ADVERTISEMENT

കോഴിക്കോട് ∙ അച്ഛൻ സഹദ് പ്രസവിച്ചു; അമ്മ സിയ പ്രസവ മുറിക്കു മുന്നിൽ കാത്തിരുന്നു. ഇരുവരുടെയും കുഞ്ഞിനൊപ്പം രാജ്യത്തു പിറന്നതു പുതുചരിത്രം. അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു.

തിരുവനന്തപുരം സ്വദേശിയായ ട്രാൻസ്പുരുഷൻ സഹദിനും കോഴിക്കോട് സ്വദേശിനിയായ ട്രാൻസ്‌വനിത സിയയ്ക്കും കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുഞ്ഞു പിറന്നത്. രാജ്യത്ത് ആദ്യമായാണ് ട്രാൻസ്പുരുഷൻ ഗർഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്നത്. ഇന്നലെ രാവിലെ 9.37നായിരുന്നു ശസ്ത്രക്രിയ. കുഞ്ഞിനു തൂക്കം 2.90 കിലോഗ്രാം.

‘‘തൽക്കാലം കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്താൻ താൽപര്യമില്ല. മാതാപിതാക്കൾ ട്രാൻസ് ആയതു കൊണ്ട് കുഞ്ഞ് ട്രാൻസ് ആകണമെന്നു നിർബന്ധമില്ല. പുരുഷമാതാവ് എന്ന വിശേഷണത്തോടും താൽപര്യമില്ല’’– സിയ പറഞ്ഞു.

sahal
സഹദും സിയയും, (ഫയൽ ചിത്രം.)

പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയയും സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ സഹദും അതോടനുബന്ധിച്ച ചികിത്സ തുടരുന്നതിനിടെയാണ് ഗർഭം ധരിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഹോർമോൺ ചികിത്സ നിർത്തി. സഹദ് ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല. സിയയിൽനിന്ന് സഹദ് ഗർഭം ധരിച്ചു. പ്രസവത്തിനായി ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. പ്രത്യേക മുറിയും അനുവദിച്ചു.

സഹദിന്റെ സ്തനങ്ങൾ നീക്കം ചെയ്തിരുന്നതിനാൽ മെഡിക്കൽ കോളജിൽ നവജാതശിശുക്കൾക്കായി തയാറാക്കിയ മിൽക്ക് ബാങ്ക് വഴിയാണ് ഇപ്പോൾ കുഞ്ഞിനു മുലപ്പാൽ നൽകുന്നത്. സഹദിന്റെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം കുടുംബം ഉമ്മളത്തൂരിലെ വാടകവീട്ടിലേക്കു മാറും. പൂർണ പിന്തുണ നൽകിയ മെഡിക്കൽ കോളജിലെ മെഡിക്കൽ സംഘത്തോടു നന്ദിയുണ്ടെന്നു സിയ പറഞ്ഞു. മന്ത്രി വീണാ ജോർജ് കുടുംബത്തിന് ആശംസകൾ നേർന്നു.

 

Eglish Summary : Kerala transman gives birth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com