ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെ സാധാരണക്കാരുടെ നടുവൊടിക്കുന്ന നികുതി നിർദേശങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം അലയടിച്ചിട്ടും നയാപ്പൈസ പോലും കുറയ്ക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചു. ഇളവുകളൊന്നുമില്ലെന്നു ബജറ്റ് ചർച്ചയുടെ മറുപടിപ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. ഇന്ധന സെസിന് ഒരു രൂപ കുറച്ചേക്കുമെന്നു പത്രത്തിൽ കണ്ട് സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടെന്നു പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു. സമരം നടത്തി കുറച്ചെന്നു വരുത്താൻ ശ്രമിച്ചെന്നും സത്യഗ്രഹം നടത്താനുള്ള ശേഷിയേ പ്രതിപക്ഷത്തിനുള്ളൂവെന്നും പരിഹാസം നീണ്ടു. കാർ വാങ്ങലും വിദേശയാത്രകളും ഒഴിവാക്കി ചെലവു ചുരുക്കുന്നതല്ല സർക്കാരിന്റെ നയമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി.  

മന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നതിനുമുൻപു തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു സഭ വിട്ടിറങ്ങി. നികുതി കുറയ്ക്കാത്തതു മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണെന്ന് ആരോപിച്ച പ്രതിപക്ഷം, സമരം തുടരുമെന്നു വ്യക്തമാക്കി. നിയമസഭയിൽ ഇന്നും പ്രതിഷേധിക്കാനാണു തീരുമാനം. നിയമസഭ തൽക്കാലത്തേക്കു പിരിയുന്ന ദിവസമായതിനാൽ സഭാ കവാടത്തിലെ 4 യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം ഇന്ന് അവസാനിപ്പിക്കും. 

udf
പ്രതിഷേധച്ചുവട്: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതികൾ പിൻവലിക്കാൻ ധനമന്ത്രി തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങിയപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

പ്രതിഷേധം പ്രതിപക്ഷത്തിനു മാത്രമാണെന്നും ജനങ്ങൾക്കല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാടാണ് സർക്കാരും സിപിഎമ്മും സഭയ്ക്ക് അകത്തും പുറത്തും സ്വീകരിച്ചത്. നികുതി കൂട്ടേണ്ട സാഹചര്യമുണ്ടാക്കിയതു കേന്ദ്ര സർക്കാരാണെന്നു ബാലഗോപാൽ ന്യായീകരിച്ചു. കേന്ദ്രം ഇന്ധന സെസ് പിരിക്കുന്നുണ്ടല്ലോ ? സാമൂഹികസുരക്ഷാ പെൻഷൻ തുകയുടെ 10% പോലും ഇന്ധന സെസിൽനിന്നു പിരിക്കുന്നില്ല. സെസ് എടുത്തുകളഞ്ഞ് പെൻഷൻ പദ്ധതി നിർത്തണോ എന്നും ചോദിച്ചു. 

നികുതി പിരിവിലുണ്ടായ ദയനീയ പരാജയത്തിന്റെ ഭാരമാണു ജനങ്ങൾക്കു മേൽ കെട്ടിവയ്ക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 13നും 14നും ജില്ലാ കേന്ദ്രങ്ങളിൽ യുഡിഎഫ് രാപകൽ സത്യഗ്രഹം നടത്തും. മന്ത്രിമാരെ വഴിയിൽ തടയുമെന്നു യൂത്ത് ലീഗ് പ്രഖ്യാപിച്ചു. 

ഇന്നലെ മഹിളാ കോൺഗ്രസ് നിയമസഭയിലേക്കും ആർവൈഎഫ് സെക്രട്ടേറിയറ്റിലേക്കും മാർച്ച് നടത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽതടങ്കലിലാക്കി. 

 

 

തുർക്കി, സിറിയ: 10 കോടി സഹായം

തിരുവനന്തപുരം ∙ ഭൂകമ്പമുണ്ടായ തുർക്കിയിലും സിറിയയിലും ദുരിതാശ്വാസമെത്തിക്കാൻ 10 കോടി രൂപ അനുവദിക്കുന്നതായി മന്ത്രി കെ.എൻ.ബാലഗോപാൽ  പ്രഖ്യാപിച്ചു. ലോക സമാധാന സമ്മേളനം നടത്താൻ കഴിഞ്ഞ ബജറ്റിൽ 2 കോടി രൂപ മാറ്റിവച്ചതിനെ പരിഹസിച്ച പ്രതിപക്ഷത്തിന്, അതിനുള്ള ആലോചനകൾ നടക്കുന്നതായി മന്ത്രി മറുപടി നൽകി. നൊബേൽ സമ്മാനം കൊടുക്കുന്ന ഏജൻസിയുടെ ആസ്ഥാനം മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. ലോക സമാധാനത്തിനു വേണ്ടി ചിത്രകാരൻ പിക്കാസോ ചിത്രം വരച്ചിട്ടുണ്ട്. ഇങ്ങനെ പരിഹസിക്കാൻ തുനിഞ്ഞാൽ അവർക്കൊന്നും ഈ രചനകൾ നടത്താൻ പറ്റുമായിരുന്നില്ലെന്നു മന്ത്രി പറഞ്ഞു.

 

 

English Summary: No change in tax hike in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com