ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസ് സേനയുടെ പ്രവർത്തനത്തിലെ വീഴ്ചകളുടെ പേരിൽ തിരുവനന്തപുരം റൂറൽ എസ്പിക്കും കൊല്ലം, തൃശൂർ, കോഴിക്കോട് സിറ്റി കമ്മിഷണർമാർക്കും സംസ്ഥാന പൊലീസ് മേധാവിയുടെ ക്രൈം കോൺഫറൻസിൽ കടുത്ത ശകാരം. പൊലീസിലെ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാത്തതടക്കം പല കാര്യങ്ങളിലും ഇവർക്കു മറുപടിയില്ലായിരുന്നു.

ഡിജിപി അനിൽ കാന്തും പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാറുമാണ് വിമർശനം ഉന്നയിച്ചത്. പഴക്കമുള്ള കേസുകൾ തീർപ്പാക്കുന്നതിലും വധശ്രമക്കേസ് പ്രതികളെയും വാറന്റ് കേസ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിലും കാപ്പ നിയമം ചുമത്തുന്നതിലുമുള്ള വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. പൊലീസിലെ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാതെ എസ്പിമാർ ഒത്തുകളിച്ചാൽ അത്തരം കേസുകൾ സിബിഐക്കു കൈമാറുമെന്നു മുന്നറിയിപ്പും നൽകി.

അതേസമയം മലപ്പുറം, കാസർകോട്, കോട്ടയം, പാലക്കാട്, എറണാകുളം റൂറൽ എന്നിവിടങ്ങളിലെ മികച്ച പ്രവർത്തനത്തിന് എസ്പിമാരെ അഭിനന്ദിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിമാർ മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരും ഇന്റലിജൻസ്, ക്രൈംബ്രാഞ്ച് ഉന്നതരുമാണു യോഗത്തിൽ പങ്കെടുത്തത്.

എല്ലാ എസ്പിമാരും ജില്ലകളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ യോഗം ഉടൻ വിളിക്കണം. എഡിജിപി എം.ആർ.അജിത് കുമാർ ഇത് ഏകോപിപ്പിക്കും. ജില്ലാ സ്പെഷൽ ബ്രാഞ്ചുകളുടെ പ്രവർത്തനം ഉടച്ചുവാർക്കും. തിരുവനന്തപുരം സിറ്റിയിൽ കഴിഞ്ഞമാസം പ്രവർത്തനം മെച്ചപ്പെട്ടെന്നും മലപ്പുറത്തു ലഹരി– സ്വർണക്കടത്ത് ഇടപാടുകൾ തടയുന്നതിൽ മികവുണ്ടായെന്നും വിലയിരുത്തലുണ്ടായി. കാപ്പ ചുമത്തുന്നതിൽ കോട്ടയത്തു മികച്ച പ്രവർത്തനമാണെന്നും വിലയിരുത്തി.

നിക്ഷേപത്തട്ടിപ്പ്: ബഡ്സ് നിയമം ഇന്നുമുതൽ കർശനം

അനധികൃത നിക്ഷേപത്തട്ടിപ്പുകാരുടെ സ്വത്തു മരവിപ്പിക്കാനും ജപ്തി ചെയ്യാനും പൊലീസിന് അധികാരം നൽകുന്ന ബഡ്സ് (ബാനിങ് ഓഫ് അൺറഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ്) നിയമം ഇന്നുമുതൽ കർശനമായി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. പൊലീസ് തട്ടിപ്പുകാരുമായി ഒത്തുകളിക്കുന്നതു തടയും. കേസ് എടുത്താൽ 48 മണിക്കൂറിനകം സ്വത്തു കണ്ടുകെട്ടാനായി ബന്ധപ്പെട്ട അതോറിറ്റിക്കു റിപ്പോർട്ട് നൽകണം.

English Summary: District police chiefs slammed over poor law and order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com