ADVERTISEMENT

തിരുവനന്തപുരം ∙ ബജറ്റ് സമ്മേളനത്തിനായി ചേർന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ഭരണ–പ്രതിപക്ഷ തർക്കത്തിൽ അലസിപ്പിരിഞ്ഞതു ബജറ്റിനു പുറത്തുള്ള വിഷയങ്ങളിൽ. ബജറ്റിലെ ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി നിർദേശങ്ങൾക്കെതിരെ സഭയ്ക്കകത്തും പുറത്തും സമരത്തിനു തുടക്കമിട്ട പ്രതിപക്ഷം 21 ദിവസത്തെ സമ്മേളനം കഴിഞ്ഞപ്പോൾ സഭയിലെ സ്വന്തം അവകാശങ്ങൾക്കു വേണ്ടി പോരാടേണ്ട സ്ഥിതിയിലെത്തി. കയ്യാങ്കളിയും അക്രമവുമുൾപ്പെടെ പല അനിഷ്ട സംഭവങ്ങളുമുണ്ടായിട്ടുള്ള കേരള നിയമസഭയിൽ അതിനൊപ്പം നിൽക്കുന്ന സംഭവങ്ങളുടെ പേരിലാകും ഈ ബജറ്റ് സമ്മേളനം അറിയപ്പെടുക. 

സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിനു സ്പീക്കർ എ.എൻ.ഷംസീറിനോടു താൽപര്യമായിരുന്നു. സമ്മേളനം അവസാനിച്ചപ്പോഴേക്കും ആ ആനുകൂല്യം നൽകാനാവാത്ത അകൽച്ചയായി. 

ബജറ്റിലെ നികുതി നിർദേശങ്ങൾ പ്രതിപക്ഷത്തിനു സമരത്തിനുള്ള മികച്ച ഇന്ധനമായിരുന്നു. രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളെയാകെ ബാധിച്ച നികുതി വർധനയ്ക്കെതിരെയുള്ള സമരത്തിനു ജനപിന്തുണയും ലഭിച്ചു. സഭാകവാടത്തിൽ യുവ എംഎൽഎമാരുടെ സത്യഗ്രഹവുമായി നിയമസഭയെ പ്രതിഷേധത്തിന്റെ പ്രധാന വേദിയാക്കി മാറ്റുന്നതിലും പ്രതിപക്ഷം വിജയിച്ചു. 

ഒരിടവേളയ്ക്കു ശേഷം സഭ സമ്മേളിച്ചപ്പോൾ വിഷയങ്ങൾ മാറിമറിയുന്നതാണു കണ്ടത്. ലൈഫ് മിഷൻ വിഷയത്തിൽ മാത്യു കുഴൽനാടൻ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിൽ മുഖ്യമന്ത്രി പ്രകോപിതനായതായിരുന്നു തുടക്കം. അടിയന്തര പ്രമേയ നോട്ടിസുകൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന തിരിച്ചറിവു സർക്കാരിനുണ്ടായതോടെ ഇതു സ്പീക്കർക്കു മേലുള്ള സമ്മർദമായി. സ്പീക്കർ പദവിയിൽ തുടക്കക്കാരനും പാർട്ടിയിൽ താരതമ്യേന ജൂനിയറുമായ ഷംസീറിനു സർക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങൾക്കു വഴങ്ങേണ്ടി വന്നതോടെ അടിയന്തര പ്രമേയ നോട്ടിസുകൾ തുടർച്ചയായി നിരസിക്കപ്പെട്ടു. 

ബജറ്റിന്റെ പേരിൽ സർക്കാരിനെ ആക്രമിച്ചിരുന്ന പ്രതിപക്ഷം സ്പീക്കർക്കെതിരെ തിരിയുന്നതാണു പിന്നെ കണ്ടത്. ബജറ്റിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രം ഒരു പരിധിവരെ വിജയിച്ചു. മറുവശത്ത്, ചോദ്യങ്ങളിലും അടിയന്തര പ്രമേയ ചർച്ചകളിലും മുഖ്യമന്ത്രി എഴുന്നേറ്റു മറുപടി പറയേണ്ട സാഹചര്യവും ഒഴിവായി. 

പ്രതിപക്ഷത്തെ സംബന്ധിച്ചു സഭയിലെ അവരുടെ അവകാശം, എംഎൽഎമാർക്കെതിരെയെടുത്ത ജാമ്യമില്ലാക്കേസ് എന്നീ വിഷയങ്ങൾ തീർപ്പാകേണ്ടതുണ്ട്. ആദ്യത്തതു സഭയിൽതന്നെ തീരുമാനിക്കേണ്ടതായതിനാൽ അടുത്ത സമ്മേളനം വരെ കാത്തിരിക്കണം. കേസിന്റെ കാര്യത്തിൽ നിയമപരമായ വഴി നിശ്ചയമായും തേടും. എന്നാൽ സഭയിലുയർന്ന ഈ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ എത്ര കണ്ടു ചർച്ചയാക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഇക്കാര്യത്തിൽ അവരുടെ രാഷ്ട്രീയ വിജയം. ബജറ്റിലെ നികുതി നിർദേശങ്ങൾ ഒരാഴ്ചയ്ക്കുശേഷം നടപ്പാക്കാനിരിക്കുകയാണ്. ഈ ജനകീയ പ്രശ്നങ്ങൾ വഴിയിലുപേക്ഷിച്ചുവെന്ന പഴി കേൾക്കാതിരിക്കുകയും വേണം.

English Summary : Budget conference 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com