ADVERTISEMENT

കാഞ്ഞങ്ങാട്∙ അഭിഭാഷകനും നടനുമായ സി.ഷുക്കൂറും ഭാര്യ എംജി സർവകലാശാല മുൻ പ്രൊ വിസിയും കണ്ണൂർ സർവകലാശാലാ നിയമവിഭാഗം മേധാവിയുമായ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരായി. വനിതാദിനത്തിൽ മക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 1994 ഒക്ടോബറിൽ മതപരമായി വിവാഹിതരായ ഇരുവരും 28 വർഷത്തിനു ശേഷം ഇന്നലെ ഹൊസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും റജിസ്റ്റർ ചെയ്യുകയായിരുന്നു. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ അഭിഭാഷക വേഷത്തിലൂടെ പ്രശസ്തനായ ഷുക്കൂർ കാസർകോട് ജില്ലാ മുൻ പബ്ലിക് പ്രോസിക്യൂട്ടർ കൂടിയാണ്. 

 മാതാപിതാക്കളുടെ തീരുമാനത്തിൽ അഭിമാനിക്കുന്നുവെന്നു ഷീനയുടെയും ഷുക്കൂറിന്റെയും മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമത്ത് ജെബിൻ, ഫാത്തിമ ജെസ എന്നിവർ പറഞ്ഞു. 

ഏകസിവിൽ കോഡിനെ അനുകൂലിച്ചാണു വിവാഹമെന്ന പ്രചാരണം തെറ്റാണെന്നും ശരീഅത്ത് വിരുദ്ധനല്ല താനെന്നും ഷുക്കൂർ പറഞ്ഞു.  

ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട് നിയമഭേദഗതി ചെയ്ത് പരിഷ്കരിക്കണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. സമാന ചിന്താഗതിക്കാരുമായി ചേർന്നു12ന് കോഴിക്കോട് കൺവൻഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

മതപരമായി വിവാഹിതരായവരും പെൺമക്കൾ മാത്രമുള്ളവരുമായ മാതാപിതാക്കൾ മരണപ്പെട്ടാൽ അവരുടെ സ്വത്തിൽ ഒരു വിഹിതം പെൺമക്കൾക്കു പുറമേ മാതാപിതാക്കളുടെ സഹോദരങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന മുസ്‌ലിം പിന്തുടർച്ച നിയമത്തിലെ അപാകത ചൂണ്ടിക്കാണിക്കാനാണ് ഈ വിവാഹമെന്നു ഷുക്കൂറും ഷീനയും പറയുന്നു. 

ഷുക്കൂറിന്റെ രണ്ടാമത്തെ സഹോദരന്റെ ഭാര്യ ഷാക്കിറ മുനീർ അടക്കമുള്ളവരാണ് റജിസ്റ്ററിലെ സാക്ഷിക്കോളത്തിൽ ഒപ്പിട്ടത്. സഹോദരങ്ങൾ സ്വത്ത് കൈക്കലാക്കുമെന്ന ഭയമല്ല, മറിച്ച് പെൺകുട്ടികളോടുള്ള വിവേചനം സമൂഹത്തിനു മുന്നിൽ കൊണ്ടുവരികയാണു ലക്ഷ്യമെന്നു ഷീന ഷുക്കൂർ പറഞ്ഞു.

English Summary : Shukkur and Sheena remarriage after 28 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com