തിരുവനന്തപുരം ∙ നിയമസഭയുടെ നടുത്തളത്തിൽ 5 പ്രതിപക്ഷ എംഎൽഎമാർ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയതോടെ, സർക്കാർ മിന്നൽവേഗത്തിൽ ബില്ലുകൾ പാസാക്കി സമ്മേളനം അവസാനിപ്പിച്ചു. ഒന്നര മണിക്കൂറിൽ 6 ബില്ലുകൾ പാസാക്കി. 30 വരെയുള്ള സമ്മേളനമാണ് പ്രതിപക്ഷ പ്രതിഷേധം മറികടക്കാൻ വെട്ടിച്ചുരുക്കിയത്. സാമ്പത്തിക വർഷം തുടങ്ങുന്നതിനുമുൻപു തന്നെ സമ്പൂർണ ബജറ്റ് പാസാക്കാൻ കഴിഞ്ഞത് സർക്കാരിനു നേട്ടമായി.
ചോദ്യോത്തരവേളയിൽ സ്പീക്കറുടെ ഡയസിനു മുന്നിൽ പ്ലക്കാർഡ് ഉയർത്തിയുള്ള പതിവു പ്രതിഷേധം ഉപേക്ഷിച്ചാണ് പ്രതിപക്ഷത്തുനിന്ന് അൻവർ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്തീൻ, ഉമ തോമസ്, എ.കെ.എം.അഷ്റഫ് എന്നിവർ നടുത്തളത്തിൽ സത്യഗ്രഹമിരുന്നത്. ബില്ലുകളെല്ലാം പാസാക്കി സഭ പിരിയാമെന്നു ഭരണപക്ഷവും കണക്കുകൂട്ടി. ഏപ്രിൽ മുതൽ പുതിയ നികുതി നിർദേശങ്ങൾ നടപ്പാക്കണമെന്നതിനാൽ ധനബിൽ പാസാക്കിയെടുക്കുകയായിരുന്നു മുഖ്യ അജൻഡ. ധന വിനിയോഗ ബിൽ, പൊതുജനാരോഗ്യ ബിൽ, അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള പഞ്ചായത്തീരാജ് / മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ, സ്വകാര്യവന ഭേദഗതി ബിൽ എന്നിവയും പാസാക്കി.
സഭ പിരിഞ്ഞതിനാൽ ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ്, ദേവികുളം എംഎൽഎ എ.രാജയെ അയോഗ്യനാക്കിയുള്ള കോടതിവിധി, സിപിഎമ്മുമായി അടുപ്പമുള്ള വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ് തുടങ്ങിയവ പ്രതിപക്ഷത്തിന് ആയുധമാക്കാവുന്ന സാഹചര്യം ഒഴിവാക്കാനും സർക്കാരിനു കഴിഞ്ഞു.
ഒരു മണിക്കൂർ ചോദ്യോത്തരവേള 54 മിനിറ്റ് തടസ്സമില്ലാതെ നടന്ന ശേഷമാണ് ബാക്കി ഭാഗം റദ്ദാക്കി, സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നടപടിയിലേക്കു സ്പീക്കർ കടന്നത്. ചോദ്യോത്തരവേള പൂർത്തിയാക്കിയിരുന്നെങ്കിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കുകയോ തള്ളുകയോ ചെയ്യണമായിരുന്നു.
English Summary: Opposition MLAs strike at Kerala Assembly