ADVERTISEMENT

കൊച്ചി ∙ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ പുറത്തുവരുന്നതു മനുഷ്യശരീരത്തിന് ആപത്തായ അങ്ങേയറ്റം വിഷകരമായ രാസപദാർഥങ്ങളാണ്. ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ ഏകദേശം 180 മൈക്രോഗ്രാം ഡയോക്സിൻ പുറത്തുവരും. ഒരു മാസം മനുഷ്യശരീരത്തിനു താങ്ങാൻ കഴിയുന്നതു ഒരു കിലോഗ്രാം ഭാരത്തിന് 0.00007 മൈക്രോഗ്രാം ഡയോക്സിൻ മാത്രമാണ്. അപ്പോൾ ബ്രഹ്മപുരത്തു കത്തിയ ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നുയർന്ന വിഷപ്പുകയിലൂടെ എത്രത്തോളം വിഷാംശങ്ങൾ നമ്മുടെ ശരീരത്തിൽ എത്തിയിരിക്കും. 

ഡയോക്സിൻ എന്തെല്ലാം

പോളിക്ലോറിനേറ്റഡ് ഡൈബെൻസോഡയോക്സിനുകൾ (പിസിഡിഡി), പോളിക്ലോറിനേറ്റഡ് ഡൈബെൻസോഫ്യുറാനുകൾ (പിസിഡിഎഫ്), പോളിക്ലോറിനേറ്റഡ് ബൈഫീനൽസ് (പിസിബി) തുടങ്ങിയവയാണു പ്രധാനമായും ഡയോക്സിൻ എന്ന ഗണത്തിൽ വരുന്നത്. പിസിഡിഡി, പിസിഡിഎഫ് എന്നീ രാസവസ്തുക്കൾ നാം ഉൽപാദിപ്പിക്കുകയോ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നില്ല. എന്നാൽ പ്ലാസ്റ്റിക് കത്തുമ്പോൾ ഇവ വൻതോതിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാറുണ്ട്. 

വായു, വെള്ളം, മണ്ണ് എന്നിവയിൽ ഈ രാസഘടകങ്ങൾ നശിക്കാതെ എത്രകാലം േവണമെങ്കിലും കിടക്കും. ഇവ ഭക്ഷിക്കുന്ന ജീവികൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയുടെ കൊഴുപ്പിൽ വിഷാംശം അടിഞ്ഞുകൂടും. വായുവിലൂടെയല്ല, ഭക്ഷണത്തിലൂടെയാണു കൂടുതലായും ഡയോക്സിൻ മനുഷ്യശരീരത്തിൽ എത്തുന്നത്. ഇറച്ചിയും മീനും കോഴിമുട്ടയും കഴിക്കുമ്പോൾ ഇതു ശരീരത്തിലെത്തും. 

പുകഞ്ഞാൽ വൻപ്രശ്നം

പ്ലാസ്റ്റിക് വസ്തുക്കൾ ചെറുചൂടിൽ ഉരുകുമ്പോഴാണു വൻതോതിൽ വിഷവസ്തുക്കൾ പുറത്തു വരുന്നത്. പ്ലാസ്റ്റിക് ചൂളകളിൽ കത്തിക്കാറുണ്ടെങ്കിലും (ഇൻസിനറേഷൻ) അപ്പോൾ താപനില 850 ഡിഗ്രി സെൽഷ്യസ് മുതൽ 1100 ഡിഗ്രി സെൽഷ്യസ് വരെയാണ്. അതോടൊപ്പം വിഷവാതകങ്ങളെ നിയന്ത്രിക്കാനുള്ള പ്രത്യേക ക്ലീനിങ് ഉപകരണങ്ങൾ കൂടി ചൂളകളിലുണ്ടാകും. വളരെ ഉയർന്ന താപനിലയിൽ പ്ലാസ്റ്റിക് വസ്തുക്കൾ ദഹിപ്പിച്ചാൽ മാത്രമേ ഇവ പുറംതള്ളുന്ന ഡയോക്സിൻ അളവ് കുറയ്ക്കാനാകൂ. അതായതു പുകയുമ്പോഴാണു കൂടുതൽ വിഷപദാർഥങ്ങൾ പുറത്തുവരുന്നത്. 

തീവ്രം, ഗുരുതരം

∙ ഹ്രസ്വകാലത്തേക്കുപോലും വിഷവായു ശ്വസിക്കുകയോ ശരീരത്തിലേൽ‌ക്കുകയോ ചെയ്താൽ നീറ്റലും ചുവന്ന പാടുകളുമുണ്ടാകും. കുട്ടികളിൽ ഇതു ഗുരുതരമായേക്കാം. 

∙ ഗർഭിണികളെയും ഗർഭസ്ഥശിശുവിനെയും നവജാതശിശുക്കളെയും പ്രതികൂലമായി ബാധിക്കും. 

∙ ഡയോക്സിൻ അർബുദകാരണമാകും. 

∙ ദീർഘകാലം പുകയുമായി സമ്പർക്കമുണ്ടായാൽ പ്രത്യുൽപാദനത്തെപോലും ബാധിക്കും. പുരുഷബീജത്തിന്റെ നിലവാരം കുറയ്ക്കും. 

∙ രോഗപ്രതിരോധശേഷി ദുർബലമാക്കും. 

∙ തൈറോയ്ഡ് ഹോർമോണുകളിലും കരൾ, ദന്ത വികാസത്തിലും മാറ്റമുണ്ടാക്കും. 

നിരീക്ഷണം അത്യാവശ്യം

അന്തരീക്ഷത്തിലുള്ള ഡയോക്സിൻ അളവു നിലവിൽ കാര്യമായി നിരീക്ഷിക്കുന്നില്ല. മലിനീകരണനിയന്ത്രണ ബോർഡിന്റെ വായു ഗുണനിലവാര സൂചികയിൽ (എയർ ക്വാളിറ്റി ഇൻഡക്സ്) പോലും പാർട്ടികുലേറ്റ് മാറ്റർ (2.5, 10), നൈട്രജൻ ഡയോക്സൈഡ്, അമോണിയ, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ മാത്രമാണു പൊതുവിൽ നിരീക്ഷിക്കുന്നത്. പിസിഡിഡി, പിസിഡിഎഫ്, പിസിബി എന്നിവ കൂടി നിരീക്ഷിച്ചാൽ മാത്രമേ ബ്രഹ്മപുരത്തെ പുക സൃഷ്ടിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ ബോധ്യപ്പെടുകയുള്ളൂ. 

(അവലംബം: ഡയോക്സിനും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്)

English Summary: Plastic smoke around Brahmapuram waste plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com