ADVERTISEMENT

കോഴിക്കോട് ∙ വിദേശമലയാളികളെ ചേർത്തു നോർക്ക റൂട്സിന്റെ കീഴിൽ രൂപീകരിച്ച കമ്പനിക്ക് ‘വഴിയോര വിശ്രമകേന്ദ്രങ്ങൾ’ തുടങ്ങാൻ വിവിധ ജില്ലകളിൽ സർക്കാർഭൂമി ഉടമസ്ഥാവകാശംതന്നെ വിട്ടുകളഞ്ഞു കൈമാറാൻ സർക്കാർ തീരുമാനം. റവന്യു, ധന, നിയമ വകുപ്പുകളുടെ എതിർപ്പുകൾ അവഗണിച്ചാണിത്. ദേശീയ, സംസ്ഥാന പാതകളോടു ചേർന്ന് 5 ഏക്കർ ഭൂമിയാണു കൈമാറുന്നത്. ഭൂമിയുടെ കമ്പോളവില, സംരംഭത്തിൽ സർക്കാരിന്റെ ഓഹരിയായി കണക്കാക്കാനാണു തീരുമാനം. 

ആദ്യപടിയായി കാസർകോട് തലപ്പാടിയിൽ ജിഎസ്ടി വകുപ്പിന്റെ 7.5 കോടി ന്യായവില കണക്കാക്കിയ 5 ഏക്കറും ആലപ്പുഴ ചേർത്തലയിൽ സിൽക്ക്, ഓട്ടോകാസ്റ്റ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ 45 കോടിയുടെ 5 ഏക്കറും ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഓകിൽ) കമ്പനിക്കു പതിച്ചുനൽകാൻ നടപടി തുടങ്ങി. ചേർത്തലയിലെ ഈ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങാനായി സിൽക്കും ഓട്ടോകാസ്റ്റും ക്ഷണിച്ചിരുന്ന ടെൻഡറുകൾ റദ്ദാക്കാനും തീരുമാനിച്ചു. 

കിഫ്ബിയുമായി ഓകിലിന്റെ കരാർ പ്രകാരം 30 കേന്ദ്രങ്ങളിൽ വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാൻ 1000 കോടിയുടെ പദ്ധതിയാണിത്. യാത്രക്കാർക്കു വിശ്രമ കേന്ദ്രം, ശുചിമുറി, ഫുഡ്കോർട്ട്, വർക് ഷോപ്, ഷോപ്പിങ് സൗകര്യം എന്നിവയുൾപ്പെടുന്നതാണു പദ്ധതി. 

വയനാട് ലക്കിടിയിൽ പൊതുമരാമത്തു വകുപ്പിന്റെ ഭൂമി, ആലുവയിൽ റവന്യുവിന്റെയും ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിന്റെയും ഭൂമി, മലപ്പുറം നിലമ്പൂരിൽ വനഭൂമി എന്നിവയും ‘വിശ്രമകേന്ദ്രം’ തുടങ്ങാനായി കണ്ടെത്തിയിട്ടുണ്ട്. ‘ഭൂമി അന്യാധീനപ്പെടുത്തരുത്’ എന്ന പ്രധാന വ്യവസ്ഥ ഒഴിവാക്കണമെന്നു ഓകിൽ അപേക്ഷ നൽകിയതിനെത്തുടർന്ന് ആ വ്യവസ്ഥയും മാറ്റുകയാണ്. ഭൂമി ബാങ്കിൽ പണയപ്പെടുത്തി വായ്പ എടുക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത് എന്ന ന്യായത്തിലാണു നീക്കം. 

ബാജു ജോർജാണ് ഓകിൽ എംഡി. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ മുഖ്യമന്ത്രി, ധന അഡിഷനൽ ചീഫ് സെക്രട്ടറി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ഒ.വി.മുസ്തഫ എന്നിവരും അംഗങ്ങളാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, സ്വപ്ന സുരേഷിനെ നിയമിക്കാൻ ആലോചിച്ചിരുന്നതും ഇതേ സംരംഭത്തിലാണ്. 

മന്ത്രിസഭായോഗത്തിനുള്ള കുറിപ്പിൽ വിവിധ വകുപ്പുകൾ നിർദേശിച്ച ഭേദഗതികൾ

റവന്യു വകുപ്പ്

കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയവയ്ക്കുപോലും നൽകാത്ത ഇളവുകളാണ് ‘ഓകിലി’ന് നൽകുന്നതെന്ന് ലാൻഡ് റവന്യു കമ്മിഷണർ. പത്തോ ഇരുപതോ വർഷത്തേക്കു പാട്ടത്തിനു നൽകുന്നതിനുപകരം പാട്ടത്തുകയോ ഭൂമിവിലയോ ഈടാക്കാതെ കമ്പനികൾക്കു ഭൂമി നൽകുന്നതിനു വ്യവസ്ഥ ഇല്ല. 

നിയമ വകുപ്പ്

സർക്കാർ ഭൂമിയുടെ ഉടമസ്ഥത കമ്പനിക്കു നൽകുന്നതിനുള്ള നിർദേശം ഭൂപതിവു നിയമത്തിന്റെയും ചട്ടങ്ങളുടെയും പുറത്തുള്ള സംഗതിയാണ്. ധനകാര്യവകുപ്പിന്റെ പരിശോധനയോടെ ചെയ്യണം. 

ധന വകുപ്പ്

തലപ്പാടിയിൽ ജിഎസ്ടി വകുപ്പിന്റേതാണു ഭൂമി. ഭൂമി കമ്പോളവിലയ്ക്കു നൽകാൻ കഴിയില്ല. ചെക്പോസ്റ്റുകൾ തിരികെ വന്നാൽ ഭൂമി തിരികെ നൽകണം എന്ന വ്യവസ്ഥയിൽ ഉടമസ്ഥാവകാശം ജിഎസ്ടി വകുപ്പിൽ നിലനിർത്തിക്കൊണ്ട് വാർഷിക വാടകയ്ക്കു നൽകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com