ഇഴഞ്ഞെത്തിയ പാമ്പ് മകളുടെ ജീവനെടുത്തു; ബിനോയിയുടെയും ലയയുടെയും പോരാട്ടത്തിൽ പൊന്തക്കാടുകൾ തെളിയുന്നു

HIGHLIGHTS
  • 3 വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിനു ഫലം
  • പരാതിക്കിടയാക്കുന്ന പൊന്തക്കാട് പഞ്ചായത്തുകൾ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി
avrin
ആവ്റിൻ
SHARE

തൃശൂർ ∙ മൂന്നാം വയസ്സിലായിരുന്നു ആവ്റിന്റെ മരണം. സമീപ പുരയിടത്തിലെ പൊന്തക്കാട്ടിൽനിന്ന് ഇഴഞ്ഞെത്തിയ പാമ്പിന്റെ കടിയേറ്റു മകളുടെ ജീവനറ്റപ്പോൾ രക്തയോട്ടം നിലച്ചത് അച്ഛൻ കെ.ഐ.ബിനോയിക്കും അമ്മ ലയ ജോസിനും കൂടിയായിരുന്നു. കാടു വെട്ടിത്തെളിക്കാൻ പഞ്ചായത്തിനു നൽകിയ പരാതിയിൽ ഫലമുണ്ടാകാതിരുന്നതിന്റെ വിലയായി മകളുടെ ജീവനാണ് ഇവർക്ക‍ു നൽകേണ്ടിവന്നത്. വിദേശത്തെ ജോലിക്കിടയിലും മകൾക്കുവേണ്ടി ഇവർ തുടർന്ന നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു. പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്നു വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകി.

മാള കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിൽ 2021 മാർച്ച് 24ന് ആണ് ആവ്റ‍ിനു പാമ്പുകടിയേറ്റത്. അതിനു 3 വർഷം മുൻപ് സമീപ പുരയിടത്തിലെ കാടു വെട്ടിത്തെളിക്കണമെന്നും ഇഴജന്തുശല്യം രൂക്ഷമാണെന്നും കാട്ടി ലയയുടെ അച്ഛൻ പി.ഡി.ജോസ് ഉൾപ്പെടെ പ്രദേശവാസികൾ പഞ്ചായത്തിനു പരാതി നൽകിയിരുന്നു. ഭൂവുടമയ്ക്കു നോട്ടിസ് നൽകിയതൊഴിച്ചാൽ പഞ്ചായത്ത് ഒന്നുംചെയ്തില്ല.

പാമ്പുകടിയേറ്റയുടൻ ആവ്‌റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.

മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതി നൽകി. ജോലി ഇറ്റലിയ‍ിലായതിനാൽ ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു കേസ് നടത്തിയത്. വനംവകുപ്പിനു നൽകിയ പരാതി ഇഴഞ്ഞിഴഞ്ഞ് ഒടുവിൽ സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷം! ഇതിനിടെ ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചു. ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.

English Summary: Kerala HC order to clear bushes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS