പദ്ധതികൾ പിൻവലിച്ചു, 63 കോടി രൂപ കുടുങ്ങി; നിർത്തലാക്കിയത് എസ്‌സി–എസ്ടി പെൺകുട്ടികൾക്കായുള്ള 2 പദ്ധതി
Mail This Article
കൊച്ചി∙ വ്യവസ്ഥകളിൽ നിന്ന് ഇൻഷുറൻസ് കമ്പനി പിൻവാങ്ങിയതോടെ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി സംസ്ഥാന സർക്കാർ തുടങ്ങിയ വാത്സല്യനിധി, ഗോത്രവാത്സല്യനിധി പദ്ധതികൾ നിലച്ചു. എസ്‌സി–എസ്ടി പെൺകുട്ടികളുടെ പേരിൽ സർക്കാർ നിക്ഷേപിച്ച 63 കോടിയോളം രൂപ ഇതോടെ എൽഐസിയിൽ കുടുങ്ങിക്കിടപ്പാണ്. പദ്ധതി തുടരാനും അടച്ച പണം തിരികെ ലഭിക്കാനും സാധിക്കാത്ത നിലയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാതാപിതാക്കളുടെ പെൺകുട്ടികൾക്കായി എസ്‌സി വിഭാഗത്തിൽ വാത്സല്യനിധിയെന്നും എസ്ടി വിഭാഗത്തിൽ ഗോത്ര വാത്സല്യനിധിയെന്നും പേരിട്ടായിരുന്നു 2017 ഏപ്രിൽ ഒന്നു മുതൽ പദ്ധതി തുടങ്ങിയത്. 4 ഗഡുക്കളായാണു പണം നിക്ഷേപിക്കേണ്ടത്. ജനിച്ച് 9 മാസത്തിനുള്ളിൽ 39,000 രൂപ ആദ്യഗഡുവായി നിക്ഷേപിക്കണം. 5 വയസ്സു പൂർത്തിയാകുമ്പോൾ 36,000 രൂപയും 5–ാം ക്ലാസിലെത്തുമ്പോൾ 33,000 രൂപയും 15 വയസ്സു പൂർത്തിയാകുമ്പോൾ 30,000 രൂപയും അടയ്ക്കണം. ഇതോടെ 1,38,000 രൂപ സർക്കാർ ഓരോ പെൺകുട്ടിക്കും നിക്ഷേപിക്കും.
14259 പെൺകുട്ടികളെ എസ്‌സി വിഭാഗത്തിലും 2088 പെൺകുട്ടികളെ എസ്ടി വിഭാഗത്തിലും പദ്ധതിയിൽ ചേർത്തു. 55.61 കോടി രൂപ എസ്‌സി വകുപ്പും 8.15 കോടി രൂപ എസ്ടി വകുപ്പും എൽഐസിക്കു കൈമാറി. മൊത്തം 63.76 കോടി രൂപയാണു 2021 ആകുമ്പോഴേക്കും സർക്കാർ ആദ്യഗഡുവായി എൽഐസിക്കു കൈമാറിയത്. പെൺകുട്ടിക്കു 18 വയസ്സ് പൂർത്തയാകുമ്പോൾ 3 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയിൽ കേന്ദ്രം നടപ്പാക്കുന്ന പിഎംജെജെബിവൈ (പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമ യോജന) പോളിസി പ്രകാരമുള്ള ഇൻഷുറൻസിനും അർഹതയുണ്ട്.
പെൺകുട്ടിയുടെ മാതാപിതാക്കൾക്കും രക്ഷകർത്താവിനും സാധാരണ മരണമോ അപകടമരണമോ സംഭവിച്ചാലും അംഗവൈകല്യം സംഭവിച്ചാലും ഒന്നു മുതൽ 4 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ. കൂടാതെ പെൺകുട്ടിക്കും സഹോദരങ്ങൾക്കും 9 മുതൽ പ്ലസ്ടു വരെ ഓരോ വർഷവും 1200 രൂപ വിദ്യാഭ്യാസ ആനുകൂല്യം നൽകാനും വ്യവസ്ഥയുണ്ട്. എന്നാൽ പിഎംജെജെബിവൈ പദ്ധതി, കേന്ദ്രം നിർത്തിയെന്നറിയിച്ച് എൽഐസി ഇൻഷുറൻസ് വ്യവസ്ഥയിൽ നിന്നു പിൻവാങ്ങി. ഇതാണു പദ്ധതി നിലയ്ക്കാനുള്ള കാരണം.
English Summary: SC ST scholarship issue