സ്വർണം പവന് 44,240 രൂപ; ഇന്നലെ കൂടിയത് 1200 രൂപ

gold-shop (2)
പ്രതീകാത്മക ചിത്രം
SHARE

കണ്ണൂർ ∙ പവന് 1200 രൂപ കൂടിയതോടെ കേരളത്തിൽ സ്വർണവില 44,240 രൂപയായി; ഗ്രാമിന് 5380 രൂപ. സംസ്ഥാനത്ത് ഒരു ദിവസം ഒറ്റത്തവണയായി രേഖപ്പെടുത്തിയ ഏറ്റവും വലിയ വിലവർധനയാണിണ്.

കേരളത്തിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവന്റെ ആഭരണം വാങ്ങാൻ ഇപ്പോൾ 48,000 രൂപ നൽകണം. ഒരാഴ്ചകൊണ്ട് 3520 രൂപയാണു വർധിച്ചത്.

യുഎസ് ബാങ്കുകളുടെ തകർച്ച ആഗോള സാമ്പത്തികമാന്ദ്യ ഭീഷണി ശക്തമാക്കിയതോടെ നിക്ഷേപകർ താരതമ്യേന സുരക്ഷിതമായ സ്വർണത്തിലേക്കു ചുവടുമാറ്റുകയാണ്. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും കൂടുതൽ സ്വർണം വാങ്ങുന്നത് ഡിമാൻഡ് കൂട്ടുന്നു. 2008 ലെ ആഗോള സാമ്പത്തികപ്രതിസന്ധി വേളയിലേതുപോലുള്ള വിലക്കയറ്റമാണ് ഇപ്പോൾ സ്വർണത്തിന്.

കഴിഞ്ഞദിവസം യുഎസ് വിപണിയിൽ സ്വർണവില 66.7 ഡോളറാണു വർധിച്ചത്. ഇതോടെ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം സ്വർണം) വില 1988 ഡോളറായി. വിപണിയിലെ അനിശ്ചിതാവസ്ഥ തുടർന്നാൽ അടുത്ത വ്യാപാരദിനത്തിൽത്തന്നെ സ്വർണവില 2000 ഡോളർ കടന്നേക്കും. ദേശീയ ബുള്യൻ വിപണിയിലും വില റെക്കോർഡ് ഉയരത്തിലാണ്. ഫ്യൂച്ചർ വിപണിയിൽ 10 ഗ്രാമിന്റെ വില 59,420 രൂപയായി. വെള്ളിവിലയിലും വർധനയുണ്ട്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ അതിവേഗത്തിലുള്ള പലിശവർധനയെത്തുടർന്ന് കടപ്പത്രങ്ങൾ നഷ്ടത്തിലായതും അതുവഴി ബാങ്കുകൾ തകർച്ചയിലേക്കു നീങ്ങിയതും ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ചു. അതേസമയം, പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ പലിശ കാര്യമായി കുറയ്ക്കാനും കേന്ദ്ര ബാങ്കുകൾക്കു കഴിയില്ല. ഈ സാഹചര്യമാണ് 2008 ലേതുപോലുള്ള മാന്ദ്യം സംഭവിച്ചേക്കാമെന്ന സൂചന നൽകുന്നത്.

21ന് ഫെഡറൽ റിസർവ് പണനയ അവലോകനയോഗം ചേരുന്നുണ്ട്. ഇതിൽ ബാങ്കുകളുടെ രക്ഷയ്ക്കുള്ള പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സ്വർണവില ഇനിയും ഉയരാനാണു സാധ്യത.

English Summary: Gold price hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS