ADVERTISEMENT

ന്യൂഡൽഹി ∙ സായുധ പോരാട്ടം നടത്താനും 2047 ൽ രാജ്യത്ത് ഇസ്‍ലാമിക ഭരണം സ്ഥാപിക്കാനും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടതായി ഒ.എം.എ.സലാം ഉൾപ്പെടെ 19 പേർക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആരോപിച്ചു.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരമുള്ള വകുപ്പുകൾ ഇവർക്കു മേൽ ചുമത്തി. ഇതിൽ സലാം ഉൾപ്പെടെ 12 പേർ സംഘടനയുടെ ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്. 

സംഘടനയുമായി ബന്ധപ്പെട്ട് എൻഐഎ സമർപ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്. 59 പേർ പ്രതിപ്പട്ടികയിലുള്ള നാലാമത്തെ കുറ്റപത്രം കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. 

സായുധ പോരാട്ടം ലക്ഷ്യമിട്ട് സ്വന്തം സേന രൂപീകരിക്കാൻ സംഘടന ശ്രമിച്ചു. ഇതിനായി മുസ്‍ലിം യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധ പരിശീലനം നൽകി. എതിരാളികളെ വകവരുത്താൻ പ്രത്യേക സംഘത്തിനു രൂപം നൽകി. രാഷ്ട്രീയ, സാമൂഹിക സംഘടനയെന്ന മറവിൽ പ്രവർത്തിച്ച പോപ്പുലർ ഫ്രണ്ടിന്റെ യഥാർഥ ലക്ഷ്യം രാജ്യത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കി. 

സലാമിനു പുറമേ ഇ.എം.അബ്ദുൽ റഹ്മാൻ, അനിസ് അഹമ്മദ്, അഫ്സർ പാഷ, വി.പി.നാസറുദ്ദീൻ, ഇ.അബൂബക്കർ, പി.കോയ, മുഹമ്മദ് അലി ജിന്ന, അബ്ദുൽ വാഹിദ് സേഠ്, എ.എസ്.ഇസ്മായിൽ, മുഹമ്മദ് യൂസഫ്, മുഹമ്മദ് ബഷീർ, കെ.പി.ഷഫീർ, കെ.പി.ജസീർ, ഷാഹിദ് നാസിർ, വസീം അഹമ്മദ്, മുഹമ്മദ് ഷാകിഫ്, മുഹമ്മദ് ഫാറൂഖ് റഹ്മാൻ, യാസർ അറാഫത്ത് എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. 

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെയും പോപ്പുലർ ഫ്രണ്ടിന്റെയും പേരിലുള്ള 77 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കേരളമടക്കം 9 സംസ്ഥാനങ്ങളിലായാണ് അക്കൗണ്ടുകളുള്ളത്.

 

English Summary: NIA chargesheet against PFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com