ADVERTISEMENT

തൃശൂർ ∙ ആരോഗ്യമേഖലയിൽ ഇ– ഗവേണൻ‌സ് സേവനം നൽകുന്നതിന് ആരോഗ്യവകുപ്പു രൂപം നൽകിയ വെബ് പോർട്ടൽ ‘ഇ ഹെൽത്ത് കേരള’ പകുതി സ്ഥാപനങ്ങളിലും നടപ്പായില്ല. ഒപി ടിക്കറ്റെടുക്കുന്നതിനും മരുന്നു വാങ്ങാനും പരിശോധനാഫലങ്ങൾ ലഭിക്കാനുമൊക്കെ ക്യൂ ഒഴിവാക്കാൻ ഏർപ്പെടുത്തിയതാണീ സംവിധാനം. സംസ്ഥാനത്ത് 1300 ആരോഗ്യ സ്ഥാപനങ്ങളിൽ 570 എണ്ണത്തിൽ മാത്രമേ ഇ ഹെൽത്ത് സേവനങ്ങൾ ലഭിക്കുന്നുള്ളൂ. ഇതിൽ 14 മെഡിക്കൽ കോളജുകൾ, 434 കുടുംബാരോഗ്യകേന്ദ്രങ്ങൾ, 17 ജില്ലാ ആശുപത്രികൾ, 2 പൊതു ലാബുകൾ, 29 പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, 73 താലൂക്ക് ആശുപത്രികൾ എന്നിവ ഉൾപ്പെടും.തിരുവനന്തപുരത്താണ് ‘ഇ ഹെൽത്ത്’ ശൃംഖല ഏറ്റവും കൂടുതലുള്ളത്. 

മിക്ക ജില്ലകളിലും പ്രധാന ആശുപത്രികളെക്കാൾ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഇ ഹെൽത്ത് സേവനം കാര്യക്ഷമമാണെങ്കിലും ഒപി ടിക്കറ്റിനായി സൈറ്റിനെ ആശ്രയിക്കുന്നവർ വിരളമാണ്. ഈ സംവിധാനത്തെപ്പറ്റി പലരും അറിഞ്ഞിട്ടില്ല. 

കേരള ജനസംഖ്യയുടെ 90 ശതമാനത്തിലേറെപ്പേർ (3,21,09,120 പേർ) ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു വെബ്സൈറ്റ് അവകാശപ്പെടുന്നു. എന്നാൽ 33,98,519 പേർ (10.58%) മാത്രമാണു പെർമനന്റ് യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ ഐഡി എടുത്തിട്ടുള്ളത്. ദിവസേന ഓൺലൈൻ ഒപി സംവിധാനം ഉപയോഗിക്കുന്നത് ആയിരത്തിൽ താഴെ പേർ മാത്രമാണ്. 

ഇ–ഹെൽത്ത് സംവിധാനം ഇങ്ങനെ: 

സൈറ്റിൽ ലോഗിൻ ചെയ്തശേഷം ആധാർ നമ്പർ സമർപ്പിച്ചാൽ മൊബൈൽ നമ്പറിലേക്കു (റജിസ്റ്റർ ചെയ്ത) ഒടിപി വരും. ഒടിപി സമർപ്പിച്ചാൽ 16 അക്ക പഴ്സനൽ ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ ഇ ഹെൽത്ത് കേരള സേവനങ്ങൾക്ക് ഉപയോഗിക്കാം. സംസ്ഥാനത്തെ ഏത് ആശുപത്രിയിലെയും ഒപി ടിക്കറ്റ് വീട്ടിലിരുന്നു ബുക്ക് ചെയ്യാൻ സാധിക്കും. ഒപി ടിക്കറ്റ് മാത്രമല്ല ലാബ് പരിശോധനാ ഫലങ്ങളും മൊബൈലിൽ ലഭിക്കും.

English Summary: e health kerala project not implement in half of the offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com