അകലെ അകലെ നഷ്ടപരിഹാരം; പദ്ധതികൾ കുറയ്ക്കാതെ വനംവകുപ്പും

HIGHLIGHTS
  • കൃഷിനാശത്തിനു നഷ്ടപരിഹാരം കിട്ടാതെ വലയുന്നത് 7217 പേർ
elephant
SHARE

കോഴിക്കോട്∙ വനത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കായി കോടികൾ ഒഴുക്കുമ്പോഴും വന്യജീവികൾ കൃഷി നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കിട്ടാതെ ഓഫിസുകൾ കയറിയിറങ്ങുന്നത് 7217 പേർ; വന്യമൃഗ ആക്രമണത്തിൽ നഷ്ടപരിഹാരം കിട്ടാതെ വലയുന്നത് 1698 കുടുംബങ്ങൾ. കർഷകനുള്ള നഷ്ടപരിഹാരം വൈകിപ്പിക്കരുത് എന്ന് വിദഗ്ധ സമിതികൾ ഉപദേശിക്കുമ്പോഴും ഓരോ തവണയും ഓഫിസുകളിൽ എത്തി, ഫണ്ട് ഇല്ലെന്നും അനുവദിച്ചാൽ തരാമെന്നുമുള്ള മറുപടിയും കേട്ട് മടങ്ങുകയാണ് ഇവർ.

ഒരു വാഴയ്ക്ക് 83 രൂപ മുതൽ നെല്ല് ഹെക്ടറിന് 11,000 രൂപ വരെയുള്ള തുച്ഛമായ തുകയാണ് വിളനാശത്തിന് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെയുള്ള നഷ്ടപരിഹാരം കൊടുത്തു തീർക്കാൻ വേണ്ട 12.36 കോടി രൂപ പോലും അനുവദിക്കാതിരിക്കുമ്പോഴാണ് വന്യജീവി സംഘർഷം ലഘൂകരിക്കാൻ 1150 കോടി രൂപയുടെ ബൃഹദ് പദ്ധതിയും സമർപ്പിച്ച് വനം വകുപ്പ് കാത്തിരിക്കുന്നത്. ‌

പുതിയ അപേക്ഷകളുടെ കൂടി പരിശോധന പൂർത്തിയാവുമ്പോൾ 15 കോടി രൂപയെങ്കിലും വേണമെന്ന സ്ഥിതിയാവും. പദ്ധതിയിതര വിഹിതത്തിൽ നിന്നാണ് നഷ്ടപരിഹാര ഫണ്ട് നൽകുന്നതെന്നും വർഷം പരമാവധി 5 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവഴിക്കാൻ സാധിക്കുന്നതെന്നും വനം മന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

വനം ഓഫിസുകളിൽ നിന്ന് കൃത്യമായ കണക്കുകൾ പോലും നൽകാതായതോടെയാണ് 2019 മുതലുള്ള അപേക്ഷകൾ അലമാരയിൽ ആയത്. മന്ത്രിയുടെ ഓഫിസിലേക്ക് രണ്ടു മാസം കൂടുമ്പോൾ ഈ കണക്കുകൾ നേരിട്ടു നൽകാനാണ് ഇപ്പോഴത്തെ നിർദേശം. ജനുവരി 31 വരെ ശേഖരിച്ച കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.

ഇതു വരെ 19,233 അപേക്ഷകളാണ് നഷ്ടപരിഹാരത്തിനായി ലഭിച്ചത്. അതിൽ 7217 എണ്ണം തീർപ്പാക്കാൻ ബാക്കി. നോർത്തേൺ സർക്കിളിൽ (കണ്ണൂർ) ആണ് ഏറ്റവും കൂടുതൽ കുടിശിക – 3631 അപേക്ഷകൾ. ഈസ്റ്റേൺ സർക്കിൾ – 1301 , സതേൺ സർക്കിൾ –785, സെൻട്രൽ സർക്കിൾ –777 ഇങ്ങനെ പോകുന്നു മറ്റു കണക്കുകൾ. 

2016 മുതൽ 755 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും 6710 പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് കണക്ക്. ഇതിൽ 5800 പേർക്ക് നഷ്ടപരിഹാരം നൽകി. ഇനിയും ബാക്കിയുള്ളത് 1698 അപേക്ഷകൾ. 325 അപേക്ഷകൾ തള്ളി.

English Summary : Not getting compensation for agriculture distroyed by wild animals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS