കോൺഗ്രസ് പുനഃസംഘടന: പട്ടിക പരിശോധിക്കാൻ സ്ക്രീനിങ് കമ്മിറ്റി

Congress-logo.jpg.image.845.440
SHARE

തിരുവനന്തപുരം∙ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് പുനഃസംഘടനാ പട്ടികയ്ക്ക് അന്തിമ രൂപം നൽകാനായി കെപിസിസി ഭാരവാഹികൾ അടങ്ങുന്ന സംസ്ഥാനതല സ്ക്രീനിങ് കമ്മിറ്റിയെ നിയോഗിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. 6–8 പേർ ഉള്ളതാകും സമിതി. ഇതിൽ ഉൾപ്പെടുത്തേണ്ടവരെ സംബന്ധിച്ച നിർദേശം നൽകാൻ എ–ഐ വിഭാഗങ്ങളോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. എന്നാൽ ഗ്രൂപ്പ് പ്രതിനിധി എന്ന ചിത്രം പുറത്തു വരരുതെന്നും ചൂണ്ടിക്കാട്ടി.

എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുൻകൈ എടുത്തു നടത്തിയ കൂടിയാലോചനകളിലാണ് സ്ക്രീനിങ് കമ്മിറ്റിയെ നിയോഗിക്കാൻ ധാരണയായത്. കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ എന്നീ ഉന്നത നേതാക്കളുടെ കോർ കമ്മിറ്റി എന്ന ആശയമായിരുന്നു ഗ്രൂപ്പുകളുടേത്. പുനഃസംഘടന സംബന്ധിച്ച അവസാനവാക്ക് ഈ സമിതിയുടേത് ആയിരിക്കണമെന്ന നിലപാടും അവർ എടുത്തു.

എന്നാൽ പാർട്ടിയെ സംബന്ധിച്ചു സംസ്ഥാനത്തെ അവസാന തീരുമാനം എടുക്കേണ്ടതു പിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ആയതിനാൽ തങ്ങളുടെ അധികാരം പങ്കുവയ്ക്കുന്ന നാലംഗ സമിതി രൂപീകരണത്തോടു സതീശനും സുധാകരനും വിയോജിച്ചു. ഇതേത്തുടർന്നാണ് രണ്ടാം നിര നേതൃത്വത്തിന്റെ ഭാഗമായ കെപിസിസി ഭാരവാഹികളെ ഉൾപ്പെടുത്തി രൂപീകരിക്കാൻ തീരുമാനിച്ചത്. ജില്ലകളിൽ നിന്നു ലഭിക്കുന്ന ജംബോ പട്ടിക ക്രോഡീകരിക്കുക എന്ന ഭാരിച്ച ജോലിക്കു വേണ്ടിവരുന്ന സമയം 4 ഉന്നത നേതാക്കൾക്ക് കണ്ടെത്തുക എളുപ്പമല്ലെന്നും ഇതാണു പ്രായോഗികമെന്നും ഇരു വിഭാഗങ്ങളോടും സുധാകരൻ വിശദീകരിക്കുകയും ചെയ്തു. ഈ സമിതി പട്ടിക ക്രോഡീകരിച്ച ശേഷം അന്തിമമാക്കും മുൻപായി ചെന്നിത്തല, ഹസൻ, കെ.മുരളീധരൻ എന്നീ നേതാക്കളുമായി കൂടി സുധാകരനും സതീശനും ചർച്ച നടത്തും.

നേതൃത്വത്തിന്റെ ഈ നിർദേശം സംബന്ധിച്ചു ഗ്രൂപ്പുകൾ തീരുമാനം എടുത്തിട്ടില്ല. എന്നാൽ പുനഃസംഘടനയോട് പൂർണമായി മുഖം തിരിച്ചു നിൽക്കുന്നു എന്ന ചിത്രം പുറത്തു വരാനും ആഗ്രഹിക്കുന്നില്ല. സ്ക്രീനിങ് കമ്മിറ്റി വരാതെ ജില്ലാ തല സമിതിക്ക് പട്ടിക നൽകേണ്ടെന്ന തീരുമാനമാണ് നിലവിൽ എയും ഐയും എടുത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സമിതി വന്നേക്കും. ഈ മാസം 30ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എത്തുന്നുണ്ട്. അദ്ദേഹം വന്നു പോയ ശേഷമേ പുനഃസംഘടനാ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്കു കടക്കാൻ ഇടയുള്ളൂ. 

English Summary: Screening committee for KPCC revampation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS