ADVERTISEMENT

കണ്ണൂർ∙ ശ്വാസംമുട്ടിക്കുന്ന ബ്രഹ്മപുരം കേരളത്തിനു ദുരന്തപാഠമാകുമ്പോഴും നിരോധിച്ച ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കേരളത്തിലേക്കൊഴുക്കി ഇതര സംസ്ഥാന ലോബികൾ. ഉപയോഗിച്ച ശേഷം ഉടൻ ഉപേക്ഷിക്കേണ്ടി വരുന്ന ഇത്തരം ഉൽപന്നങ്ങൾ 2020 ജനുവരിയിൽ നിരോധിച്ചതാണെങ്കിലും കേരളത്തിൽ എല്ലായിടത്തും ഇവ ഇപ്പോഴും സുലഭമാണ്. 

 കേരളത്തിൽ ഉൽപാദനം പോലും നിർത്തിയെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നു രഹസ്യമായി ഇവ കേരളത്തിലേക്ക് എത്തിക്കുകയാണ്. ഗുജറാത്ത്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണു മലയാളികളായ ഏജന്റുമാർവഴി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കേരളത്തിലെത്തിക്കുന്നത്. ബ്രഹ്മപുരത്ത് ഒരാഴ്ചയിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിൽ കൂടുതലും ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പ്ലാസ്റ്റിക് ഉൽപനങ്ങളാണെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

കൃത്യമായ നിരീക്ഷണ സംവിധാനമില്ലാത്തതും പരിശോധനയും പിഴയീടാക്കലും കാര്യക്ഷമമായി നടക്കാത്തതും ഇവർക്കു തുണയാകുകയാണ്. തുടർച്ചയായി മൂന്നാംതവണ നിരോധിത ഉൽപന്നങ്ങൾ കണ്ടെത്തിയാൽ 50000 രൂപ പിഴയും ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ. 

എന്നാൽ പലയിടത്തും ഇത്തരത്തിൽ പിഴയീടാക്കിയതിനെതിരെ ചില വ്യാപാരി സംഘടനകളുടെ പ്രതിഷേധം ശക്തമായപ്പോൾ പരിശോധനകളിൽ നിന്ന് അധികൃതർ പിന്നോട്ടുപോയി. ഇതും പ്ലാസ്റ്റിക് വിതരണ ലോബിക്ക് സഹായകമായി.

നിരോധനമേർപ്പെടുത്തിയ ശേഷം കേരളത്തിലെ കമ്പനികൾ ഇവ നിർമിച്ചിട്ടില്ലെന്നു കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. കാരിബാഗുകൾ മാത്രം നിർമിച്ചിരുന്ന ഒട്ടേറെക്കമ്പനികൾ പൂട്ടി. ഭൂരിഭാഗം കമ്പനികളും നഷ്ടം സഹിച്ചും മറ്റ് ഉൽപന്നങ്ങളിലേക്കു മാറുകയും ചെയ്തെന്ന് അസോസിയേഷൻ പറയുന്നു. കാരിബാഗ് ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ വീണ്ടും സുലഭമായതും പരിശോധന കുറഞ്ഞതും ബദൽ ഉൽപന്ന നിർമാണ യൂണിറ്റുകളെ പ്രതിസന്ധിയിലാക്കുകയാണ്. കണ്ണൂർ ജില്ലയിൽ 13 വൻകിട പേപ്പർ ബാഗ് നിർമാണ യൂണിറ്റുകളാണ് അടച്ചുപൂട്ടൽ വക്കിലാണെന്നു ചൂണ്ടിക്കാട്ടി കലക്ടർക്കു നിവേദനം നൽകിയത്. സംസ്ഥാനത്തെ ബദൽ ഉൽപന്ന വിപണിയിലാകെ ഡിമാൻഡ് കുത്തനെ കുറഞ്ഞതിനാൽ പ്രതിസന്ധിയുണ്ട്.

 

വരുന്നത് 20 മൈക്രോൺ കാരിബാഗുകൾ വരെ

 

120 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകൾക്കു വരെ (ഈ വർഷം അവസാനത്തോടെ ) കേന്ദ്രം നിരോധനമേർപ്പെടുത്തുമ്പോൾ 20 മൈക്രോൺ കാരിബാഗുകളാണ് കേരളത്തിൽ സുലഭമായി ലഭിക്കുന്നത്. 70 മൈക്രോണിനു വരെ നിലവിൽ നിരോധനമുണ്ട്. 

പുനരുപയോഗം സാധ്യമല്ലാത്തതിനാൽ നേരെ മാലിന്യക്കൂമ്പാരങ്ങളിലേക്കെത്തുന്നതും ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ്.

 

English Summary: Banned plastic available in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com