സഭയിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം; ഭരണ–പ്രതിപക്ഷ സംഘർഷം ഒത്തുതീർക്കാനുള്ള സാധ്യത മങ്ങി

HIGHLIGHTS
  • അടിയന്തര പ്രമേയം, എംഎൽഎമാരുടെ കേസ് എന്നിവയിൽ പ്രതിസന്ധി
kerala-assembly-protest
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം ∙ ഉന്നയിച്ച രണ്ട് ആവശ്യങ്ങളിൽ സ്പീക്കറോ സർക്കാരോ വ്യക്തമായ ഉറപ്പു നൽകാത്ത സാഹചര്യത്തിൽ സഭയിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം. ഇതോടെ ഭരണ–പ്രതിപക്ഷ സംഘർഷം ഒത്തുതീർക്കാനുള്ള സാധ്യത മങ്ങി. അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശം ഹനിക്കാതിരിക്കുക, രണ്ടു വനിതകൾ അടക്കം 7 എംഎൽഎമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നു രാവിലെ ചേർന്ന യുഡിഎഫ് നിയമസഭാ കക്ഷി യോഗവും സഭ പിരിഞ്ഞ ശേഷം ചേർന്ന  യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗവും തീരുമാനിച്ചു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭാ ടിവിയിൽനിന്ന് ഒഴിവാക്കുന്ന രീതി  പുനഃപരിശോധിക്കുമെന്നു സ്പീക്കർ അറിയിച്ചതും ഷാഫി പറമ്പിലിനെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിച്ചതും പ്രതിപക്ഷം സ്വാഗതം ചെയ്തു. പക്ഷേ മറ്റു രണ്ടു കാര്യങ്ങളിൽ സർക്കാർ നേരിട്ട് ഉറപ്പു നൽകണമെന്നാണ് അവരുടെ ആവശ്യം. സ്പീക്കറുടെ റൂളിങ്ങിൽ ഈ രണ്ടു വിഷയങ്ങൾ സംബന്ധിച്ചു പരാമർശം ഉണ്ടെങ്കിലും  ഉറപ്പായി വിലയിരുത്താൻ കഴിയുന്നില്ലെന്നു പ്രതിപക്ഷ നേതൃയോഗം വിലയിരുത്തി. 

സ്പീക്കറല്ല, സർക്കാരാണ് ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കേണ്ടത്. അതിനാൽ സഭ സുഗമമായി മുന്നോട്ടു പോകണമെങ്കിൽ മുഖ്യമന്ത്രി തന്നെ ഇതിനു മുൻകയ്യെടുക്കണമെന്നാണു പ്രതിപക്ഷ ആവശ്യം.

കഴിഞ്ഞ ദിവസം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവിനെ കണ്ടതു വഴി  തുടങ്ങിവച്ച അനുരഞ്ജന നീക്കം മുന്നോട്ടു പോയിട്ടില്ല. തങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള  ചർച്ചകൾക്കു സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചു നിയമസഭയുടെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. 

ധനബിൽ ഗവർണർ അംഗീകരിച്ചു സഭയിൽ അവതരിപ്പിക്കാവുന്ന തരത്തിൽ തയാറായിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ധനാഭ്യർഥന ചർച്ചകൾ പാസാക്കുന്നതു കൂടാതെ ധനവിനിയോഗ ബില്ലും ധനകാര്യ ബില്ലുമാണു ബജറ്റുമായി ബന്ധപ്പെട്ടു സർക്കാരിന് ഈ സമ്മേളനത്തിൽ പാസാക്കാനുളളത്. പ്രതിപക്ഷ പ്രതിഷേധം തുടർന്നാൽ ഇവ തിരക്കിട്ട് അവതരിപ്പിച്ച് അജൻഡ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തേക്കു പിരിയാനുള്ള സാധ്യത ഏറെയാണ്.

English Summary: Oppositon to continue protest in kerala assembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA