ADVERTISEMENT

തിരുവനന്തപുരം ∙ കെട്ടിട നികുതി (പ്രോപ്പർട്ടി ടാക്സ്) ഓരോ വർഷവും 5 ശതമാനം വീതം വർധിപ്പിച്ചും നികുതി അടയ്ക്കാതിരുന്നാൽ ചുമത്തുന്ന പിഴത്തുക ഒരു ശതമാനത്തിൽ നിന്ന്  2 ശതമാനമാക്കിയും ധനബിൽ.  2 രൂപ ഇന്ധന സെസ്, മദ്യ സെസ് തുടങ്ങി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച വർധനയെല്ലാം ഇൗയാഴ്ച നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലി‍ൽ ഉൾപ്പെടുത്തി. പൂട്ടിക്കിടക്കുന്ന വീടുകൾക്ക് അധിക നികുതി ഇൗടാക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഒഴിവാക്കുമെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ ധനബില്ലിൽ ഇൗ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ല. 

വിൽപന നടന്ന ഭൂമി 3 മാസത്തിനുള്ളിൽ‌ വീണ്ടും വിൽക്കുകയാണെങ്കിൽ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നൽകണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കി. 3 മാസത്തിനും 6 മാസത്തിനും ഇടയ്ക്കു വിറ്റാൽ ഒന്നര ഇരട്ടി സ്റ്റാംപ് ഡ്യൂട്ടി നൽകണമെന്നതും നീക്കി. പകരം  മറ്റെല്ലാ ഇടപാടുകൾക്കുമെന്ന പോലെ 8% സ്റ്റാംപ് ഡ്യൂട്ടി നൽകിയാൽ മതിയാകും. ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി വർധിപ്പിച്ചു കഴിഞ്ഞയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 

കെട്ടിട നികുതി ഒരോ 5 വർഷം കൂടുമ്പോഴും പുനർനിർണയിക്കും. ഓരോ വർഷവും തലേ വർഷത്തെ നികുതിക്കു മേലാണ് 5% വർധന വരുത്തുക. കെട്ടിടത്തിനു മേൽക്കൂരയുണ്ടെങ്കിൽ ആ ഭാഗത്തെ പരിശോധനയ്ക്കു ശേഷം നികുതിയിൽ നിന്ന് ഒഴിവാക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്യാം. കെട്ടിട നികുതി തറ വിസ്തീർണത്തിന്റെയോ ഭൂമി ന്യായവിലയുടെയോ അടിസ്ഥാനത്തിൽ നിശ്ചയിക്കാമെന്നും ബില്ലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതനുസരിച്ചു ഭാവിയിൽ കെട്ടിട നികുതി നിർണയ രീതിയിൽ മാറ്റം കൊണ്ടുവരാൻ സർക്കാരിനാകും. 

സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങളെയും വായനശാലകളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  എന്നാൽ സർക്കാർ, എയ്ഡഡ് അല്ലാതെയുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇവയ്ക്കു കീഴിലെ ഹോസ്റ്റൽ കെട്ടിടങ്ങൾക്കും നൽകിയിരുന്ന ഇളവ് എടുത്തു കളഞ്ഞു.  30 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ കുടുംബത്തിന് ഇപ്പോൾ കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടിന്റെ ഏതു വിഭാഗത്തിൽപ്പെട്ട ഉടമയ്ക്കും ഇനി ഇൗ ഇളവു ലഭിക്കുമെന്നു ധനബില്ലിലുണ്ട്. ഏപ്രിൽ‌ 1 മുതലാണ് ഇൗ മാറ്റങ്ങൾ നടപ്പാകുക.

English Summary : Building tax fine hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com