാധാരണ മരണത്തിന് 5 ലക്ഷം രൂപ അധിക പരിരക്ഷ. പ്രീമിയം 500ൽ നിന്ന് 1000 രൂപയാക്കി.
∙ തദ്ദേശീയമായി മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ വാക്സീൻ വികസിപ്പിക്കും. 5 കോടി വകയിരുത്തി.
∙ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയരാക്കുന്ന ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി.
∙ അങ്കണവാടി പ്രവർത്തകർക്കായി അപകട, ലൈഫ് ഇൻഷുറൻസ് ഉൾപ്പെടുത്തി ‘അങ്കണം’ പദ്ധതി .
∙ കുടുംബശ്രീക്ക് 260 കോടി രൂപ.
∙ സംസ്ഥാനത്തുടനീളം എയർസ്ട്രിപ്പുകൾ.
∙ ടൂറിസം വികസനത്തിന് 7 ഇടനാഴികൾ.
∙ രണ്ടാം കുട്ടനാട് പാക്കേജിന് 137 കോടി, ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾക്ക് 75 കോടി വീതം.
∙ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളുടെ നടത്തിപ്പിന് 904.83 കോടി.
∙ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിക്കു സംസ്ഥാന വിഹിതമായി 24.40 കോടി, ശുചിത്വ മിഷന് 25 കോടി.
∙ ലഹരിമരുന്നിനെതിരായ പ്രചാരണത്തിനും പ്രവർത്തനത്തിനുമായി 15 കോടി.
∙ ലൈഫ് മിഷനിൽ അടുത്ത സാമ്പത്തികവർഷം 71,861 വീടുകളും 30 ഭവന സമുച്ചയവും നിർമിക്കും: 1436.26 കോടി നീക്കി വച്ചു.
∙ വയോജനങ്ങൾക്കു ഡേ കെയർ സെന്റർ: 10 കോടി രൂപ.
∙ സാനിറ്ററി നാപ്കിനുകൾക്ക് പകരം മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.
∙ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിനു ശേഷം രൂപീകരിച്ച ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ.
∙ 70,000 ബിപിഎൽ കടുംബങ്ങൾക്കു (ഒരു മണ്ഡലത്തിൽ 500) സൗജന്യ കെഫോൺ ഇന്റർനെറ്റ് കണക‍്ഷൻ. കെ–ഫോൺ പദ്ധതിക്ക് 100 കോടി.
∙ കോവളം–ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ ജലപാത സാമ്പത്തിക–വ്യാപാര ഇടനാഴിയാക്കി മാറ്റും. ഭൂമിയേറ്റെടുക്കലിന് 300 കോടി.
∙ നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി.
∙ മത്സ്യബന്ധന ബോട്ടുകളെ ആധുനികവൽക്കരിക്കാൻ 10 കോടി.
∙ വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കാനും ദ്രുതകർമ സേനകൾ താൽക്കാലികമായി രൂപീകരിക്കാനും 30.85 കോടി രൂപ
∙ കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾക്ക് 20 കോടി
∙ ടൂറിസം മേഖലയിൽ വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതി
∙ 2023 മേയ് മാസത്തോടെ ഡിജിറ്റൽ സയൻസ് പാർക്ക്. ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ 2023 സെപ്റ്റംബറിൽ.
∙ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ‘മേക്ക് ഇൻ കേരള’ പദ്ധതി
ദൃഢം
കെ.എൻ.ബാലഗോപാൽ (ധനമന്ത്രി)
∙ സാമ്പത്തിക വളർച്ചയും ധനദൃഢീകരണവും രേഖപ്പെടുത്തുന്ന ബജറ്റ്.
∙ ജിഎസ്ടി വരുമാനം 25% കൂടി; ജിഎസ്ടി വകുപ്പിനെ പുനഃസംഘടിപ്പിച്ചു.
∙ നികുതിവരുമാനം 70,000 കോടിയായത് ധനകാര്യ മാനേജ്മെന്റ് മികവ്.
∙ വിജ്ഞാനോൽപാദനവും കേരളത്തിന്റെ സമഗ്ര പുരോഗതിയും ലക്ഷ്യം.
∙ കടക്കെണിയിൽ എന്ന ആക്ഷേപം മാറി; കടം നിയന്ത്രിക്കപ്പെടുന്നു.
കൊള്ള
വി.ഡി.സതീശൻ (പ്രതിപക്ഷ നേതാവ്)
∙ ജനങ്ങളിൽനിന്നു പിടിച്ചുപറിയും കൊള്ളയും നടത്തുന്ന ബജറ്റ്.
∙ നികുതിപിരിവ് കൂടി എന്ന അവകാശവാദത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് തന്നെ നിരാകരിക്കുന്നു.
∙ മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാതെ അവ ആവർത്തിക്കുന്നു.
∙ രൂക്ഷമായ വിലക്കയറ്റം ഉള്ളപ്പോൾ അതു നേരിടാനുള്ള തുക കുറച്ചു.
∙ ഭൂമി ന്യായവിലയിലെ അശാസ്ത്രീയത പരിഹരിക്കാതെ കുത്തനെ കൂട്ടി.
സിൽവർലൈൻ ‘മാഞ്ഞു’
തിരുവനന്തപുരം ∙ ‘സ്വപ്ന പദ്ധതി’യായ സിൽവർലൈനെ ബജറ്റിൽ തഴഞ്ഞു. കഴിഞ്ഞ ബജറ്റിൽ ഭൂമിയേറ്റെടുക്കലിനു കിഫ്ബിയിൽനിന്ന് 2000 കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിൽ, ഇക്കുറി സിൽവർലൈനെക്കുറിച്ച് പരാമർശമേയില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയിൽ ഒരു ഗഡുവെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. 4 ഗഡുക്കളാണ് കുടിശികയായുള്ളത്.
Content Highlights: Kerala Budget 2023, Kerala State Budget, Government of Kerala, Kerala Government, KN Balagopal