ADVERTISEMENT

തിരുവനന്തപുരം∙ ദുരിതങ്ങൾക്ക് ഒരു വിലാസമുണ്ടെങ്കിൽ അതിന്റെ പേര് ‘ഷംലയുടെ വീട്’ എന്നായിരിക്കും. വർഷങ്ങൾക്കു മുൻപു ഭർത്താവ് ഉപേക്ഷിച്ചപ്പോഴല്ല, മാലാഖയെപ്പോലെ പാറിപ്പറന്നു നടന്ന മകൾ, ഫാത്തിമയെന്ന പത്താംക്ലാസുകാരി സ്കൂളിൽ തളർന്നു വീണതിനു കാരണം പാൻക്രിയാസിനെ ബാധിക്കുന്ന നെസ്ഡിയോ ബ്ലാസ്‌റ്റോസിസ് എന്ന അപൂർവരോഗമാണെന്ന് അറിഞ്ഞപ്പോഴാണ് കൊല്ലം സ്വദേശി ഷംല ആദ്യം തളർന്നത്. ഓർമക്കുറവിലായിരുന്നു തുടക്കം. പഠിക്കാൻ മിടുക്കിയായ കുട്ടി ഉഴപ്പുകയാണെന്നു കരുതി അമ്മയും ടീച്ചർമാരും ശകാരിച്ചു.

എന്നാൽ ഒരു ദിവസം രക്തത്തിൽ പഞ്ചസാര അമിതമായി കുറഞ്ഞ് ക്ലാസിൽ തളർന്നു വീണു. 3 വർഷത്തോളം ആശുപത്രികളിൽ കയറിയിറങ്ങി. ഒടുവിൽ ബെംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണു രോഗം കണ്ടെത്തിയത്. പാൻക്രിയാസിന്റെ 90 ശതമാനവും തിരുവനന്തപുരത്തെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്നിട്ടും രോഗം കുറഞ്ഞില്ല. ഇപ്പോൾ മാസം ലക്ഷം രൂപയോളം ചെലവു വരുന്ന കുത്തിവയ്പുകളിലാണു ജീവിതം.

6 മാസം മുൻപാണ് അനുജത്തി ആറാം ക്ലാസുകാരി ഫാദിയയും ക്ലാസിൽ തളർന്നു വീണത്. പരിശോധനയ്‌ക്കൊടുവിൽ കുടുംബം ഭയപ്പെട്ട ഫലമെത്തി. ചേച്ചിയുടെ അതേ രോഗം തന്നെ. കണ്ണീർമഴയിൽ കുടുംബം പകച്ചു നിൽക്കുമ്പോൾ ദുരിതം പിന്നെയും ആഞ്ഞടിച്ചു. തളരാതെ കൈപിടിച്ച് ഈ ദൂരമത്രയും നടത്തിയ ഉമ്മ ഷംലയുടെ ചെറുകുടലിൽ കാൻസർ. പട്ടിണിനാളുകളിൽ അവഗണിച്ചുകളഞ്ഞ വയറുവേദനയാണു കാൻസറായി പരിണമിച്ചെത്തിയത്.

ഷംലയും മക്കളായ ഫാത്തിമയും ഫാദിയയും (ഫയൽ ചിത്രം)
ഷംലയും മക്കളായ ഫാത്തിമയും ഫാദിയയും (ഫയൽ ചിത്രം)

എല്ലാ ദുരിതക്കയങ്ങളിലും ആശ്വാസത്തിന്റെ ചെറുതീരങ്ങളെങ്കിലുമുണ്ടാകും. ഷംലയുടെ ജീവിതത്തിൽ അതു നസീമയെന്ന കൂട്ടുകാരിയാണ്. കുട്ടിയുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയ നസീമ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അവിടെ സഹായിയായി നിന്ന ഷംലയെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദമായി. ഫാത്തിമയുടെ ചികിത്സാ കാലത്തു താങ്ങായി നസീമ ഒപ്പം നിന്നു. വാടക കൊടുക്കാനില്ലാതെ വീട്ടിൽനിന്ന് ഇറക്കിവിടുമെന്നായപ്പോൾ ഷംലയെയും കുട്ടികളെയും തന്റെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി, നസീമ. അന്നു മുതൽ നസീമയ്ക്കൊപ്പം ഷംലയും കുട്ടികളും ജീവിക്കുന്നു.

മൂത്ത കുട്ടി ഫാത്തിമ ഇപ്പോൾ നസീമയുടെ വീട്ടിലെ രോഗക്കിടക്കയിലാണ്. ഇളയ മകൾ ഫാദിയയും ഉമ്മ ഷംലയും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ. ഈ കുടുംബത്തിലേക്ക് ആശ്വാസമെത്തണമെങ്കിൽ സുമനസ്സുകൾ കനിയണം.

അക്കൗണ്ട് വിവരങ്ങൾ:

SHAMLA .J
A/C 21780100023243
IFSC _FDRL0002178
FEDERAL BANK
SASTHAMANGALAM Br.

ഫോൺ നമ്പർ:

9037245381
9846982153 (ഗൂഗിൾ പേ നമ്പർ)

English Summary: Women and children fighting against disease in Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com