കൊല്ലം ∙ ഉയർന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെച്ചൊല്ലി വീണ്ടും വിവാദം. രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി.
സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണം – പരാതിയിൽ ആവശ്യപ്പെട്ടു.
അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെന്റിൽ താമസിച്ചതെന്നു ചിന്ത ജെറോം പറഞ്ഞു. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു.
English Summary: Controversy over Chintha Jerome's stay in resort having 6490 per day minimum rent