ADVERTISEMENT

തിരുവനന്തപുരം ∙ കുണ്ടമൺകടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ (45) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശാണ് കേസിലെ ഒന്നാം പ്രതി. പ്രകാശ് ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കൃഷ്ണകുമാറിനെ നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് ചെയ്ത ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആശ്രമം കത്തിച്ച കേസിലെ പങ്ക് പുറത്തായത്. കത്തിക്കുന്നതിനു മുൻപായി ആശ്രമത്തിൽ സ്ഥാപിച്ച റീത്ത് ചാലയിൽ നിന്നു വാങ്ങിയത് കൃഷ്ണകുമാറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്.

സന്ദീപാനന്ദഗിരിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. ഈ കേസിൽ ഒളിവിലുള്ള ശബരി രണ്ടാം പ്രതിയും കൃഷ്ണകുമാർ മൂന്നാം പ്രതിയുമാണ്. ആശ്രമം കത്തിച്ചത് പ്രകാശും ശബരിയുമാണെന്നാണ് കൃഷ്ണകുമാറിന്റെ മൊഴിയെന്നു പൊലീസ് പറഞ്ഞു. ആശ്രമം കത്തിക്കാനായി വിജിലേഷെന്ന സുഹൃത്തിന്റെ ബൈക്കിലാണ് പ്രകാശും ശബരിയും എത്തിയത്. ആശ്രമം കത്തിച്ച ശേഷം ഈ ബൈക്ക് വട്ടിയൂർക്കാവിലെ വർക്‌ഷോപ്പിൽ പൊളിച്ചു വിറ്റു. വർക്‌ഷോപ് ഉടമയുടെയും ബൈക്ക് ഉടമയുടെയും മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ആശ്രമം കത്തിച്ച ദിവസം തന്നെ കൃഷ്ണകുമാർ തലസ്ഥാനം വിട്ടു.

Read Also: ജനൽമറ താഴ്ത്തി വിമാനത്തിൽ, 10 മണിക്കൂർ ട്രെയിനിൽ; സംഭവബഹുലം, ബൈഡന്റെ കീവ്

ആശ്രമം കത്തിച്ചത് താനാണെന്നു മരിക്കുന്നതിനു മുൻപ് പ്രകാശ് വെളിപ്പെടുത്തിയതായി സഹോദരൻ പ്രശാന്ത് പറഞ്ഞത് കേസിൽ നിർണായകമായി. ഈ മൊഴി കോടതിയിൽ പ്രശാന്ത് മാറ്റിയെങ്കിലും ക്രൈംബ്രാഞ്ച് കേസുമായി മുന്നോട്ടു പോയി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ആശ്രമം കത്തിക്കാനായി പ്രകാശും ശബരിയും ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദ്യശ്യങ്ങളും ലഭിച്ചിരുന്നു. കത്തിക്കുന്നതിനു മുൻപ് സന്ദീപാനന്ദഗിരിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ റീത്താണ് ആശ്രമത്തിനു മുന്നിൽ സ്ഥാപിച്ചത്.

2018 ലാണ് ആശ്രമത്തിനു മുന്നിലെ വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്. കേസിൽ ആർഎസ്എസുകാരൻ പിടിയിലായതോടെ ഇക്കാര്യത്തിൽ സംഘപരിവാർ നടത്തി വന്ന നുണപ്രചാരണം പൊളിഞ്ഞെന്ന് സ്വാമി സന്ദീപാനന്ദഗിരി. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നു. എല്ലാവരെയും പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

English Summary: RSS worker arrested in Swami Sandeepananda Giri Ashram destroyed case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com