ADVERTISEMENT

കൊച്ചി ∙ വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ രാഷ്ട്രീയ നേതാക്കൾക്കും പങ്കാളിത്തമുണ്ടെന്ന് ആദായനികുതി വകുപ്പിന്റെ (ഐടി) കണ്ടെത്തൽ. ഫാരിസ് നടത്തിയ 94 റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വിദേശത്തു നിന്നു വൻതോതിൽ കള്ളപ്പണം നിക്ഷേപം നടത്തിയതായുള്ള സൂചനയെത്തുടർന്ന് കൊച്ചി, കൊയിലാണ്ടി, ചെന്നൈ, ബെംഗളൂരു, മുംബൈ, തൃശൂർ എന്നിവിടങ്ങളിലെ ഫാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഐടി വകുപ്പ് റെയ്ഡ് നടത്തി. ഫാരിസ് ലണ്ടനിലാണെന്നു ജീവനക്കാരും ബന്ധുക്കളും അറിയിച്ചതിനെ തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആദായനികുതി വകുപ്പിന്റെ ചെന്നൈ ഓഫിസിൽ നേരിട്ടു ഹാജരാകാനുള്ള നോട്ടിസ് നൽകി. 

ആദായനികുതി വകുപ്പിന്റെ ചെന്നൈ, കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് ഇന്നലെ ഒരേസമയം റെയ്ഡ് നടത്തിയത്. കൊയിലാണ്ടി നന്തിയിലെ മമത എന്ന കുടുംബവീട്ടിൽ ഫാരിസിന്റെ മാതാവാണു താമസിക്കുന്നത്. ഏതാനും മാസം മുൻപു ഫാരിസിന്റെ പിതാവു മരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ എത്തിയിരുന്നു. തൃശൂരിലെ  ടൗൺഷിപ്പിലും ബെംഗളൂരുവിലെ അവരുടെ ഓഫിസിലുമാണ് പരിശോധന നടന്നത്.   

കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡൽഹി, ലക്ഷദ്വീപ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആദായ നികുതിവകുപ്പു വിവരങ്ങൾ ശേഖരിച്ചത്. വല്ലാർപാടം കണ്ടെയ്നർ റോഡിന്റെ മാസ്റ്റർ പ്ലാൻ തയാറാകും മുൻപു മുളവുകാടിനു സമീപം ഫാരിസിന്റെ കമ്പനി 15 ഏക്കറിലധികം കണ്ടൽക്കാടും പൊക്കാളിപ്പാടവും നികത്തിയതിന്റെ രേഖകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്നർ ടെർമിനൽ റോഡ് ഈ 15 ഏക്കർ ഭൂമിയുടെ സമീപത്തു കൂടെ കൊണ്ടുപോകാൻ റോഡിന്റെ ദിശയിൽ മാറ്റംവരുത്തി ദേശീയപാത അതോറിറ്റിക്ക് അധികച്ചെലവുണ്ടാക്കിയതായും കണ്ടെത്തി. ഈ ഇടപാടിൽ കേരളത്തിന് അകത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കൾക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. 

faris-aboobaker

കേരളത്തിന്റെ പലഭാഗങ്ങളിലും തണ്ണീർത്തട, വനസംരക്ഷണ, തീരദേശ നിയമങ്ങൾ ലംഘിച്ചു 2000 മുതൽ ഫാരിസ് അബൂബക്കറിന്റെ കമ്പനികൾ സ്വരുക്കൂട്ടിയ വൻ ഭൂമി നിക്ഷേപത്തിൽ (ലാൻഡ് ബാങ്ക്) രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണമുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. 5 വർഷത്തിനിടയിൽ ലക്ഷദ്വീപ് കേന്ദ്രീകരിച്ചു ഫാരിസ് നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനികളിലേക്കു സമീപകാലത്ത് ഉറവിടം വെളിപ്പെടുത്താതെ എത്തിയ 100 കോടി രൂപയുടെ നിക്ഷേപവുമാണ് അന്വേഷണം വേഗത്തിലാക്കാൻ കാരണം. 

ഉടമകളുടെ മൊഴി എടുക്കും

മുളവുകാടിനു പുറമേ ചേരാനല്ലൂർ, വളന്തകാട്, എരമല്ലൂർ എന്നിവിടങ്ങളിൽ ഫാരിസ് സ്വന്തമാക്കിയ ഭൂമികളുടെ ഇപ്പോഴത്തെ ഉടമകളെ കണ്ടെത്തി മൊഴിയെടുക്കാൻ കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നീക്കമുണ്ട്. ഇതിനായി അടുത്തദിവസങ്ങളിൽ നോട്ടിസ് നൽകും. ഒരു ചലച്ചിത്രപ്രവർത്തകന്റെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരിൽ തണ്ണീർത്തടം നികത്തി കരഭൂമിയുടെ നികുതി പഞ്ചായത്തിൽ അടച്ചത് വിവാദവും വാർത്തയുമായപ്പോഴാണു ചലച്ചിത്ര പ്രവർത്തകൻ വിവരം അറിഞ്ഞത്. ഇത്തരം വേറെയും സംഭവങ്ങളുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലും അന്വേഷണനീക്കമുണ്ട്. 

English Summary: Income Tax Raid Faris Abubaker's Houses and Offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com