ADVERTISEMENT

പത്തനംതിട്ട ∙ തിരുവനന്തപുരം–കന്യാകുമാരി റെയിൽ പാത (86.56 കിമീ) ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ നേമം വരെയുള്ള (8 കിമീ) പണികളുടെ ആദ്യ കരാർ റെയിൽവേ ഉടൻ ക്ഷണിക്കും.

പദ്ധതിക്കു വേണ്ട 90 ശതമാനം ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയതിനെ തുടർന്നാണു നടപടി. 101 കോടി രൂപയുടെ കരാറുകളാണ് ആദ്യം ക്ഷണിക്കുക. നേമം വരെയുള്ള രണ്ടാം പാതയ്ക്കായി തറ ഒരുക്കുന്നതിനും മൺതിട്ടയുടെ നിർമാണത്തിനും 49 കോടി രൂപ, റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിന് 29 കോടി, കരമനയാറിനും കിള്ളിയാറിനും കുറുകെയുള്ള പാലങ്ങളുടെ നിർമാണത്തിന് 23 കോടി എന്നിങ്ങനെയാണു കരാർ തുക.

നേമം മുതൽ പാറശാല വരെയുള്ള ഭാഗത്തെ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. 

ദേശീയപാതയ്ക്കു ഭൂമിയേറ്റെടുക്കുന്നതു വിലയിരുത്താൻ റവന്യു വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഉന്നതതല നിരീക്ഷണ സംവിധാനം റെയിൽവേ പദ്ധതികൾക്കും ബാധകമാക്കാനും നേമം മുതൽ പാറശാല വരെ ഭൂമിയേറ്റെടുക്കാൻ അധിക സ്ഥലമേറ്റെടുക്കൽ യൂണിറ്റ് ആവശ്യമെങ്കിൽ നൽകാനും നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് ഇത്തവണത്തെ ബജറ്റിൽ 808 കോടി രൂപയാണുള്ളത്. കഴിഞ്ഞ വർഷം ഭൂമിയേറ്റെടുക്കാനായി 532 കോടി രൂപ റെയിൽവേ  തിരുവനന്തപുരം കലക്ടറേറ്റിൽ കെട്ടിവച്ചിരുന്നു. 

നേമം വരെ രണ്ടാം പാത വരുമെന്ന് ഉറപ്പായെങ്കിലും നേമം ടെർമിനലിന് അനുമതി വൈകുകയാണ്. പദ്ധതി സംബന്ധിച്ചു ദക്ഷിണ റെയിൽവേ പഠിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 മാർച്ചിൽ അന്നത്തെ റെയിൽവേ മന്ത്രി തറക്കല്ലിട്ട പദ്ധതിയാണു റെയിൽവേ ഇപ്പോൾ വീണ്ടും പഠിക്കുന്നത്.

നേമം ടെർമിനൽ വരാതെ തിരുവനന്തപുരത്തെ പ്രശ്നങ്ങൾ തീരില്ലെന്നു റെയിൽവേ ആവർത്തിക്കുമ്പോളും പദ്ധതിക്ക് അനക്കമില്ല.

തിരുവനന്തപുരത്തു പ്ലാറ്റ്ഫോം ഒഴിവില്ലാത്തതു മൂലം ട്രെയിനുകൾ വൈകുന്നതും പതിവാണ്. ആവശ്യത്തിനു ലൈനുകളില്ലാത്തതിനാൽ കടയ്ക്കാവൂർ,       മുരുക്കുംപുഴ എന്നിവിടങ്ങളിലാണു ട്രെയിനുകൾ നിർത്തിയിടുന്നത്.

 

English Summary: Trivandrum- Kanyakumari railway track doubling 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com