ADVERTISEMENT

കൊച്ചി∙ വൈദ്യുതി തീരുവ വർധനയിലൂടെ സംസ്ഥാനത്തെ വാണിജ്യ, വ്യവസായ ഉപയോക്താക്കൾക്കു വന്നത് ലക്ഷങ്ങളുടെയും കോടികളുടെയും അധിക ബാധ്യത. എക്സ്ട്രാ ഹൈടെൻഷൻ വ്യവസായ ഉപയോക്താക്കൾക്ക് ശരാശരി മാസം 10 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് അധികമായി നൽകേണ്ടി വരിക. വർഷം 1.2 കോടി മുതൽ 3.5 കോടി വരെ അധികച്ചെലവ്. എച്ച്ടിയിലുള്ള വ്യാപാര ഷോറൂമുകൾക്ക് ശരാശരി ഒരു ലക്ഷം മാസം അധികം.

ഇതിനു പുറമേ ഇന്ധന സർചാർജ് എന്ന പേരിൽ 4 മാസത്തേക്ക് യൂണിറ്റിന് 9 പൈസ അധികം ഈടാക്കുമെന്നറിയിച്ചിട്ടുണ്ട്. ബജറ്റിലെ തീരുവ വർധനയ്ക്കു പുറമേയാണിത്.

തീരുവ വർധന എങ്ങനെ

വൈദ്യുതി തീരുവ (ഇലക്ട്രിസിറ്റി ഡ്യൂട്ടി) എച്ച്ടി, ഇഎച്ച്ടി ഉപയോക്താക്കൾക്ക് ഇതുവരെ യൂണിറ്റിന് 10 പൈസയായിരുന്നു. യൂണിറ്റിന്റെ നിരക്ക് എത്രയായാലും തീരുവ 10 പൈസ മാത്രം. കെഎസ്ഇബിയുടെ പെൻഷൻ ഫണ്ടിലേക്കാണ് ഈ ഇനത്തിൽ ഈടാക്കിയ തുക പോയിരുന്നത്. 

അതിനു പകരം ബജറ്റിൽ തീരുവ യൂണിറ്റ് നിരക്കിന്റെ ശതമാനക്കണക്കിലാക്കി. നിലവിൽ എച്ച്ടി, ഇഎച്ച്ടി ഉപയോക്താക്കൾ 6 രൂപ മുതൽ 9 രൂപ വരെയാണ് യൂണിറ്റ് വൈദ്യുതിക്കു നൽകുന്നത്. 5% തീരുവ എന്നു വന്നപ്പോൾ യൂണിറ്റിന് 30 പൈസ മുതൽ 45 പൈസ വരെയായി. ഓരോ യൂണിറ്റിനും നിലവിലുള്ള 10 പൈസയെക്കാൾ 20 പൈസ മുതൽ 35 പൈസ വരെ അധികം.

വൈദ്യുതിയുടെ യൂണിറ്റ് നിരക്കനുസരിച്ച് തീരുവ ശരാശരി 25 പൈസ കണക്കാക്കിയാൽ മാസം ലക്ഷങ്ങൾ അധികം നൽകണം. ഇഎച്ച്ടി ഉപയോക്താക്കൾക്ക് ശരാശരി 40 ലക്ഷം യൂണിറ്റ് വേണ്ടി വരുന്നുണ്ടെങ്കിൽ മാസം 10 ലക്ഷം രൂപ വൈദ്യുതി ബില്ലിൽ അധികം. 

കാർബോറണ്ടം, ടിസിസി പോലെ 120 ലക്ഷം യൂണിറ്റ് വരെ ഉപയോഗിക്കുന്ന വൻ വ്യവസായങ്ങൾക്ക് മാസം 30 ലക്ഷത്തിലേറെ രൂപ വൈദ്യുതി ചെലവിൽ വർധിക്കും. വർഷം 3 കോടിയിലേറെ ബാധ്യത.

കടകളും ഷോറൂമുകളും

എച്ച്ടി വിഭാഗത്തിലാണ് ഷോറൂമുകൾ വരിക. ശരാശരി ഉപയോഗം 4 ലക്ഷം യൂണിറ്റ്. 25 പൈസ അധിക തീരുവ കണക്കാക്കിയാൽ മാസം ഒരു ലക്ഷം രൂപ അധികച്ചെലവ്. വർഷം 12 ലക്ഷം.

ഇങ്ങനെ അധികം ലഭിക്കുന്ന തീരുവ ഇനി കെഎസ്ഇബിക്കല്ല സർക്കാരിന്റെ ഖജനാവിലേക്കാണു പോകുന്നത്. അതോടെ അവതാളത്തിലാവുന്നത് കെഎസ്ഇബി കമ്പനിയുടെ പെൻഷൻ പദ്ധതിയുമാണ്.

English Summary: Kerala budget: Cess on industrial sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com