തിരുവനന്തപുരം ∙ പ്രതിപക്ഷം ഇല്ലാതെയും നിയമസഭ നടത്താമെന്ന മനോഭാവമായോ സർക്കാരിന്? അതോ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ഭയക്കുന്നോ? പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ ഭരണപക്ഷം പുലർത്തുന്ന നയത്തെക്കുറിച്ച് ഈ രണ്ടു ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. അതിന് കാരണങ്ങളും അവർ നിരത്തുന്നു.
∙ സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശമായി കരുതുന്ന ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടിസുകൾക്ക് ഈ സഭാ സമ്മേളനത്തിൽ 4 തവണ അവതരണാനുമതി നിഷേധിച്ചു.
∙ മാർച്ച് ഒന്നിന് കെഎസ്ആർടിസിയിലെ പ്രതിസന്ധിയും മാർച്ച് രണ്ടിന് ഐജിഎസ്ടി പിരിവിലെ പാകപ്പിഴകളും ചൂണ്ടിക്കാട്ടിയുള്ള 2 നോട്ടിസുകൾക്ക് തുടർച്ചയായി അവതരണാനുമതി നിഷേധിച്ചു. ഫെബ്രുവരി 28ന് അനുവദിച്ച ലൈഫ് മിഷൻ അടിയന്തര പ്രമേയ നോട്ടിസിൽ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനു പകരംവീട്ടലായി അതിനു ശേഷമുള്ള 2 നോട്ടിസുകൾ തള്ളിയതിനെ പ്രതിപക്ഷം വിലയിരുത്തുന്നു.
∙ ഇടവേളയ്ക്കുശേഷം വീണ്ടും സഭ ചേർന്നപ്പോൾ മിനിയാന്നും ഇന്നലെയും വീണ്ടും അടിയന്തര പ്രമേയ നോട്ടിസുകൾക്കു വിലക്ക്. ബ്രഹ്മപുരം സമരത്തിന്റെ ഭാഗമായി നടന്ന പൊലീസ് ലാത്തിച്ചാർജും സർക്കാരിനു കീഴിൽ സ്ത്രീ സുരക്ഷ പാളുന്നുവെന്ന ആക്ഷേപവുമാണ് പ്രതിപക്ഷം കൊണ്ടുവരാൻ ശ്രമിച്ചത്.
രണ്ടിലും മറുപടി പറയേണ്ടതു മുഖ്യമന്ത്രിയായിരുന്നു. നോട്ടിസ് സ്പീക്കർ അനുവദിക്കാഞ്ഞതോടെ മുഖ്യമന്ത്രിക്കു പ്രതികരിക്കേണ്ടി വന്നില്ല. സർക്കാരിനും ന്യായീകരണങ്ങൾ പറയാവുന്ന ഈ വിഷയങ്ങൾ ഉന്നയിക്കാൻ പോലും സമ്മതിക്കാത്തത് എന്തുകൊണ്ടെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയില്ല.
∙ ഇത്തരം തർക്കങ്ങളുടെ പേരിൽ സഭ പ്രക്ഷുബ്ധമാകുമ്പോൾ തൽക്കാലത്തേക്കു നിർത്തിവച്ച് ഭരണ–പ്രതിപക്ഷ നേതാക്കളെ ചേംബറിൽ വിളിച്ച് ഒത്തുതീർപ്പിനു സ്പീക്കർ ശ്രമിക്കുന്ന മുൻകാലരീതി ഈ സഭാ സമ്മേളനത്തിലുണ്ടായില്ല. പ്രതിപക്ഷത്തെ കേൾക്കാനില്ലെന്ന മനോഭാവമാണ് ഇതുവഴി സർക്കാർ വ്യക്തമാക്കിയത്
∙ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനും അവരെ കൂടുതൽ പ്രകോപിപ്പിക്കാനും ഭരണപക്ഷം നേരിട്ടു മുതിർന്നു. ലൈഫ് മിഷൻ കേസ് ഉന്നയിച്ചപ്പോഴത്തെ ഭരണപക്ഷ പോർവിളിക്കെതിരെ സ്പീക്കർക്കു തന്നെ ശബ്ദം ഉയർത്തേണ്ടി വന്നു.
English Summary : Kerala assembly analysis