ADVERTISEMENT

കൊച്ചി ∙ വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വേണ്ടിയുള്ള ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇയിലെ റെഡ് ക്രസന്റ്  നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപയുടെ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ ഒന്നാം പ്രതിയും നിർമാണ കരാർ നേടിയ യൂണിടാക് കമ്പനിയുടെ ഉടമയുമായ കുന്നംകുളം സ്വദേശി സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റ് നൽകിയ തുക നിർമാണം തുടങ്ങുന്നതിനു മുൻപുതന്നെ ബാങ്കിൽ നിന്നു പിൻവലിച്ചു ഡോളറാക്കി യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അടക്കമുള്ളവർക്കും കോഴയായി നൽകിയെന്നാണു സന്തോഷ് ഈപ്പനെതിരായ കേസ്. കേന്ദ്രസർക്കാരിനെ അറിയിക്കാതെ ചട്ടവിരുദ്ധമായി വിദേശസംഭാവന സ്വീകരിച്ചതിനു സിബിഐ റജിസ്റ്റർ ചെയ്ത കേസിലും സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയാണ്. 

കോഴയുടെ ഭാഗമായി സന്തോഷ് ഈപ്പൻ ഒരു ലക്ഷം രൂപയിൽ അധികം വിലയുള്ള നാലു ഫോണുകൾ വാങ്ങി സ്വപ്നയ്ക്കു നൽകിയിരുന്നു. ഇതിൽ ഒരു ഫോണാണു ശിവശങ്കറിന്റെ പക്കൽ കസ്റ്റംസ് കണ്ടെത്തിയത്. ഇതിനു പുറമേ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ഒരുമിച്ചു തുറന്ന ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയും സന്തോഷ് ഈപ്പൻ കോഴയായി നൽകിയതാണെന്നാണ് ഇഡിയുടെ നിഗമനം. സന്തോഷ് ഈപ്പനെ ഇന്നു പ്രത്യേക കോടതിയിൽ ഹാജരാക്കും.

English Summary: Santhosh Eapen arrested by ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com