ADVERTISEMENT

തിരുവനന്തപുരം∙ മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റ് പദ്ധതിയുടെ നോഡൽ വകുപ്പ് തദ്ദേശഭരണമാണെങ്കിലും പദ്ധതിയുടെ മുഴുവൻ ഏകോപനവും നടക്കുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്. നേരത്തേ ചീഫ് സെക്രട്ടറി ചെയർമാനും ഏഴു വകുപ്പു സെക്രട്ടറിമാർ അംഗങ്ങളും കെഎസ്ഐഡിസി എംഡി കൺവീനറുമായ സംസ്ഥാനതല ഉപദേശക സമിതിയാണു പദ്ധതി ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നത്. മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന പ്രധാന പദ്ധതികളുടെ കൂട്ടത്തിൽ ഇതുൾപ്പെടുത്തിയതോടെ സംസ്ഥാനതല ഉപദേശകസമിതിയുടെ പ്രവർത്തനം മരവിപ്പിച്ചു. സമിതി യോഗം ചേരുന്നതും നിലച്ചു.

മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതികൾക്കു തുടക്കം മുതൽ തദ്ദേശ വകുപ്പാണു നേതൃത്വം കൊടുത്തിരുന്നത്. കെഎസ്ഐഡിസി വഴി കമ്പനികളെ കണ്ടെത്തി പിപിപി മാതൃകയിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിക്കാൻ സർക്കാർ 2017 അവസാനം തീരുമാനമെടുത്തു. ഇതോടെ തദ്ദേശവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി. പിന്നീടു പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച സംസ്ഥാനതല ഉപദേശക സമിതിയിൽ തദ്ദേശ സെക്രട്ടറിയുമുണ്ടായിരുന്നു. ഇതിനുശേഷമാണു പദ്ധതിയുടെ പൂർണ നിയന്ത്രണം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായത്. 

കഴിഞ്ഞ ഒക്ടോബറിൽ പരിഷ്കരിച്ച പട്ടിക പ്രകാരം നാലു ബാച്ചുകളിലായി ആകെ 36 പദ്ധതികളാണു മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടു നിയന്ത്രിക്കുന്നത്. ഈ പട്ടികയിൽ രണ്ടാമത്തെ ബാച്ചിലെ ആറാമതു പദ്ധതിയായാണു വേസ്റ്റ് ടു എനർജി പ്ലാന്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ നിലയ്ക്ക്, വേസ്റ്റ് ടു എനർജി പ്ലാന്റുമായി ബന്ധപ്പെട്ടുള്ള കരാർ ഉൾപ്പെടെ മുഴുവൻ തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവിൽ പെട്ടതുമാണ്. സമയബന്ധിതമായി തീർക്കാൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തിയ പദ്ധതി നാലു വർഷമായിട്ടും തുടങ്ങാൻ പോലുമായില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനി ഉൾപ്പെട്ട കൺസോർഷ്യത്തിനു കരാർ നൽകിയതു വഴി വിവാദത്തിലാവുകയും ചെയ്തു.

English summary: Pinarayi Vijayan monitor waste to energy plant project

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com