വൈകിയെത്തിയ സ്ഥാനാർഥി, പൊടിപാറിയ പോരാട്ടം; പ്രതിജ്ഞയിൽ പിഴച്ചു, പിഴയിട്ടത് 2500 രൂപ

a-raja-and-s-rajendran-10
എ.രാജ, എസ്.രാജേന്ദ്രൻ
SHARE

തൊടുപുഴ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കൊപ്പം ദേവികുളത്തെ സ്ഥാനാർഥിയെ സിപിഎം പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് എ.രാജയെ പ്രഖ്യാപിച്ചതു വൈകിയാണെങ്കിലും പ്രചാരണത്തിൽ അതു മറികടന്നു. മൂന്നാറിലെ തോട്ടം മേഖലയിൽ 3 പതിറ്റാണ്ടു നീണ്ട പ്രവർത്തനപരിചയത്തിന്റെ ബലത്തിൽ മത്സരത്തിനിറങ്ങിയ കോൺഗ്രസിന്റെ ഡി.കുമാറിനെതിരെ രാജ 7848 വോട്ടിന്റെ മികച്ച വിജയം നേടി. എന്നാൽ വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കിയാണു രാജ മത്സരിച്ചതെന്ന ആരോപണം ഹൈക്കോടതി ശരിവയ്ക്കുന്നതോടെ സിപിഎമ്മിനുണ്ടായ ജാഗ്രതക്കുറവും ചർച്ചയാകുകയാണ്. 

കരുതലോടെ രാജേന്ദ്രൻ

മൂന്നാർ ∙ എ.രാജയെ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്നു സിപിഎമ്മിൽനിന്ന് ഒരു വർഷത്തേക്കു സസ്പെൻഷനിലായ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഹൈക്കോടതി വിധിയോടു കരുതലോടെയാണു പ്രതികരിച്ചത്. ഇത്തരമൊരു വിധി പ്രതീക്ഷിച്ചില്ലെന്നും  ജാതി സംബന്ധിച്ചു സംശയമുണ്ടായിരുന്നെങ്കിൽ പാർട്ടി സ്ഥാനാർഥിത്വം നൽകുമായിരുന്നുവെന്നു കരുതുന്നില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

3 തവണ എംഎൽഎയായ രാജേന്ദ്രൻ, ഒരുതവണ കൂടി പാർട്ടി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു. പ്രചാരണത്തിൽ സജീവമാകാതെയും ചരടുവലി നടത്തിയും രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന വിലയിരുത്തലിലാണ് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സ‌സ്പെൻഷൻ കാലാവധി ജനുവരിയിൽ കഴിഞ്ഞെങ്കിലും തിരിച്ചുവരവിനോടു ജില്ലാ നേതൃത്വത്തിന് അനുകൂലനിലപാടല്ല.

പ്രതിജ്ഞയിൽ പിഴച്ചു; പിഴയിട്ടത് 2500 രൂപ

തിരുവനന്തപുരം ∙ പിഴയടച്ചാണു ദേവികുളം എംഎൽഎ എ.രാജയുടെ നിയമസഭാ പ്രവേശം. നിയമസഭാംഗമായി ചെയ്ത സത്യപ്രതിജ്ഞ പൂർണമാകാത്തതിന്റെ പേരിലാണ്, സത്യപ്രതിജ്ഞ ചെയ്യാതെ സഭയിലിരുന്നതിനു രാജ പിഴയൊടുക്കേണ്ടിവന്നത്. പുതിയ പ്രതിജ്ഞ ചൊല്ലേണ്ടിയും വന്നു.

തമിഴിലാണു രാജ പ്രതിജ്ഞയെടുത്തത്. അവസാനം പരാമർശിക്കേണ്ടിയിരുന്ന ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ എന്നിവയിൽ ഏതെങ്കിലും വാക്കിനു തുല്യമായ തമിഴ് വാക്ക് പറയാൻ രാജ വിട്ടുപോയി. നിയമവകുപ്പു തയാറാക്കിയ സത്യപ്രതിജ്ഞാവാചകത്തിൽ ഈ ഭാഗം ഒഴിച്ചിട്ടാണു രാജയ്ക്കു നൽകിയത്. തുല്യമായ തമിഴ്പദം ചേർത്തു രാജ പൂരിപ്പിക്കുമെന്ന് അവർ കരുതി. രാജയാകട്ടെ കയ്യിൽകിട്ടിയത് അതേപടി വായിച്ചു.

English Summary: A. Raja contest in Devikulam assembly constituency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS