ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത മാസം ഒന്നു മുതൽ ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ സംസ്ഥാനത്തെ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്. സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപു തന്നെ റജിസ്ട്രേഷൻ വകുപ്പ് ഇക്കുറി റെക്കോർഡ് വരുമാനവും നേടി. ഇൗ സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ, ഫെബ്രുവരി ആയപ്പോൾത്തന്നെ വരുമാനം 4711.75 കോടി രൂപയിലെത്തി. ലക്ഷ്യമിട്ടതിനെക്കാൾ 187.51 കോടി രൂപയാണ് അധികം ലഭിച്ചത്. ഏപ്രിൽ 1 മുതൽ ഭൂമിയുടെ ന്യായവിലയിൽ 20% വർധനയാണു വരുന്നത്. റജിസ്ട്രേഷൻ ചെലവുകൾ വർധിക്കാൻ ഇതു കാരണമാകും.

കഴിഞ്ഞ വർഷത്തെക്കാൾ 279.87 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം റജിസ്ട്രേഷൻ വരുമാനം ലഭിച്ചത്: 1069 കോടി രൂപ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്: 629.96 കോടി രൂപ. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വരുമാനം 5,000 കോടി രൂപയിൽ എത്തിയേക്കും. 1986 ജനുവരി ഒന്നിനും 2017 മാർച്ച് 31നും ഇടയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങൾ വില കുറച്ചാണ് ഇടപാട് നടത്തിയതെങ്കിൽ കുടിശിക അടച്ച് മറ്റു നടപടികളിൽ നിന്ന് ഒഴിവാകുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇൗ മാസം 31ന് അവസാനിക്കും. ഇൗ ഇനത്തിൽ 50 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.

 

English Summary: Rush in registrar office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com