ADVERTISEMENT

വർക്കല ∙ വേദനയെക്കാൾ പവിത്രയുടെ മുഖത്തു തെളിഞ്ഞതു ഭയമായിരുന്നു. മരണത്തിന്റെ നൂലിഴപ്പാതയിലൂടെ കടന്നുപോയ അനുഭവം. തോളെല്ലിലും കഴുത്തിനും കൈകൾക്കുമാണു വേദനയുള്ളതെന്നു ഡോക്ടർമാരോടു പവിത്ര പറഞ്ഞു. 3.40നാണു പാരാ ഗ്ലൈഡിങിൽ പറന്നുതുടങ്ങിയത്.

വർക്കലയ്ക്ക് ഇടയ്ക്ക് വരാറുണ്ടെങ്കിലും പാരാ ഗ്ലൈഡിങിന് ആദ്യമായാണ് കയറിയതെന്നു പൊലീസിന് നൽകിയ മൊഴിയിൽ പവിത്ര വ്യക്തമാക്കി. പത്തു മിനിറ്റു പറന്നുകഴിയുമ്പോഴാണു കാറ്റിന്റെ ദിശയിൽ വ്യത്യാസമുണ്ടായത്. അതോടെ വേഗം കൂടി. ഇതിനിടയിൽ നിയന്ത്രിക്കുന്ന കയറുകൾ ചലിപ്പിക്കാൻ കഴിയാതെ മുറുകി. ഗ്ലൈഡറിന്റെ ഒരു ഭാഗം താഴ്ന്നു. ഇതോടെയാണു പെട്ടന്നു താഴ്ചയിലേക്കു പോയത്.

പിന്നെ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ‌ കുടുങ്ങിയാടിയ ശേഷമാണു പോസ്റ്റിലേക്ക് ചേർന്നുപിടിക്കാനായത്. അങ്ങനെ തൂങ്ങിക്കിടക്കേണ്ടി വന്ന ഒന്നര മണിക്കൂറും മരണം മുന്നിൽ നിന്നപോലെയായിരുന്നുവെന്നു പൊലീസിനോടു പവിത്ര പറഞ്ഞു. ഒടുവിൽ ഫയർഫോഴ്സും പൊലീസും താഴെ നിന്ന് ഓരോ നിർദേശങ്ങൾ വിളിച്ചുപറഞ്ഞപ്പോഴാണു പേടി കുറഞ്ഞത്. 

ഗ്ലൈഡറിന്റെ കയറുകൾ മെല്ലെ പോസ്റ്റിൽ ചുറ്റാൻ നിർദേശം നൽകിയപ്പോൾ, അതു ചുറ്റിയതുൾപ്പെടെ നിർദേശങ്ങൾ പവിത്ര പാലിക്കുകയും ചെയ്തു. അതോടെയാണ് രക്ഷിക്കാനെത്തിയവരുടെയും ആശങ്കയൊഴിഞ്ഞത്. രക്ഷാപ്രവർത്തകർ താഴേക്ക് എത്തിക്കുന്നതിനിടെ പകുതി വച്ചാണു ഗ്ലൈഡറിന്റെ കയറുകൾ പൊട്ടി ഇരുവരും താഴെ കരുതിയിരുന്ന വലയിലേക്കു പതിച്ചത്. വലയിൽ വീണയുടനെ ഓടിയെത്തിയ രക്ഷാപ്രവർത്തകരോടു പവിത്ര നന്ദി പറഞ്ഞു: ‘‘പേടിച്ചുപോയി, ജീവൻ തിരിച്ചുകിട്ടിയതു ഭാഗ്യം കൊണ്ടാണ്, നന്ദി’’. 

മിഷൻ ആശുപത്രിയിലെത്തിച്ചു സിടി സ്കാനിങ് ഉൾപ്പെടെ പരിശോധന നടത്തി. മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടറും വ്യക്തമാക്കി. എട്ടു വർഷമായി പാരാഗ്ലൈഡിങ് പൈലറ്റായി പ്രവർത്തിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിന്റെ ഓർമയിൽ പരിശീലനത്തിന്റെ ഭാഗമായി അപകടങ്ങൾ ഉണ്ടായതല്ലാതെ പറക്കലിൽ അപകടം ആദ്യമാണ്.

English Summary: Paragliding accident at Varkala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com