ADVERTISEMENT

തിരുവനന്തപുരം ∙ ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധിക്കും. നിരക്കു പിന്നീടു നിശ്ചയിക്കും. പല സംസ്ഥാനങ്ങളിലും കെട്ടിട നിർമാണ പെർമിറ്റിനുള്ള കുറഞ്ഞ ഫീസ് കേരളത്തിൽ നിലവിലുള്ളതിന്റെ പലമടങ്ങ് കൂടുതലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു വർധനയെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

ഏപ്രിൽ 1 മുതൽ വരുന്ന മാറ്റങ്ങൾ:

∙ നഗരസഭകളിൽ വീടുകൾ ഉൾപ്പെടെ ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂർണമായി ഒഴിവാക്കും.

∙ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കു വസ്തു നികുതിയില്ല.

∙ കോർപറേഷനുകളിലും നഗരസഭകളിലും 300 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് അപേക്ഷിച്ചാലുടൻ നിർമാണ പെർമിറ്റ് ലഭിക്കും.

∙ അനധികൃത നിർമാണം കണ്ടെത്തിയാൽ മൂന്നിരട്ടി നികുതി; 1500 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങളെ ഒഴിവാക്കും

 

കെട്ടിട നിർമാണ പെർമിറ്റ്: ഉടമയുടെ സത്യവാങ്മൂലം മതി; വിവരം തെറ്റെങ്കിൽ പിഴ, പൊളിക്കൽ

തിരുവനന്തപുരം ∙ പഞ്ചായത്തുകളിൽ ഏകദേശം 150 ചതുരശ്ര മീറ്റർ (ഏകദേശം 1600 ചതുരശ്ര അടി) വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കു നിലവിൽ ചതുരശ്രമീറ്ററിനു 3.5 രൂപയാണു പെർമിറ്റ് ഫീസ്. അതിനു മുകളിലുള്ളവയ്ക്ക് 7 രൂപയും. നഗരസഭകളിൽ ഇതു യഥാക്രമം 5 രൂപയും 10 രൂപയുമാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കു ചതുരശ്ര മീറ്ററിനു 15 രൂപയാണു പെർമിറ്റ് ഫീസ്. ഇതോടൊപ്പം 5 ശതമാനം സേവന നികുതിയുമുണ്ട്. ഈ ഫീസ് ഘടനയാണ് ഏപ്രിൽ ഒന്നു മുതൽ വർധിപ്പിക്കുക.

 

പെർമിറ്റ് നടപടികൾ ലഘ‍ൂകരിക്കും

നിലവിൽ കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കി, പൂർണ ഉത്തരവാദിത്തം കെട്ടിട ഉടമയ്ക്കും എംപാനൽഡ് ഏജൻസിക്കും നൽകിയാണു പെർമിറ്റ് നടപടി ലഘൂകരിക്കുന്നത്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഏപ്രിൽ 1 മുതൽ 300 ചതുരശ്ര മീറ്റർ (ഏകദേശം 3200 ചതുരശ്ര അടി) വരെയുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷിച്ചാൽ അന്നു തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും.

തീരദേശ പരിപാലന നിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലയിലല്ല നിർമിക്കുന്നതെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായി പാലിക്കുന്നുണ്ടെന്നുമുള്ള കെട്ടിട ഉടമയുടെ സത്യവാങ്മൂലം നൽകണം. ഒപ്പം പ്ലാൻ തയാറാക്കുകയും സൂപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന ലൈസൻസിയുടെയോ എംപാനൽഡ് എൻജിനീയറുടെയോ സത്യവാങ്മൂലവും നൽകണം. അപേക്ഷയിലെ വിവരങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ പിഴ ഈടാക്കുകയും ഉടമയുടെ ചെലവിൽ കെട്ടിടം പൊളിക്കുകയും ചെയ്യും. എംപാനൽഡ് ഏജൻസിയുടെ ലൈസൻസും റദ്ദാകും. അടുത്ത ഘട്ടത്തിൽ പഞ്ചായത്തിലും ഈ സംവിധാനം വ്യാപിപ്പിക്കും. പെർമിറ്റിനു തദ്ദേശ സ്ഥാപനത്തിലെ എൻജിനീയർമാർ സ്ഥല പരിശോധന നടത്തുന്ന പതിവ് ഇല്ലാതാകും. കെട്ടിട നിർമാണ ചട്ടങ്ങൾ സംബന്ധിച്ചു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ബോധവൽക്കരണം നൽകും.

 

10 ദ്രവ മാലിന്യ പ്ലാന്റുകൾ മേയ് 31 നു മുൻപ്

സംസ്ഥാനത്തു നിർമാണം പുരോഗമിക്കുന്ന മുപ്പതോളം ദ്രവ മാലിന്യ പ്ലാന്റുകളിൽ പത്തെണ്ണം മേയ് 31 നു മുൻപു പൂർത്തിയാകും. കൊച്ചി എളംകുളം, ബ്രഹ്മപുരം, വെല്ലിങ്ടൺ ഐലന്റ്, കൊല്ലം കുരീപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജ് (2 എണ്ണം), കണ്ണൂർ പടന്നപ്പാലം, ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ, തൃശൂ‍ർ മാടക്കത്തറ, മൂന്നാർ എന്നിവ.

 

അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം

2017 ജൂലൈ‍ 31 ന് മുൻപ് നിർമാണം ആരംഭിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ അപേക്ഷ ക്ഷണിച്ചതു പോലെ 2019 നവംബർ 7 നു മുൻപു നിർമാണം ആരംഭിച്ച അനധികൃത കെട്ടിടങ്ങളും ക്രമവൽക്കരിക്കാൻ പുതിയ വ്യവസ്ഥകളോടെ ചട്ടം പുറപ്പെടുവിക്കും. ഇതിനായി നിയമ ഭേദഗതി നിലവിൽ വന്നിട്ടുണ്ട്. ചട്ടം പുറപ്പെടുവിക്കുന്നതോടെ പൊതുജനങ്ങൾക്ക് അപേക്ഷ നൽകാം.

തദ്ദേശ സ്ഥാപനങ്ങൾക്ക് റേറ്റിങ്

തിരുവനന്തപുരം ∙ സേവനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച ജനങ്ങളുടെ വിലയിരുത്തൽ, മാലിന്യ സംസ്കരണത്തിലെ നേട്ടം, അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം, ഫയൽ തീർപ്പാക്കലിലെ വേഗം, തനത് വിഭവ സമാഹരണത്തിലെ പുരോഗതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങൾക്കു റേറ്റിങ് ഏർപ്പെടുത്തുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ഫീൽഡ് തലത്തിൽ ഇടപെടുന്ന ജീവനക്കാർക്കും റേറ്റിങ് വേണമെന്ന നിർദേശവും പരിഗണനയിലാണ്.

 

മറ്റു തീരുമാനങ്ങൾ:

∙ തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ പ്രവൃത്തികളിൽ ഗുണനിലവാര നിരീക്ഷണ സംവിധാനം.

∙ തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ വഴി മാത്രം. ഏപ്രിൽ 30 നു മുൻപു സ്ഥലംമാറ്റം. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമിടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റും.

∙ സേവനങ്ങളെയും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം.

∙ നഗരസഭകളിലും കോർപറേഷനുകളിലും സേവനം ഓൺലൈനായി ലഭ്യമാക്കാൻ കെ–സ്മാർട് പ്ലാറ്റ്ഫോം.

∙ പഞ്ചായത്ത് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസിനോടു ചേർന്ന് പൊതുജന സേവന കേന്ദ്രങ്ങൾ.

∙ മാലിന്യം വലിച്ചെറിയുന്നതു തടയാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിക്കും.

∙ നവകേരളത്തിന് അനുയോജ്യമായ നഗരനയം രൂപീകരിക്കാൻ അർബൻ കമ്മിഷനെ നിയമിക്കും.

 

English Summary: Building permit fee hike Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com