ADVERTISEMENT

തിരുവനന്തപുരം ∙ ഷുഹൈബ് വധം സംബന്ധിച്ച ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, തുടരന്വേഷണം ആവശ്യപ്പെട്ടു നൽകിയ അടിയന്തരപ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. പ്രധാന പ്രതിയുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷണ സംഘത്തലവൻ അറിഞ്ഞില്ലേ? ഇക്കാര്യം മുഖ്യമന്ത്രി പറയാത്തതു ശരിയാണോ? പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട ആരും പ്രതികളല്ല. എടയന്നൂരിലെ പാർട്ടി സഖാക്കളാണു തങ്ങളെക്കൊണ്ടു കൊലപാതകം ചെയ്യിച്ചതെന്നാണു വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തെ എന്തിനാണു ഭയപ്പെടുന്നത്?

പി.ജയരാജന്റെ സമൂഹ മാധ്യമ സംഘമായ പി.ജെ.ആർമിയിലെ മുന്നണിപ്പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി. വർഷങ്ങളായി അയാൾ പാർട്ടിക്കു വേണ്ടി ക്വട്ടേഷൻ പണി നടത്തുകയായിരുന്നു. ഒരു സുപ്രഭാതത്തിലല്ല ക്രിമിനലായത്. വെളിപ്പെടുത്തൽ വന്നപ്പോൾ പി.ജയരാജനെ കൊണ്ടുപോയി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. അങ്ങനെ തീർക്കാവുന്ന വിഷയമാണോ ഇത്? പ്രതിയായ ശേഷമാണ് അയാളെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. കൂട്ടു പ്രതികളിൽ പലരെയും പാർട്ടിയിൽ തിരിച്ചെടുത്തുവെന്നും സതീശൻ ആരോപിച്ചു. 

അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയ ടി.സിദ്ദീഖും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൊലപാതക ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്കു പങ്കുണ്ടെന്ന് ആരോപിച്ചിട്ടും ഭരണപക്ഷത്തു നിന്നു കാര്യമായ പ്രതിഷേധം ഉയർന്നില്ല. സിപിഎമ്മിനെയും ചില നേതാക്കളെയും പേരെടുത്തു പറഞ്ഞപ്പോൾ ഭരണപക്ഷത്തു നിന്ന് ആദ്യം പ്രതിഷേധം ഉയർന്നെങ്കിലും ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായ കാര്യങ്ങൾ രേഖകളിൽ ഉണ്ടാകില്ലെന്നു സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. 

കൊല ചെയ്തവരും ചെയ്യിച്ചവരും തമ്മിലുള്ള പോരാട്ടമാണു നടക്കുന്നതെന്ന് സിദ്ദീഖ് ആരോപിച്ചു. ആകാശ് തില്ലങ്കേരിയെ പാർട്ടിയിൽ നിന്നു പുറത്താക്കാനുള്ള തീരുമാനം എടുത്തത് അച്ഛനെ സിപിഎം ഓഫിസിൽ വിളിച്ചു വരുത്തി വിശദീകരിച്ച ശേഷമാണ്. സ്കൂളിൽ തെറ്റു ചെയ്യുന്ന കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു വരുത്തുന്ന പോലെയാണിത്. പ്രതിയുടെ വെളിപ്പെടുത്തലിനെക്കാൾ കൂടുതൽ തെളിവു തുടരന്വേഷണത്തിനു വേണമോ എന്നും സിദ്ദീഖ് ചോദിച്ചു.

പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നു ഷുഹൈബിന്റെ മാതാപിതാക്കൾ കുറ്റപ്പെടുത്തിയിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച വാഹനം ആരുടേതാണെന്നു പോലും അന്വേഷിച്ചിട്ടില്ലെന്നു സതീശൻ ചൂണ്ടിക്കാട്ടി. പാർട്ടിക്കു പങ്കില്ലെങ്കിൽ തുടരന്വേഷണം സിബിഐയെ ഏൽപ്പിക്കാമെന്നു സുപ്രീംകോടതിയെ അറിയിക്കാൻ തയാറാണോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. 

English Summary: VD Satheesan on Shuhaib Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com