ADVERTISEMENT

കൊച്ചി ∙ മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ട്രസ്റ്റികളായി സജീവ രാഷ്ട്രീയപ്രവർത്തകരെയും ഭാരവാഹികളെയും നിയമിക്കരുതെന്നു ഹൈക്കോടതി വിധിച്ചു. ധാർമികതയ്ക്കു നിരക്കാത്ത കേസുകളിൽപ്പെട്ടവരും ക്ഷേത്ര ട്രസ്റ്റികളായി നിയമിക്കപ്പെടാൻ യോഗ്യരല്ല. യോഗ്യതയില്ലാത്തവരെയും വിശ്വാസ യോഗ്യരല്ലാത്തവരെയും പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കുന്നത് ഒഴിവാക്കുന്നതിനായി, നിയമന നടപടികൾക്കു മുൻപ് ദേവസ്വം ബോർഡ് യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

മലബാർ ദേവസ്വത്തിനു കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളികാവ് ക്ഷേത്രത്തിൽ സിപിഎം – ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെ 2021 ൽ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ചതിനെതിരെ അനന്തനാരായണൻ, പി.എൻ.ശ്രീരാമൻ എന്നിവരാണു കോടതിയിലെത്തിയത്. നിയമിതരായ 3 പേർക്കും യോഗ്യതയില്ലെന്നും കഴിഞ്ഞ 20നു കാലാവധി പൂർത്തിയായതിനാൽ നിയമനം റദ്ദാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പാർട്ടി ഭാരവാഹിത്വം ലഭിച്ചപ്പോൾ ട്രസ്റ്റി ബോർഡ് നേതൃത്വം ഒഴിഞ്ഞെന്ന് അശോക്‌കുമാർ, രതീഷ് എന്നിവരും ഡിവൈഎഫ്ഐ രാഷ്ട്രീയ സംഘടനയല്ലെന്നു പങ്കജാക്ഷനും വാദിച്ചു. എന്നാൽ, സജീവ രാഷ്ട്രീയക്കാർക്കും ഭാരവാഹികൾക്കും അയോഗ്യതയുണ്ടെന്ന് പുക്കോട്ട് കാളികാവ് പാരമ്പര്യേതര ട്രസ്റ്റി നിയമന വിജ്ഞാപനത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

പാർട്ടി ഭാരവാഹി തിരഞ്ഞെടുപ്പ് പൊതുജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നതു പോലെയല്ല. പാർട്ടികളിൽ സജീവ പങ്കാളിത്തമുള്ളവരെയാണ് ഭാരവാഹികളാക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ക്രിമിനൽ കേസുകളുടെയും പശ്ചാത്തലം മറച്ചുവച്ച് ഇവർ ട്രസ്റ്റികളായി അപേക്ഷ നൽകിയതു ശരിയായില്ല. മലബാർ ദേവസ്വം ബോർഡ് ഇക്കാര്യം അന്വേഷിച്ചുമില്ലെന്നു കോടതി പറഞ്ഞു. അപേക്ഷകർ ഭക്തരും ക്ഷേത്ര പുരോഗതിയിൽ തൽപരരും ആകണമെന്നും വിജ്ഞാപനത്തിലുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാൻ ട്രസ്റ്റികൾക്കു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

‘പതിവായി വരുന്ന ഭക്തർ മതി’

മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റികളുടെ നിയമനം ‘ചാത്തു അച്ചൻ േകസി’ലെ വിധിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സജീവ രാഷ്ട്രീയക്കാരോ ഭാരവാഹികളോ ട്രസ്റ്റി നിയമനത്തിനു യോഗ്യരല്ലെന്നും നിയമിക്കപ്പെടുന്നവർ ക്ഷേത്രത്തിൽ പതിവായി വരുന്ന ഭക്തരും ക്ഷേത്ര പുരോഗതിക്കായി പ്രവർത്തിക്കാൻ സന്നദ്ധരും ആകണമെന്നും വ്യക്തമാക്കുന്നതാണ് ഈ കേസിലെ വിധി.

മലബാർ ദേവസ്വം ബോർഡിനു കീഴിൽ 1340 ക്ഷേത്രങ്ങളുണ്ട്. ഇതിൽ ട്രസ്റ്റി ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റികളായി രാഷ്ട്രീയക്കാർ നിയമിക്കപ്പെടുന്ന പതിവു രീതിക്കു തടയിടുന്നതാണു ഹൈക്കോടതി വിധി.

English Summary: No place for politicians in temple administration: Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com