തിരുവനന്തപുരം ∙ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം പരിഗണിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ചോദ്യോത്തരവേള പൂർത്തിയാകുംമുൻപു തന്നെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നടപടിയിലേക്കു സ്പീക്കർ എ.എൻ.ഷംസീർ കടന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച വിഷയത്തിലായിരുന്നു കെ.കെ.രമയുടെ അടിയന്തരപ്രമേയ നോട്ടിസ്.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നതാണ് കഴിഞ്ഞ ബുധനാഴ്ച സഭ സംഘർഷഭരിതമാകാൻ കാരണമായത്. വീണ്ടും സമാന വിഷയം നോട്ടിസായി വരുമ്പോൾ എന്തു സമീപനം സ്വീകരിക്കണമെന്നതിൽ ഭരണപക്ഷത്ത് അവ്യക്തതയുണ്ടായിരുന്നു.
നോട്ടിസ് അനുവദിച്ചാൽ അടിയന്തര പ്രമേയം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു സർക്കാർ വഴങ്ങിയെന്ന പ്രതീതിയുണ്ടാകും. നോട്ടിസ് തള്ളിയാൽ, വിഷയം സ്ത്രീസുരക്ഷയായതിനാൽ സർക്കാരിനെതിരെ ആക്രമണം കടുപ്പിക്കാൻ പ്രതിപക്ഷത്തിനു പുതിയ ആയുധമാകും. ഈ വിഷമസന്ധി കൂടി സർക്കാർ മുന്നിൽ കണ്ടു.
സഭ 30 വരെ തുടരുമ്പോൾ പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹവും അതുവരെ തുടരുമായിരുന്നു. ഇതുവഴി പ്രതിപക്ഷത്തിനു ലഭിച്ചേക്കാവുന്ന മേൽക്കയ്യും സമ്മേളനം വെട്ടിച്ചുരുക്കാൻ ഭരണപക്ഷത്തെ പ്രേരിപ്പിച്ച ഘടകമാണ്. പ്രശ്നം തീർക്കാൻ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കു വേദിയൊരുക്കാമെന്നാണു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ കണ്ട മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചത്. എന്നാൽ, ഒത്തുതീർപ്പുണ്ടാക്കി പ്രതിപക്ഷത്തിനു വഴങ്ങുന്നതിനു പകരം, സഭ പിരിയുകയാണു നല്ലതെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു.
English Summary: Kerala assembly adjourned sine die amid opposition protest