തിരുവനന്തപുരം∙ കഴിഞ്ഞ ആറുമാസത്തെ കണക്കിൽ ഓരോ മാസവും ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്കു നഷ്ടമായതു ശരാശരി 10 കോടി രൂപ വീതം. നാഷനൽ ക്രൈം സൈബർ ക്രൈം പോർട്ടൽ, സംസ്ഥാനത്തെ സൈബർ സെൽ സ്റ്റേഷനുകൾ എന്നിവയിൽ ലഭിച്ച പരാതികളിൽ നിന്നുള്ള കണക്കാണിത്. തട്ടിപ്പിനിരയായ വിവരം അറിയിക്കാത്തവരും ധാരാളമുണ്ടെന്നു പൊലീസ് പറയുന്നു.
ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ പണം നഷ്ടപ്പെടാതിരിക്കാൻ കേന്ദ്രസർക്കാർ തുടങ്ങിയ ഹെൽപ് ലൈൻ നമ്പറായ 1930 ലേക്കു വന്ന പരാതികളുടെ കണക്കെടുത്താൽ ദിവസവും ശരാശരി 20 ലക്ഷം രൂപയുടെ തട്ടിപ്പാണു കേരളത്തിൽ നടക്കുന്നത്. സൈബർ സ്റ്റേഷനുകളിലെ നേരിട്ടു കിട്ടുന്ന പരാതികളിൽ ദിവസവും ശരാശരി 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പു വേറെ.
1930 നമ്പറിൽ പരാതിപ്പെട്ടാലേ ബാങ്കുകൾ ഇടപെട്ടു പണം നഷ്ടപ്പെടാതെ ഇടപാടു മരവിപ്പിക്കാൻ കഴിയൂ. 1930ൽ പരാതി നൽകിയാൽ നഷ്ടപ്പെട്ട പണം ഉപഭോക്താവിനു തിരികെ നൽകാൻ ബാങ്കുകൾക്ക് ഉത്തരവാദിത്തവുമുണ്ട്.
കേരളത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരകളേറെയും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലുള്ളവരാണ്. 1930 നമ്പറിൽ ദിവസം ശരാശരി 40 പരാതികൾ കിട്ടാറുണ്ട്. ലോൺ ആപ്പുകൾ, യുപിഐ ഐഡി, ഗൂഗിൾ പേ എന്നിവ വഴിയൊക്കെ തട്ടിപ്പു നടക്കുന്നുണ്ട്.
വാഹനം വിൽക്കാനോ വീടു വാടകയ്ക്കു കൊടുക്കാനോ ഓൺലൈൻ സൈറ്റുകളിൽ പരസ്യം കൊടുക്കുന്നവരെ സൈനിക യൂണിഫോം ധരിച്ചു വിഡിയോ കോൾ വിളിച്ചു സംസാരിച്ചു ഗൂഗിൾ പേ വഴി പണം തട്ടുന്ന രീതിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെൻഷൻ പണം വരുന്ന ബാങ്ക് അക്കൗണ്ട് പുതുക്കണമെന്നാവശ്യപ്പെട്ടു മെസേജ് നൽകിയും തട്ടിപ്പുണ്ട്.
English Summary: 10 crores per month loss in Kerala due to online fraud