ADVERTISEMENT

തിരുവനന്തപുരം ∙ ദേവികുളം തിരഞ്ഞെടുപ്പു റദ്ദാക്കിക്കൊണ്ടുളള ഹൈക്കോടതി വിധി സിപിഎം പ്രതീക്ഷിച്ചതല്ല. ഇന്നലെ വിധി വരുമെന്നു പാർട്ടിയോ എംഎൽഎ എ.രാജ പോലുമോ അറിഞ്ഞിരുന്നില്ല. കേസ് ഇന്നലെ തീർപ്പാക്കുമെന്ന കാര്യം അഭിഭാഷകൻ അറിയിച്ചില്ലെന്നാണു പാർട്ടിയെ രാജ ധരിപ്പിച്ചത്. കേസിന്റെ കാര്യത്തിൽ വീഴ്ചയുണ്ടായി എന്നാണു പാർട്ടിയുടെ അനുമാനം. അതുകൊണ്ട് സുപ്രീംകോടതിയിലെ പോരാട്ടം പാർട്ടി നേരിട്ട് ഏറ്റെടുക്കുകയാണ്. പ്രഗത്ഭ അഭിഭാഷകരുടെ സേവനം തേടും. 

നിയമസഭാ സമ്മേളനം ചേരുന്ന സമയത്തു  ഭരണപക്ഷത്തിനുണ്ടായ ആഘാതത്തിൽ കോൺഗ്രസും യുഡിഎഫും ആഹ്ലാദത്തിലാണ്. പട്ടികജാതിക്കാരനല്ലാത്ത രാജ ആ വിഭാഗത്തിൽ പെട്ട ആളായി വ്യാജരേഖ ചമച്ചെന്നു ഹൈക്കോടതി വിധിയിലൂടെ വ്യക്തമായതിനാൽ ആ പഴി സിപിഎമ്മിന്റെ മേൽ ചാരാനാണു അവരുടെ നീക്കം. ദലിത് വിഭാഗങ്ങളോട് സിപിഎം കാട്ടിയ വഞ്ചനയായി ഇതു പ്രചരിപ്പിക്കും. ഹൈക്കോടതി റദ്ദാക്കിയ എംഎൽഎ സ്ഥാനം സുപ്രീംകോടതി വിധിയിലൂടെ പലപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടതാണു സിപിഎമ്മിനു പ്രതീക്ഷ പകരുന്നത്. 

രാജ പത്രിക സമർപ്പിച്ചപ്പോൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി അതു തള്ളിക്കളയണമെന്നു യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ പരാതി നൽകിയതാണ്. റിട്ടേണിങ് ഓഫിസർ വഴങ്ങിയില്ല. ജയിച്ചാലും കേസിലേക്കു പോകുമെന്നു തോന്നിയ പാർട്ടി, രാജ മാമോദീസ മുങ്ങിയത് അടക്കമുള്ള രേഖകൾ നശിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. 

ഒറ്റയാൾ പോരാട്ടം തുടർന്ന കുമാർ ആരോപണം ശരിയാണെന്നു സമർഥിക്കാനുള്ള രേഖകൾ സംഘടിപ്പിച്ചു. ഇക്കാര്യത്തിൽ സ്വന്തം പാളയത്തിലുള്ള ചിലരുടെ  പിന്തുണ കുമാറിനു ലഭിച്ചോ എന്ന സംശയവും സിപിഎമ്മിനുണ്ട്. മുൻ എംഎൽഎ എസ്.രാജേന്ദ്രൻ തന്നെയാണ് സംശയമുനയിൽ. വിധി വന്നപാടെ നിയമസഭ വിട്ട രാജ എം.എം.മണിയുമായി സംസാരിച്ച ശേഷമാണു വിശദാംശങ്ങൾ ശേഖരിക്കാനായി കൊച്ചിക്കു തിരിച്ചത്.

1950 നു മുൻപ് മൂന്നാറിൽ വന്നവർക്കു മാത്രമേ സംവരണത്തിന് അർഹതയുള്ളുവെന്നാണു കോടതിയുടെ കണ്ടെത്തൽ. എന്റെ മാതാപിതാക്കൾ ഇതിനു മുൻപുതന്നെ മൂന്നാറിൽ ജീവിച്ചു വന്നവരാണ്. തിരഞ്ഞെടുപ്പു സമയത്തും കോടതിയിലും സമർപ്പിച്ച ജാതി സംബന്ധമായ എല്ലാ രേഖകളും സത്യമാണ്. ഇവ പരിശോധിക്കാതെ എതിർവിഭാഗം വാക്കാൽ ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ചാണ് വിധി

സമാന കേസിൽ ഹൈക്കോടതി വിധി എതിരായിട്ടും സുപ്രീംകോടതിയിൽനിന്നു കൊടിക്കുന്നിൽ സുരേഷിന് അനുകൂല വിധി ലഭിച്ചിട്ടുള്ള കാര്യമാണു സിപിഎം ചൂണ്ടിക്കാട്ടുന്നത്. ജാതി സംബന്ധമായ കാര്യങ്ങളിൽ സർക്കാരിന്റെ ആധികാരിക ഏജൻസിയായ കിർത്താഡ്സിന്റെ രേഖ കൊടിക്കുന്നിലിനു പ്രയോജനം ചെയ്തെന്നു പറയുന്നവരുണ്ട്. രാജയുടെ കാര്യത്തിൽ കിർത്താഡ്സുമായി ബന്ധപ്പെട്ടു വിശദാംശങ്ങൾ എടുക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

സ്റ്റേ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും സുപ്രീം കോടതി അതിനു തയാറായില്ലങ്കിൽ തൃക്കാക്കരയ്ക്കു ശേഷമുള്ള ഉപ തിരഞ്ഞെടുപ്പിനാകും ദേവികുളം വേദിയാകുന്നത്. സമീപ കാലത്തു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന്  ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അയോഗ്യനായതോടെ വേഗത്തിലാണ് അവിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ബിജെപിയുടെ രാഷ്ട്രീയലാക്കാണ് ഇതിനു പിന്നിലെന്നു കേരളത്തിലെ സിപിഎമ്മും അപലപിച്ചിരുന്നു. സുപ്രീംകോടതിയെ തിരക്കിട്ട് സമീപിക്കുന്നതിനു പിന്നിൽ ഇത്തരം ആശങ്ക കൂടിയുണ്ട്.

English Summary: Unexpected verdict in Devikulam assembly constituency for CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com